Quantcast

100 ശതമാനത്തിന്‍റെ വളര്‍ച്ച, അമ്പരപ്പിച്ച് മാരുതി; കണ്ണു തള്ളി എതിരാളികള്‍

ആഗോള വ്യാവസായിക രംഗം കോവിഡ് പ്രതിസന്ധിയില്‍ നിശ്ചലമായിരിക്കുമ്പോഴാണ് ഒരു കമ്പനി തങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തുന്നത്

MediaOne Logo

Web Desk

  • Published:

    10 April 2021 12:00 PM GMT

100 ശതമാനത്തിന്‍റെ വളര്‍ച്ച, അമ്പരപ്പിച്ച് മാരുതി; കണ്ണു തള്ളി എതിരാളികള്‍
X

2021 മാര്‍ച്ച് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്ത് വിട്ട് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി ഇന്ത്യ. ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചത്. ആഗോള വ്യാവസായിക രംഗം കോവിഡ് പ്രതിസന്ധിയില്‍ നിശ്ചലമായിരിക്കുമ്പോഴാണ് ഒരു കമ്പനി തങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്തുന്നത് എന്നതാണ് ശ്രദ്ധേയം.

1,67,014 യൂണിറ്റുകളാണ് മാര്‍ച്ച് മാസത്തില്‍ മാത്രം കമ്പനി വിറ്റഴിച്ചത്. ഫെബ്രുവരി മാസത്തെക്കാൾ 83,792 യൂണിറ്റുകളാണ് കമ്പനി അധികമായി വിറ്റത്. ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയും ലൈറ്റ് കൊമേഴ്‌ഴ്ഷ്യല്‍ ഉള്‍പ്പെടെയാണ് ഈ കണക്കുകള്‍.

1,49,518 യൂണിറ്റ് എന്ന മാന്ത്രി സംഖ്യയിലാണ് മാരുതിയുടെ പാസഞ്ചര്‍ വാഹന വില്‍പ്പന എത്തി നില്‍ക്കുന്നത്. വിറ്റാര ബ്രെസയുടെയും ബെലേനോയുടെയും 5,899 യൂണിറ്റുകൾ ടൊയോട്ടയ്ക്ക് കൈമാറിയതും മൊത്തവിൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.11,597 യൂണിറ്റായിരുന്നു 2021 മാർച്ചിലെ മൊത്തം കയറ്റുമതി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,104 യൂണിറ്റായിരുന്നു.

1,457,861 യൂണിറ്റിന്‍റെ വില്‍പ്പനയാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി സ്വന്തമാക്കിയത്. ആഭ്യന്തര വിൽപ്പനയിൽ 1,323,396 യൂണിറ്റുകളും 38,326 യൂണിറ്റുകളുടെ ഒ.ഇ.എമ്മുകളിലേക്കുള്ള വിൽപ്പനയും 96,139 യൂണിറ്റിന്‍റെ കയറ്റുമതിയും ഇതില്‍‌ ഉൾപ്പെടുന്നു.

എന്‍ട്രി ലെവല്‍ സെഗ്മെന്‍റിലുണ്ടായ വളര്‍ച്ചയാണ് കമ്പനിക്കുണ്ടായ മറ്റൊരു പ്രധാന നേട്ടം. ആൾട്ടോ, എസ്-പ്രെസോ എന്നിവ ഉൾപ്പെടുന്ന എൻട്രി ലെവൽ മിനി വിഭാഗത്തിൽ 15,988 യൂണിറ്റുകളിൽ നിന്ന് 24,653 യൂണിറ്റുകളായി മാർച്ചിൽ വിൽപ്പന ഉയർന്നു. വാഗൺആർ, സ്വിഫ്റ്റ്, സെലേറിയോ, ഇഗ്നിസ്, ബലേനോ, ഡിസയർ, ടൂർ എസ് എന്നിവ മൊത്തം 82,201 യൂണിറ്റുകളാണ് വിറ്റുപോയത്.

എർട്ടിഗ, എസ്-ക്രോസ്, വിറ്റാര ബ്രെസ, XL6 എന്നിവയുൾപ്പെടെയുള്ള യൂട്ടിലിറ്റി ശ്രേണി 26,174 യൂണിറ്റുകൾ വിറ്റഴിച്ചു. 11,547 യൂണിറ്റ് ഇക്കോ വാനുകളാണ് 2021 മാർച്ചിൽ നിരത്തിലെത്തിയത്. ഒ.ഇ.എമ്മുകളിലേക്കുള്ള വിതരണം 53.3 ശതമാനം വളർച്ചയോടെ 38,326 യൂണിറ്റായി ഉയർന്നു.

വില്‍പ്പനാനന്തര സേവനങ്ങള്‍ക്കും പ്രസിദ്ധമാണ് ഇന്ത്യക്കാരുടെ സ്വന്തം മാരുതി. കേവലം സര്‍വീസ് മാത്രമല്ല, മറ്റു വാഹന ബ്രാന്‍റുകളില്‍ നിന്നും വ്യത്യസ്തമായി രാജ്യത്തിന്‍റെ ഏത് കോണിലും താരതമ്യേന കുറഞ്ഞ വിലയില്‍ പാര്‍ട്സുകള്‍ ലഭിക്കുമെന്നതും മാരുതിയുടെ മാത്രം പ്രത്യേകതയാണ്.

ലോകമൊട്ടാകെയുള്ള കമ്പനികള്‍ കോവിഡ് ഭീതിയില്‍ വറുതിയിലേക്ക് കൂപ്പുകുത്തിയപ്പോഴും ഇന്ത്യയില്‍ മാരുതിയെ അത് കാര്യമായി ബാധിച്ചില്ല. അതുകൊണ്ട് തന്നെയാണ് ആഗോള വാഹനവിപണി നേരിടുന്ന കടുത്ത വെല്ലുവിളികള്‍ക്കിടയിലും വില്‍പ്പനയില്‍ വന്‍ വര്‍ദ്ധന രേഖപ്പെടുത്താന്‍ മാരുതിക്കായതും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story