Quantcast

ബജാജ് ഗ്രൂപ്പ് മുൻ ചെയർമാൻ രാഹുൽ ബജാജ് അന്തരിച്ചു

40 വർഷത്തോളം ബജാജ് ഗ്രൂപ്പിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ച രാഹുൽ കഴിഞ്ഞ വർഷം ഏപ്രിലിലാണ് ബജാജ് ഓട്ടോ ചെയർമാൻസ്ഥാനത്തുനിന്ന് മാറിയത്

MediaOne Logo

Web Desk

  • Updated:

    2022-02-12 11:17:29.0

Published:

12 Feb 2022 11:09 AM GMT

ബജാജ് ഗ്രൂപ്പ് മുൻ ചെയർമാൻ രാഹുൽ ബജാജ് അന്തരിച്ചു
X

പ്രമുഖ വ്യവസായിയും ബജാജ് ഗ്രൂപ്പ് മുൻ ചെയർമാനുമായ രാഹുൽ ബജാജ് അന്തരിച്ചു. 83 വയസായിരുന്നു.

ഹൃദയസംബന്ധമായ അസുഖങ്ങൾക്കു പുറമെ ന്യൂമോണിയ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിൽ വച്ച് അന്ത്യം സംഭവിച്ചത്.

1938 ജൂൺ 30ന് കൊൽക്കത്തയിലെ പ്രമുഖ വ്യവസായി കുടുംബത്തിലായിരുന്നു ജനനം. രാഹുലിന്റെ മുത്തച്ഛൻ ജാംനലാൽ ബജാജാണ് 1926ൽ ബജാജ് ഗ്രൂപ്പിന് തുടക്കമിട്ടത്. 1942ൽ പിതാവ് കമൽനയൻ ബജാജ് പിൻഗാമിയായി ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനമേറ്റെടുത്തു. കൽനയനാണ് ബജാജ് ഓട്ടോയ്ക്ക് തുടക്കം കുറിക്കുന്നത്.

ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിലും ബോംബെ സർവകലാശാലയിലും ബിരുദപഠനം നടത്തിയ രാഹുൽ ബജാജ് പിന്നീട് അമേരിക്കയിലെ ഹാർവാഡ് ബിസിനസ് സ്‌കൂളിൽ എം.ബി.എ പൂർത്തിയാക്കി. 1968ൽ ബജാജ് ഓട്ടോയുടെ സി.ഇ.ഒ ആയി ചുമതലയേറ്റു. 2008ൽ ബജാജ് ഓട്ടോ, ബജാജ് ഫിൻസെർവ്, മാതൃകമ്പനി എന്നിങ്ങനെ ബജാജിനെ മൂന്ന് ഭാഗങ്ങളായി വിഭജിക്കുന്നത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്.

40 വർഷത്തോളം ബജാജ് ഗ്രൂപ്പിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ച രാഹുൽ 2005ലാണ് ചെയർമാൻ സ്ഥാനം രാജിവയ്ക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ബജാജ് ഓട്ടോ ചെയർമാൻസ്ഥാനവും ഒഴിഞ്ഞു. പിന്നീട് കമ്പനിയുടെ ചെയർമാൻ എമറിറ്റസ് പദവിയിൽ തുടർന്നുവരികയായിരുന്നു. നിലവിൽ മക്കളായ രാജീവ് ബജാജും സഞ്ജീവ് ബജാജുമാണ് കമ്പനിയുടെ ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

2001ൽ പദ്മഭൂഷൺ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 2006ൽ മഹാരാഷ്ട്രയിൽനിന്നുള്ള രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016ൽ ഫോബ്‌സിന്റെ ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു.

Summary: Industrialist and former chairman of Bajaj Group Rahul Bajaj passed away

TAGS :

Next Story