Quantcast

പെട്രോളോ ഡീസലോ?.. കീശ കീറാതെ ഒരു എങ്ങനെ കാറെടുക്കാം!

കുറേയേറെക്കാലം സ്വരുക്കൂട്ടിയ പണം കൊണ്ടായിരിക്കും പലരും തങ്ങളുടെ സ്വപ്ന വാഹനം വാങ്ങുന്നത്. അതുകൊണ്ട് തന്നെ നമ്മള്‍ ചിലവാക്കുന്ന ഓരോ രൂപക്കും അതിന്‍റെതായ മൂല്യം ലഭിക്കേണ്ടതുണ്ട്

MediaOne Logo

അലി തുറക്കല്‍

  • Updated:

    2021-07-05 06:59:56.0

Published:

21 Nov 2020 2:29 PM GMT

പെട്രോളോ ഡീസലോ?.. കീശ കീറാതെ ഒരു എങ്ങനെ കാറെടുക്കാം!
X

ഒരുപാട് നാളത്തെ ആഗ്രഹത്തിനൊടുവിലാണ് നമ്മള്‍ ഒരു വാഹനം സ്വന്തമാക്കുന്നത്. കുറേയേറെക്കാലം സ്വരുക്കൂട്ടിയ പണം കൊണ്ടായിരിക്കും പലരും തങ്ങളുടെ സ്വപ്ന വാഹനം വാങ്ങുന്നത്. അതുകൊണ്ട് തന്നെ നമ്മള്‍ ചിലവാക്കുന്ന ഓരോ രൂപക്കും അതിന്‍റെതായ മൂല്യം ലഭിക്കേണ്ടതുണ്ട്.

ഒരു വാഹനം വാങ്ങുന്നതിന് മുമ്പ് വാഹനമേഖലയുമായി ബന്ധപ്പെട്ട് നമുക്ക് പരിചയമുള്ള ഒരു നൂറുപേരോടെങ്കിലും നമ്മള്‍ അഭിപ്രായം ചോദിക്കും. ഏത് ബ്രാന്‍ഡിന്‍റെ വാഹനം വാങ്ങണം, അതില്‍ തന്നെ ഏത് വേരിയന്‍റ് വാങ്ങണം, അതിനി കാറാണെങ്കില്‍ പെട്രോള്‍ വേണോ ഡീസല്‍ വേണോ അങ്ങനെ ഒരുപാട് ചോദ്യങ്ങള്‍. പലരും പല തരത്തിലുള്ള അഭിപ്രായങ്ങളായിരിക്കും പറയുക. അപ്പോള്‍ നമ്മള്‍ വീണ്ടും കണ്‍ഫ്യൂഷനിലാകും.

ഒരു കാറാണ് നമ്മള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ എല്ലാവര്‍ക്കും ആദ്യമുണ്ടാകുന്ന ഒരു സംശയമാണ് പെട്രോള്‍ വേണോ അതോ ഡീസല്‍ വേണോ എന്നുള്ളത്. അപ്പൊ നമ്മള്‍ സ്വാഭാവികമായും ഗൂഗിളിനോട് ചോദിക്കും. ഇങ്ങനെ ചോദിച്ചാല്‍ നമുക്ക് ലഭിക്കുന്ന ആര്‍ട്ടിക്കിളുകളില്‍ അല്ലെങ്കില്‍ യൂട്യൂബ് വീഡിയോകളില്‍ പൊതുവായി പറയുന്ന ഒരു കാര്യമുണ്ട്. നിങ്ങളുടെ കാറിന്‍റെ ഉപയോഗത്തിനനുസരിച്ചാണ് ഏത് കാര്‍ വാങ്ങണമെന്ന് തീരുമാനിക്കുന്നതെന്ന്.

ഒരു മാസം ശരാരി 1500 കിലോമീറ്ററിലധികം ഓട്ടമുള്ളവര്‍ക്ക് ഡീസല്‍ കാറുകളാണ് നല്ലത്. അല്ലെങ്കില്‍ മാത്രം പെട്രോള്‍ മോഡലുകള്‍ നോക്കിയാല്‍ മതി എന്ന്. ഈ വാദം എത്രമാത്രം നിലനില്‍ക്കും? ശരിയാണ്, ഒരു എട്ട് വര്‍ഷം മുമ്പായിരുന്നെങ്കില്‍ ഇത് ഏറെക്കുറേ ശരിയായിരുന്നു. അന്ന് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില 73 രൂപയും, ഡീസലിന് 41 രൂപയുമായിരുന്നു. ഏകദേശം 32 രൂപയുടെ ലാഭം ഡീസലിന് അന്നുണ്ടായിരുന്നു. മാത്രവുമല്ല അന്നത്തെ പെട്രോള്‍ എഞ്ചിനുകള്‍‌ക്ക് നല്‍കാന്‍ കഴിയുന്ന മൈലേജും വളരെ കുറവായിരുന്നു. എന്നാല്‍ ഡീസല്‍ കാറുകള്‍ക്ക് 20 ഉം 22 ഉം മൈലേജ് കിട്ടുമ്പോള്‍ ഡീസല്‍ വളരെയധികം ലാഭമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ കാലം മാറി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് എത്രമാത്രം ലാഭകരമാണെന്ന് നോക്കാം. ആദ്യം തന്നെ ഈ രണ്ട് മോഡലുകളും തമ്മിലുള്ള വിലവ്യത്യാസം സൂചിപ്പിക്കാം. വാഹനവിലയുടെ 20 ശതമാനത്തോളം, അതായത് 1,20,000 ലധികം പെട്രോള്‍ കാറുകളേക്കാള്‍ ഡീസല്‍ കാറുകള്‍ക്ക് വിലയുണ്ട്. അത് സാരമില്ല. അത് എണ്ണവിലയില്‍ ലാഭിക്കാമെന്ന് കരുതാം... അല്ലേ?

ഇനി കുറച്ച് കണക്കുകള്‍ നോക്കാം. ഇന്ന് 85 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ ശരാശരി വില. ഡീസലിനാകട്ടെ ഇത് 75 രൂപയാണ്. നിലവിലെ വിലയനുസരിച്ച് ഒരു പെട്രോള്‍ കാറിന് ഒരു കിലോമീറ്റര്‍ ഓടാന്‍ 3.90 പൈസയുടെ പെട്രോള്‍ വേണം. ഡീസലിന് ഇത് 2 രൂപ 68 പൈസ മതിയാകും. ''അതിപ്പോ ലാഭാണല്ലോ''? എന്നാണോ ചിന്തിക്കുന്നത്? ശരിയാണ് 1.23 പൈസ ഇത്തരത്തില്‍ ലാഭിക്കാം.

പക്ഷേ, നമ്മള്‍ അപ്പോള്‍ മറന്നുപോകുന്ന ഒരു കാര്യമുണ്ട്. ഈ വാഹനം വാങ്ങുന്ന സമയം 1,20,000 രൂപയിലധികം നമ്മള്‍ ചിലവാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഈ പണം നമുക്ക് ലാഭമായി കിട്ടാന്‍ ഏകദേശം ഒരു ലക്ഷം കിലോമീറ്ററിനടുത്ത് വാഹനം ഓടേണ്ടി വരും. കൃത്യമായി പറഞ്ഞാല്‍ 97,864 കിലോമീറ്റര്‍. ഒരു ദിവസം ശരാശരി 50 കിലോമീറ്റര്‍ ദൂരം ഓടിയാല്‍ ഏകദേശം അഞ്ച് വര്‍ഷമെടുക്കും ഈ ദൂരം കവര്‍ ചെയ്യാന്‍.

ഈ പറഞ്ഞ കണക്കുകളനുസരിച്ച് 2020 നവംബറില്‍ ഒരു ഡീസല്‍ കാര്‍ നമ്മള്‍‌ വാങ്ങിയാല്‍ അത് ലാഭകരമായി ഓടിക്കണമെങ്കില്‍ 2026 ഫെബ്രുവരി വരെ കാത്തിരിക്കണം. അതും ആക്കാലം വരെ ഇന്ധനവില ഇങ്ങനെ തന്നെ തുടര്‍ന്നാല്‍ മാത്രം. ദിവസം ഇന്ധനവില വര്‍ദ്ധിക്കുന്ന സാഹര്യത്തില്‍ ഇത് എത്രമാത്രം സാധ്യമാണെന്ന് നമുക്ക് ഊഹിക്കാമല്ലോ.

വെറും മൈലേജിനെ മാത്രം അടിസ്ഥാനമാക്കിയാണ് ഇക്കാര്യങ്ങളെല്ലം പറഞ്ഞത്. മെയിന്‍റനന്‍സും സര്‍വീസുമെടുക്കുകയാണെങ്കില്‍ പെട്രോള്‍ കാറുകളെ അപേക്ഷിച്ച് ഡീസല്‍ കാറുകള്‍ക്ക് അത് ഇരട്ടിയോളമാണ്.

പെട്രോള്‍ എഞ്ചിനുകളെ അപേക്ഷിച്ച് സങ്കീര്‍ണമാണ് ഡീസല്‍ എഞ്ചിനുകള്‍ എന്നത് തന്നെയാണ് ഇതിന്‍റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ കൂടുതല്‍ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് അവ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഇവയിലേതെങ്കിലുമൊന്നിന് തകരാറ് സംഭവിച്ചാല്‍ വണ്ടി വഴിയില്‍ കിടക്കുമെന്ന് ചുരുക്കം. മാത്രവുമല്ല പെട്രോള്‍ എഞ്ചിനുകളെ അപേക്ഷിച്ച് ഡീസല്‍ എഞ്ചിനുകള്‍ക്ക് ഭാരം കൂടുതലാണ്. ഇതുകൂടാതെ നോയ്സും വിറയലുമെല്ലാം ഡീസല്‍ എഞ്ചിനുകളുടെ കൂടെപ്പിറപ്പാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇനി ഡീസല്‍ എഞ്ചിനുകളെ അപേക്ഷിച്ച് പെട്രോള്‍ കാറുകള്‍ക്കുള്ള ചില പ്രത്യേകതകള്‍ നോക്കാം. ഏതു കാലാവസ്ഥയിലും സുഖമായി പ്രവര്‍ത്തിക്കാന്‍ പെട്രോള്‍ കാറുകള്‍ക്ക് സാധിക്കുമെന്നതാണ് അതില്‍ എടുത്തു പറയേണ്ട ഒന്നാമത്തെ കാര്യം. സമുദ്ര നിരപ്പില്‍ നിന്നും ഏറെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഡീസല്‍ കാറുകള്‍ ചിലപ്പോഴൊക്ക കിതക്കുന്നത് കാണാറുണ്ട്. എഞ്ചിന്‍ പ്രവര്‍ത്തിക്കാനാവശ്യമായ വായു എഞ്ചിനിലേക്ക് കടക്കാത്തതാണ് ഈ പ്രശ്‌നത്തിന് കാരണം.

എന്നാല്‍ ടര്‍ബ്ബോചാര്‍ജ്ജറുകള്‍ ഒരുപരിധി വരെ ഈ പ്രശ്‌നം പരിഹരിക്കുന്നുണ്ട്. വീണ്ടും കുറഞ്ഞ താപത്തില്‍ ഡീസല്‍ കാറുകള്‍ പണിമുടക്കാന്‍ സാധ്യത കൂടുതലാണ്. -15 ഡിഗ്രിക്ക് താഴെ താപനില എത്തിയാല്‍ ഡീസല്‍ തണുത്തുറഞ്ഞു പോകും. പക്ഷെ പെട്രോള്‍ എഞ്ചിനുകള്‍ക്ക് ഈ പ്രശ്‌നങ്ങളൊന്നുമില്ല. ഏത് മരം കോച്ചുന്ന തണുപ്പുകാലത്തും യാതൊരു പ്രശ്‌നങ്ങളുമില്ലാതെ പ്രവര്‍ത്തിക്കാന്‍ പെട്രോള്‍ എഞ്ചിനുകള്‍ക്ക് സാധിക്കും.

എന്നാല്‍ ഡീസല്‍ എഞ്ചിനുകള്‍ തീര്‍ത്തും അപ്രസക്തമാണ് എന്നല്ല ഈ പറഞ്ഞതിനര്‍ഥം. നമ്മളിന്ന് കാണുന്ന ഭൂരിഭാഗം ഓഫ് റോഡ് വാഹനങ്ങളേയും ചലിപ്പിക്കുന്നത് ഡീസല്‍ എഞ്ചിനുകളാണ്.

കൂടാതെ കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ക്ക് ഡീസല്‍ എഞ്ചിനുകള്‍ അനിവാര്യമാണ് എന്ന് തന്നെ പറയാം. ഉയര്‍ന്ന ടോര്‍ക്കും പവറും നല്‍കാന്‍ ഡീസല്‍ എഞ്ചിനുകള്‍ക്കാകും എന്നത് തന്നെയാണ് ഇതിന്‍റെ കാരണം. എന്നാല്‍ അധികം കീശ കാലിയാക്കാത്ത ഒരു ഫാമിലി കാറാണ് നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നത് എങ്കില്‍ തീര്‍ച്ചയായും പെട്രോള്‍ എഞ്ചിനുകള്‍ തെരഞ്ഞെടുക്കുന്നതാകും ബുദ്ധി.

TAGS :

Next Story