ഉത്സവ സീസണല്ലേ? ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം ലാഭിക്കാന്‍ 5 വഴികള്‍

ഉത്സവ കാല പര്‍ച്ചേസുകളില്‍ പണം ചോരാതെ സാധനങ്ങള്‍ വാങ്ങിക്കൂട്ടാന്‍ നമുക്ക് ആഗ്രഹമുണ്ടാകാം. അതിന് ക്രെഡിറ്റ് കാര്‍ഡുകള്‍ നിങ്ങളെ സഹായിക്കും. ചില കാര്യങ്ങള്‍ തിരിച്ചറിഞ്ഞാല്‍ മാത്രം മതി

MediaOne Logo

Web Desk

  • Updated:

    2022-10-04 11:37:06.0

Published:

4 Oct 2022 11:22 AM GMT

ഉത്സവ സീസണല്ലേ? ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം ലാഭിക്കാന്‍ 5 വഴികള്‍
X

ഉത്സവ സീസണുകള്‍ പൊതുവേ ബിസിനസുകള്‍ക്ക് നല്ല കാലമാണ്. പലരും വീട്ടിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വാഹനങ്ങളും ഗൃഹോപകരണങ്ങളുമൊക്കെ വാങ്ങാന്‍ കാത്തിരിക്കുന്ന സമയം കൂടിയാണിത്. വന്‍കിട ബ്രാന്റുകള്‍ പോലും ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഓഫറുകള്‍ പ്രഖ്യാപിക്കുന്നതിനാല്‍ ഭൂരിപക്ഷം പേരും വേണ്ട വീട്ടുപകരണങ്ങളൊക്കെ വാങ്ങിക്കൂട്ടും. വിലക്കിഴിവും ഡിസ്‌കൗണ്ടുകളും വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ഈ ഡിസംബര്‍ വരെ നീളുന്ന ഫെസ്റ്റിവല്‍ സീസണ്‍ വലിയ നേട്ടം കൊയ്യാന്‍ കൂടി സഹായിക്കും. കടകളിലും വന്‍കിട മാളുകളിലുമൊക്കെ പലവിധ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നത് നമുക്ക് അറിയാം. എന്നാല്‍ നിങ്ങളുടെ പോക്കറ്റിലിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന അവസരമാണ് ഇതെന്ന് എത്ര പേര്‍ക്ക് അറിയാം? . ആവശ്യമുള്ള പര്‍ച്ചേസുകള്‍ക്ക് പണം ലാഭിക്കാന്‍ ഈ ക്രെഡിറ്റ് കാര്‍ഡുകളും നിങ്ങളെ സഹായിക്കും. ഉത്സവ സീസണില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം ലാഭിക്കുന്നത് എങ്ങിനെയെന്ന് ഇനി പറയാം
നിര്‍ദ്ദിഷ്ട കാര്‍ഡുകള്‍ക്ക് അഡീഷണല്‍ ഡിസ്‌കൗണ്ട്

ഉത്സവ സീസണുകളില്‍ ചില ധനകാര്യ സ്ഥാപനങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് പ്രത്യേകം കിഴിവുകള്‍ ലഭിക്കും. പല കമ്പനികളും ഈ സീസണില്‍ വായ്പ നല്‍കുന്ന സാമ്പത്തിക സ്ഥാപനങ്ങളുമായും ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാരുമായും പങ്കാളിത്തം ഉണ്ടാക്കിക്കൊണ്ട് അധിക കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു ഉല്‍പ്പന്നം വാങ്ങുമ്പോള്‍ സാധാരണ പത്ത് ശതമാനം കിഴിവ് നിങ്ങള്‍ക്ക് ലഭിക്കുന്നു എന്ന് കരുതുക. ഈ കിഴിവിന് പുറമേ നിശ്ചിത ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് കൂടി ഡിസ്‌കൗണ്ടോ ക്യാഷ്ബാക്കോ ബ്രാന്റുകള്‍ പ്രഖ്യാപിച്ചിരിക്കും. ഇതുകൂടി ഉപയോഗപ്പെടുത്തിയാല്‍ നിങ്ങള്‍ക്ക് ചുരുങ്ങിയ വിലയ്ക്ക് ഉല്‍പ്പന്നം വാങ്ങുകയും ബാക്കി തുക സമ്പാദിക്കുകയും ചെയ്യാം. ഉദാഹരണത്തിന് 10,000 രൂപ വിലയുള്ള റഫ്രിജറേറ്റര്‍ ഈ സീസണില്‍ നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നു എന്ന് കരുതുക. 10 % ഡിസ്‌കൗണ്ട് കമ്പനി നേരത്തെ തന്നെ പ്രഖ്യാപിച്ചിരിക്കും. അപ്പോള്‍ വിലയായി നല്‍കേണ്ടത് 9000 രൂപയാണ്. എന്നാല്‍ നിങ്ങളുടെ പക്കലുള്ള ക്രെഡിറ്റ് കാര്‍ഡ് വഴി പര്‍ച്ചേസ് നടത്തിയാല്‍ 10 % കൂടി ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ടാകാം. ഈ ഡിസ്‌കൗണ്ട്കൂടി ഉപയോഗപ്പെടുത്തിയാല്‍ വെറും 8000 രൂപയാണ് നിങ്ങള്‍ക്ക് ചെലവാകുന്നത്. ഉത്സവ സീസണില്‍ പര്‍ച്ചേസിന് ഇറങ്ങുമ്പോള്‍ നിങ്ങളുടെ പക്കലുള്ള ക്രെഡിറ്റ് കാര്‍ഡിന് ഓഫറുകളുള്ള ബ്രാന്റുകള്‍ കൂടി തിരഞ്ഞെടുക്കാന്‍ ശ്രദ്ധിച്ചാല്‍ പണം ലാഭിക്കാമെന്ന് ചുരുക്കം.ക്രെഡിറ്റ് കാലയളവ് കൈകാര്യം ചെയ്യണം

നിങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസിന് തയ്യാറെടുക്കുമ്പോള്‍ 'ക്രെഡിറ്റ് സൈക്കിള്‍' അഥവാ ക്രെഡിറ്റ് കാലയളവിനെ കുറിച്ച് ബോധവാന്മായിരിക്കണം. ഏറ്റവും കുറഞ്ഞത് മുപ്പത് ദിവസമെങ്കിലും നിങ്ങള്‍ക്ക് ക്രെഡിറ്റ് കുടിശ്ശിക അടച്ചുതീര്‍ക്കാന്‍ കമ്പനി സമയം അനുവദിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ക്രെഡിറ്റ് പിരീഡിന്റെ ആരംഭത്തിലുള്ള ദിവസങ്ങളില്‍ ഇത്തരം പര്‍ച്ചേസുകള്‍ നടത്തുക. ബില്ല് ജനറേറ്റ് ചെയ്യാന്‍ രണ്ടോ മൂന്നോ മാത്രം ദിവസം ബാക്കി നില്‍ക്കെ വലിയ പര്‍ച്ചേസുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ബില്ല് അടക്കാന്‍ വൈകിയാല്‍ ചുമത്തുന്ന ഫീസും പലിശപ്പിഴയും ഒഴിവാക്കിക്കിട്ടാന്‍ നിശ്ചിത തീയതിക്കകം ബില്‍ അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക
റിവാര്‍ഡ് പോയിന്റുകള്‍ അവഗണിക്കരുത്

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇതുവരെ നടത്തിയ ഇടപാടും മറ്റും കണക്കിലെടുത്ത് കമ്പനി നിങ്ങള്‍ക്ക് റിവാര്‍ഡ് പോയിന്റുകള്‍ അനുവദിച്ചിട്ടുണ്ടാകും. പലരും ഇതേകുറിച്ച് ബോധവാന്മാരല്ല. എന്നാല്‍ ഇത്തരം റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ് ഉത്സവ സീസണുകള്‍. റിവാര്‍ഡ് പോയിന്റുകള്‍ റെഡീം ചെയ്യുന്നതിലൂടെ ബില്ല് കുറയ്ക്കാന്‍ സാധിക്കും. അതിനായി നേരത്തെ തന്നെ ക്രെഡിറ്റ് കാര്‍ഡിലെ റിവാര്‍ഡ് പോയിന്റുകളുടെ ട്രാക്ക് സൂക്ഷിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കുക. ഇത് എത്ര തുകയ്ക്ക് ഉണ്ടെന്ന് കണക്കാക്കിയ ശേഷം പേയ്‌മെന്റുകള്‍ നടത്താന്‍ ഉപയോഗിക്കാം. ചിലപ്പോള്‍ ക്യാഷ് ബാക്കായിരിക്കാം അല്ലെങ്കില്‍ ഭാഗികമായി മാത്രം പേയ്‌മെന്റ് നടത്തുംവിധത്തിലോ ആയിരിക്കാം .നോ കോസ്റ്റ് ഇഎംഐ

നിങ്ങള്‍ ചിലപ്പോള്‍ സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്നത് വായ്പാ സൗകര്യം ഉപയോഗിച്ചായിരിക്കാം. പിന്നീട് തവണകളായി പണം തിരിച്ചടച്ച് നല്‍കിയാല്‍ മതിയാകും. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വായ്പയെടുത്ത് വാങ്ങുമ്പോള്‍ ചില ഗുണങ്ങളുണ്ട്. അതിലൊന്നാണ് നോ കോസ്റ്റ് ഇഎംഐ. പലിശ ഇല്ലാതെ വായ്പാതുകയുടെ തവണകള്‍ അടച്ചുതീര്‍ക്കാന്‍ സാധിക്കും. എന്നാല്‍ നേരത്തെ നിശ്ചയിച്ചിട്ടുള്ള ബാങ്കുകളുടെയോ ധനകാര്യ സ്ഥാപനങ്ങളുടെയോ ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്കായിരിക്കാം ഈ സൗകര്യം അനുവദിക്കുന്നത്. ഉത്സവസീസണില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നമ്മുടെ പോക്കറ്റിലുള്ള ക്രെഡിറ്റ് കാര്‍ഡ് 'നോ കോസ്റ്റ് ഇഎംഐ' വാഗ്ദാനം ചെയ്യുന്നുണ്ടോ എന്ന് കൂടി പരിശോധിക്കുക. ഇത് നിങ്ങള്‍ക്ക് സാമ്പത്തിക ബാധ്യത കുറയ്ക്കുന്നു.

പ്രീമിയം കാര്‍ഡുകള്‍ സ്വന്തമാക്കുക

നിങ്ങള്‍ ഒരു ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ ഉദ്ദേശിക്കുമ്പോള്‍ തന്നെ അതിന്റെ ആനുകൂല്യങ്ങളെ കുറിച്ച് അറിയാന്‍ ശ്രമിക്കുക. സാധാരണ ക്രെഡിറ്റ് കാര്‍ഡുകളെ അപേക്ഷിച്ച് പ്രീമിയം കാര്‍ഡുകള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് അധികം റിവാര്‍ഡ് പോയിന്റുകളും മറ്റ് ഡിസ്‌കൗണ്ടുകളും വാഗ്ദാനം ചെയ്യും. സാധാരണ കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനമോ സേവനമോ വാങ്ങുമ്പോള്‍ ലഭിക്കാത്ത വാഗ്ദാനങ്ങള്‍ പ്രീമിയം കാര്‍ഡുകള്‍ നല്‍കാറുണ്ട്. ഓരോ ചെലവഴിക്കലിനും ഒരു റിവാര്‍ഡ് പോയിന്റ് എന്ന തോതില്‍ ഇവ വാഗ്ദാനം ചെയ്യുന്നു. ചെലവഴിക്കുന്ന ഒരോ നൂറ് രൂപയ്ക്കും ഒന്ന് മുതല്‍ പത്ത് വരെ റിവാര്‍ഡ് പോയിന്റുകള്‍ ലഭിച്ചേക്കാം. ചില കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ രണ്ട് മടങ്ങ് മുതല്‍ അഞ്ച് മടങ്ങ് വരെ റിവാര്‍ഡ് പോയിന്റുകള്‍ വാഗ്ദാനം ചെയ്യാറുണ്ട്. മുന്‍കൂട്ടി ഇത്തരം കാര്‍ഡുകള്‍ വാങ്ങിയവര്‍ക്ക് ഉത്സവ സീസണുകളില്‍ പര്‍ച്ചേസ് സാമ്പത്തിക ബാധ്യത കുറയ്ക്കും. റിവാര്‍ഡ് പോയിന്റുകള്‍ ഉപയോഗിച്ച് നമുക്ക് ബില്ലിന്റെ നല്ലൊരു ശതമാനം അടക്കാന്‍ സാധിക്കും. കൂടാതെ ധാരാളം റിവാര്‍ഡ് പോയിന്റുകള്‍ നേടാനുള്ള അവസരമായും ഈ ഫെസ്റ്റിവല്‍ സീസണുകളെ കാണാം. കാരണം വലിയ തുക ചെലവിട്ട് ഈ സീസണില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇത്തരം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ അത്രയും റിവാര്‍ഡ് പോയിന്റുകള്‍ ഭാവിയിലേക്കായി നിങ്ങള്‍ക്ക് ലഭിക്കുമെന്ന് ബാങ്ക് ബസാര്‍ ഡോട്ട്‌കോം സിഇഓ ആദില്‍ ഷെട്ടി അഭിപ്രായപ്പെടുന്നു.


TAGS :

Next Story