Quantcast

ബ്ലൂടൂത്ത്, റൈഡ് മോഡ്, 67 കിലോ മീറ്റർ ഇന്ധനക്ഷമത; വരവ് രാജകീയമാക്കി റൈഡർ 125

പൂർണമായും ഡിജിറ്റലായ ഇൻസ്ട്രുമെന്റ് കൺസോളാണ് റൈഡർ 125 നെ മറ്റു 125 ബൈക്കുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

MediaOne Logo

Web Desk

  • Published:

    18 Sep 2021 3:56 PM GMT

ബ്ലൂടൂത്ത്, റൈഡ് മോഡ്, 67 കിലോ മീറ്റർ ഇന്ധനക്ഷമത; വരവ് രാജകീയമാക്കി റൈഡർ 125
X

മോപ്പെഡ് അഥവാ എക്‌സ് എൽ ഹെവി ഡ്യൂട്ടി സ്‌കൂട്ടറുകൾ അവതരിപ്പിച്ച് സാധാരണക്കാരന്റെ ഹൃദയത്തിനൊപ്പം ചേർന്നു നിൽക്കുന്ന ബ്രാൻഡാണ് ടിവിഎസ്. അതിനിടയിൽ അപ്പാച്ചെ 200 4 വിയും ആർആർ 310 ഉം പുറത്തിറക്കി വലിയ ഫീച്ചറുകൾക്ക് വലിയ വില നൽകേണ്ട എന്നും അവർ നമ്മുക്ക് പറഞ്ഞു തന്നു. 300 സിസിക്ക് മുകളിൽ വാഹനങ്ങളുണ്ടെങ്കിലും 125 സിസിയിൽ ടിവിഎസിന് വലിയ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല. അതിന് പരിഹാരമെന്നോണം ടിവിഎസ് പുറത്തിറക്കിയ വാഹനമാണ് റൈഡർ 125. കമ്യൂട്ടർ മോട്ടോർ ബൈക്കുകളുടെ വിപണി തങ്ങളുടെ ഡിസൈൻ മികവ് കൊണ്ട് കീഴടക്കാൻ ശ്രമിക്കുകയാണ് കമ്പനി.

ഡിസൈൻ

സ്‌പോർട്ടി ലുക്കാണ് വാഹനത്തിന് ടിവിഎസ് നൽകിയിരിക്കുന്നത്. ഫങ്കി ഹെഡ്‌ലൈറ്റും, മസ്‌കുലാർ ടാങ്കും, ഷാർപ്പായ ബെല്ലി പാനും സ്പ്ലിറ്റ് സീറ്റുകളുമാണ് വാഹനത്തിൽ എടുത്തുപറയേണ്ട ഡിസൈൻ മികവ്. മറ്റുബൈക്കുകളിൽ ഇതുവരെ കാണാത്ത രീതിയിലുള്ള എൽഇഡി ഡിഡൈനോട് കൂടിയാണ് റൈഡർ കാഴ്ചക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.

എഞ്ചിൻ, ഗിയർ ബോക്‌സ്

124.8 സിസി എഞ്ചിനാണ് റൈഡറിന്റെ ഹൃദയം. 3 വാൽവ് എയർ കൂൾഡായ ഈ എഞ്ചിൻ 7,500 ആർപിഎമ്മിൽ മാക്‌സിമം പവറായ 11.4 ബിഎച്ച്പി പവറും 11.2 എൻഎം ടോർക്ക് 6,000 ആർപിഎമ്മിലും നൽകുന്നു. എഫ്‌ഐ സാങ്കേതികവിദ്യയോട് കൂടിയ എഞ്ചിന് 5 സ്പീഡ് ഗിയർബോക്‌സ് നൽകാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ധനവില ദിനംപ്രതി പുതിയ ഉയരങ്ങൾ തേടുന്ന സാഹചര്യത്തിൽ 67 കെഎംപിഎല്ലാണ് റൈഡർ വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

സസ്‌പെൻഷൻ, ബ്രേക്ക്

മുന്നിൽ ടെലിസ്‌കോപ്പിക്ക് ഫോർക്കും പിന്നിൽ മോണോഷോക്കുമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. പിറകിലെ മോണോഷോക്ക് സസ്‌പെൻഷൻ 5 സ്റ്റെപ്പ് അഡ്ജസ്റ്റ്‌മെന്റും ലഭ്യമാണ്. മുന്നിൽ 240 എംഎം ഡിസ്‌ക് ബ്രേക്കും പിറകിൽ 130 എംഎം ഡ്രം ബ്രേക്കുമാണ് നൽകിയിരിക്കുന്നത്. അതേസമയം മുന്നിലും പിന്നിലും ഡ്രം ബ്രേക്കോട് കൂടിയ മോഡലും ലഭ്യമാണ്. 17 ഇഞ്ചാണ് റൈഡറിന്റെ അലോയ്‌യുടെ വലിപ്പം. 1,326 മില്ലി മീറ്റർ വീൽബേസും 780 മില്ലി മീറ്റർ ഹൈറ്റും റൈഡറിനുണ്ട്. 10 ലിറ്ററാണ് വാഹനത്തിന്റെ ഇന്ധനടാങ്കിന്റെ കപ്പാസിറ്റി. 123 കിലോയാണ് റൈഡറിന്റെ ഭാരം.



മറ്റു ഫീച്ചറുകൾ

പൂർണമായും ഡിജിറ്റലായ ഇൻസ്ട്രുമെന്റ് കൺസോളാണ് റൈഡർ 125 നെ മറ്റു 125 ബൈക്കുകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. പല 150 സിസി ബൈക്കുകളിൽ പോലുമില്ലാത്ത ഗിയർ പൊസിസഷൻ ഇൻഡിക്കേറ്ററും വാഹനത്തിനുണ്ട്. കൂടാതെ സെഗ്മെന്റിൽ ആദ്യമായി ബ്ലൂട്ടൂത്ത് കണക്ട്റ്റിവിറ്റിയോട് കൂടിയ ടിഎഫ്ടി സ്‌ക്രീനും റൈഡറിൽ അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ പുറത്തിറക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം സാധാരണ 200 സിസി മുതൽ മാത്രം ലഭ്യമാകുന്ന ഡ്രൈവ് മോഡ് സെലക്ഷനും റൈഡറിനുണ്ട്. ഇക്കോയും പവർ മോഡുകളുമാണുമത്.

നിലവിൽ രണ്ട് വേരിയന്റുകളിലാണ് റൈഡർ 125 ലഭ്യമാകുന്നത്. ഡ്രം ബ്രേക്ക് വേരിയന്റിന് 77,500 രൂപയും ഡിസ്‌ക് ബ്രേക്ക് വേരിയന്റിന് 85,469 രൂപയുമാണ് ഡൽഹിയിലെ എക്‌സ് ഷോറൂം വില.

TAGS :

Next Story