Quantcast

കുഞ്ഞിന് ദിവസം എത്ര തവണ മുലപ്പാല്‍ കൊടുക്കണം? എത്രനേരം മുലയൂട്ടണം ?

കുഞ്ഞിന്‍റെയും അമ്മയുടേയും ആരോഗ്യത്തിനു മുലയൂട്ടല്‍ പ്രധാനമാണ്.

MediaOne Logo

Web Desk

  • Updated:

    2021-07-30 02:30:43.0

Published:

30 July 2021 2:28 AM GMT

കുഞ്ഞിന് ദിവസം എത്ര തവണ മുലപ്പാല്‍ കൊടുക്കണം? എത്രനേരം മുലയൂട്ടണം ?
X

ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അവന്‍റെ, അവളുടെ അവകാശമാണ് മുലപ്പാല്‍. ഒരമ്മ വാത്സല്യത്തിനൊപ്പം മുലപ്പാല്‍ കൂടി നല്‍കുമ്പോള്‍ കുഞ്ഞിന്‍റെ ശാരീരിക, മാനസിക വളര്‍ച്ചക്ക് അത് സഹായകമാകുന്നു. ആദ്യത്തെ ആറു മാസക്കാലം സ്ഥിരമായി മുലപ്പാൽ കൊടുക്കുകയും അതിന്ശേഷം ഖരഭക്ഷണങ്ങൾ കൊടുത്തു തുടങ്ങുകയും ചെയ്യാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ഉപദേശം. മറ്റു ഭക്ഷണത്തോടൊപ്പം രണ്ടു വർഷം വരെ മുലപ്പാൽ കൊടുക്കണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു. മുലയൂട്ടല്‍ സംബന്ധിച്ച് പല അമ്മമാര്‍ക്കും (അച്ഛന്‍മാര്‍ക്കും) പല സംശയങ്ങളുണ്ടാകും. എത്ര തവണ മുലയൂട്ടണം, എത്ര വയസ് വരെ മുലപ്പാല്‍ നല്‍കണം.. എന്നിങ്ങനെ പോകുന്നു എല്ലാ കാലത്തും അമ്മമാരുടെ സംശയങ്ങള്‍..


അമ്മമാരുടെ ചില പ്രധാന സംശയങ്ങളും അവയ്ക്കുള്ള മറുപടിയും

1.എത്ര നാള്‍ മുലപ്പാല്‍ കൊടുക്കണം?

ആദ്യത്തെ ആറുമാസം കുഞ്ഞിനു മുലപ്പാല്‍ മാത്രമേ കൊടുക്കാവൂ. രണ്ടു വയസ്സു വരെ കുഞ്ഞിനെ മുലയൂട്ടന്നുള്ളത് നല്ലതാണ്.

2. ദിവസം എത്ര തവണ മുലപ്പാല്‍ കൊടുക്കണം ?

ദിവസം എട്ടു മുതല്‍ 12 തവണ വരെ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കണം. രണ്ടു മുതല്‍ മൂന്നു വരെ മണിക്കൂര്‍ ഇടവിട്ടാണ് മുലയൂട്ടേണ്ടത്. വൈകുന്നേരവും രാത്രിയും കൂടുതല്‍ പാല്‍ ഉണ്ടാവുമെന്നതിനാല്‍ രാത്രിയിലെ മുലയൂട്ടല്‍ ഉറപ്പാക്കണം.

3. ഒരു തവണ എത്രനേരം മുലയൂട്ടണം?

15 മുതല്‍ 20 മിനിറ്റുവരെയോ കുഞ്ഞ് കുടിക്കുന്നത് നിര്‍ത്തുന്നതുവരെയോ മുലയൂട്ടാം.

4.കുഞ്ഞിന് ആവശ്യത്തിന് മുലപ്പാല്‍ കിട്ടുന്നുണ്ടെന്ന് എങ്ങനെ അറിയാം ?

ദിവസവും ആറുമുതല്‍ എട്ടു തവണ വരെ മൂത്രമൊഴിക്കുകയോ രണ്ടു മുതല്‍ നാലു തവണ വരെ മലവിസര്‍ജനം നടത്തുകയോ ചെയ്താല്‍ കുട്ടിക്ക് ആവശ്യത്തിന് മുലപ്പാല്‍ ലഭിക്കുന്നുവെന്നാണ് അര്‍ഥം. ജനിച്ച് രണ്ടാഴ്ചയ്ക്കുശേഷം ആഴ്ചതോറും കുട്ടിക്ക് 150 മുതല്‍ 250 ഗ്രാം തൂക്കം വരെ കൂടുന്നുണ്ടെങ്കില്‍ കുഞ്ഞിന് ആവശ്യത്തിന് പാല് ലഭിക്കുന്നുവെന്ന് ഉറപ്പാക്കാം.


മുലയൂട്ടലിന്‍റെ ഗുണങ്ങൾ എന്തൊക്കെയാണ്?

ആദ്യ ആഴ്ച - പ്രസവം കഴിഞ്ഞ് സ്തനത്തില്‍ നിന്നും ആദ്യം കൊളസ്ട്രം എന്നറിയപ്പെടുന്ന മഞ്ഞ നിറത്തിലുള്ള ദ്രാവകമാണ് വരിക. തെറ്റിദ്ധാരണയുടെ പുറത്ത് ഇത് കുഞ്ഞിന് നല്‍കാതിരിക്കുന്നവരുണ്ട്. എന്നാല്‍ കുഞ്ഞിന് രോഗപ്രതിരോധ ശേഷി വരാന്‍ ഈ കൊളസ്ട്രം വളരെയധികം സഹായിക്കും. കുഞ്ഞിന് ഏറ്റവും ഗുണകരമായ പാലാണ് കൊളസ്ട്രം.

ആറ് ആഴ്ച വരെ -

കുഞ്ഞിനെ ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു കൊണ്ടുവരുന്ന സമയമാണ് ഇത്. കുഞ്ഞിന്‍റെ പ്രതിരോധ ശേഷി കൂട്ടാനും അണുബാധകളില്‍ നിന്നു രക്ഷിക്കാനും ഈ സമയത്ത് മുലയൂട്ടുന്നത് ഏറ്റവും നല്ലതാണ്. ശ്വാസകോശ രോഗങ്ങളില്‍ നിന്നും വയറ്റിലെ ഗ്യാസ് പോലെയുള്ള അസ്വസ്ഥതകളില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കാന്‍ ഈ സമയം മുലയൂട്ടുന്നത് അത്യാവശ്യം.

ആറു മാസം വരെ-

ആറു മാസം വരെ കുഞ്ഞിനു മുലപ്പാല്‍ മാത്രമേ നല്‍കാവൂ. ഇത് കുഞ്ഞിന്‍റെ ആരോഗ്യത്തിനു ഏറെ പ്രധാനമാണ്. അമ്മയുടെ ആരോഗ്യത്തിനും ഇതു തന്നെയാണ് നല്ലത്. സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ ഇതു വഴി സാധിക്കും.

ഏഴാം മാസം-

എല്ലാ ആഹാരവും കുറശേ കൊടുത്തു തുടങ്ങാം. ആഹാരം മിക്സിയിൽ അടിച്ചോ ചതച്ചോ ഈ സമയത്തു കൊടുക്കാം. എല്ലാ ആഹാരവും ഒരുമിച്ചു തുടങ്ങാതെ ഓരോന്ന് ഓരോന്നായി വേണം തുടങ്ങാൻ. ആറു മാസത്തിനുശേഷം കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കും പോഷണത്തിനും മുലപ്പാല്‍ മാത്രം മതിയാകില്ല. അതിനാല്‍, ഏഴാം മാസം മുതല്‍ കുഞ്ഞിന് മുലപ്പാലിനൊപ്പം മറ്റ് ആഹാരസാധനങ്ങള്‍ കൊടുത്തു തുടങ്ങണം. അതിലൂടെ കുഞ്ഞിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നു. ഇപ്രകാരം ചെയ്തില്ലെങ്കില്‍ കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കും വികാസത്തിനും ദോഷകരമാണ്. കുഞ്ഞിന് ആവശ്യമായ പോഷണം ലഭിക്കാതിരിക്കുന്നതിനും ഇത് ഇടയാക്കും.

ഒമ്പതു മാസം

മറ്റ് ആഹാരങ്ങള്‍ ഈ സമയം കുഞ്ഞു കഴിച്ചു തുടങ്ങും. എങ്കിലും ഈ സമയം മുലയൂട്ടുന്നത് കുഞ്ഞിന്‍റെ ബ്രെയിന്‍ വളര്‍ച്ചയ്ക്കും ശാരീരികവളര്‍ച്ചയ്ക്കും സഹായകമാകും. ബുദ്ധിശക്തി കൂട്ടാനും ഇത് നല്ലതാണ്.

ഒരു വർഷം -വീട്ടില്‍ ഉണ്ടാക്കുന്ന ഒരുവിധം എല്ലാ ആഹാരങ്ങളും ഈ സമയം കുഞ്ഞു കഴിച്ചു തുടങ്ങും. ഫോര്‍മുല ഫുഡുകള്‍ കൊടുക്കാതെ വീട്ടിലെ ആഹാരം കുഞ്ഞിനു നല്‍കുന്നതു തന്നെയാണ് നല്ലത്. ഏറ്റവും മികച്ച പ്രതിരോധശേഷി കുഞ്ഞിനു ലഭിക്കുന്നതിനും ഈ മുലയൂട്ടല്‍ സഹായിക്കും.

18 മാസം-

ഒന്നരവയസ്സ് വരെയുള്ള മുലയൂട്ടല്‍ കുഞ്ഞിന്‍റെ ആരോഗ്യത്തിനു ഏറ്റവും മികച്ചതാണ്. ഏറ്റവും നല്ല പോഷകങ്ങളും പ്രതിരോധശേഷിയും കുഞ്ഞില്‍ ഇതിനോടകം എത്തിയിട്ടുണ്ടാകും.

അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്ന ഒന്നു കൂടിയാണ് മുലയൂട്ടല്‍. കുഞ്ഞിന്‍റെയും അമ്മയുടേയും ആരോഗ്യത്തിനു മുലയൂട്ടല്‍ പ്രധാനമാണ്.

TAGS :

Next Story