Quantcast

ടാറ്റയോടും റിലയൻസിനോടും പിടിച്ചു നിൽക്കാനായില്ല; അദാനിക്കേറ്റത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരം

അദാനി ഗ്രൂപ്പ് വിപണിമൂല്യം തിരിച്ചുപിടിക്കാന്‍ സമയമെടുക്കുമെന്ന് വിദഗ്ധര്‍.

MediaOne Logo

Web Desk

  • Updated:

    2023-02-19 08:30:22.0

Published:

19 Feb 2023 8:25 AM GMT

adani, tata, mukesh ambani
X

മുംബൈ: 2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനികൾ നേടിയത് 3616 കോടി രൂപാ ലാഭം മാത്രം. ഫ്‌ളാഗ്ഷിപ്പ് കമ്പനി അദാനി എന്റർപ്രൈസസ് അടക്കം പത്ത് കമ്പനികളാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്റേതായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. എതിർ കമ്പനികളായ റിലയൻസ് ഇൻഡസ്ട്രീസും ടാറ്റയും വലിയ നേട്ടം കൊയ്ത പാദത്തിലാണ് അദാനിയുടെ മോശം പ്രകടനം.

ഇതേ പാദത്തിൽ 15,792 കോടി രൂപയാണ് മുകേഷ് അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം. ടാറ്റയുടെ ഐടി ഭീമന്മാരായ ടിസിഎസ് ഇക്കാലയളവിൽ 10,846 കോടി രൂപയുടെ ലാഭമുണ്ടാക്കി. അമ്പതിനായിരം കോടി രൂപയ്ക്ക് മുകളിൽ വിപണിമൂല്യമുള്ള, ടാറ്റ ഗ്രൂപ്പിന്റെ ആറ് ലിസ്റ്റഡ് കമ്പനികൾ 13,622 കോടി രൂപയുടെ ആദായമുണ്ടാക്കി. ടാറ്റയുടെ മറ്റു 17 ലിസ്റ്റഡ് കമ്പനികൾ 14,864 രൂപയുടെ ലാഭവും കൊയ്തു. കമ്പനി ഫയലിങ്‌സ് രേഖകളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്‌സ്പ്രസാണ് വാർത്ത റിപ്പോർട്ടു ചെയ്തത്.

വരുമാനത്തിൽ റിലയൻസ് ഇൻഡസ്ട്രീസിനും അദാനിക്കും മുകളിലാണ് ടാറ്റ. ടാറ്റയുടെ ആറ് പ്രധാന കമ്പനികളുടെ വരുമാനം ഈ പാദത്തിൽ 2.33 ലക്ഷം കോടി രൂപയാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റേത് 2.20 ലക്ഷം കോടി രൂപയും. അദാനിയുടെ 10 ലിസ്റ്റഡ് കമ്പനികളുടെ വരുമാനം ഒരു ലക്ഷം കോടിക്കും താഴെയാണ്, 74,000 കോടി രൂപ. ഗൗതം അദാനി നേതൃത്വം നൽകുന്ന ഗ്രൂപ്പിന് 1.96 ലക്ഷം കോടിയുടെ മൊത്തം കടവുമുണ്ട്. റിലയൻസിന്റെ കടം 1.10 ലക്ഷം കോടി രൂപയാണ്.

ലാഭത്തിൽ റിലയൻസിനും ടാറ്റയ്ക്കും ഒപ്പമെത്തിയില്ലെങ്കിലും വിപണി മൂല്യത്തിൽ പിന്നിലായിരുന്നില്ല അദാനി. ജനുവരി 24ന് 19.20 ലക്ഷം കോടി രൂപയാണ് അദാനിയുടെ മൂല്യം. ടാറ്റയ്ക്ക് തൊട്ടുപിന്നിൽ. 21.74 ലക്ഷം കോടിയാണ് ടാറ്റയുടെ മൂല്യം. റിലയൻസിന്റെ വിപണി മൂല്യം ജനുവരി 24ന് 16.63 ലക്ഷം കോടി രൂപയും.

അതിനിടെ, യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിന് പിന്നാലെ അദാനി ഓഹരികൾക്ക് വൻ തിരിച്ചടി നേരിട്ടു. പെരുപ്പിച്ചു കാട്ടിയാണ് അദാനി ഓഹരികളുടെ വിനിമയം നടക്കുന്നത് എന്നായിരുന്നു ഹിൻഡൻബർഗിന്റെ പ്രധാന ആരോപണം. ഇതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ പത്തു ലക്ഷം കോടി രൂപയാണ് അദാനി കമ്പനികളുടെ വിപണിമൂല്യത്തിൽനിന്ന് ഒലിച്ചുപോയത്. ഫെബ്രുവരി 18ന് 8.58 ലക്ഷം കോടിയാണ് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യം. ജനുവരി 24ന് 19.20 ലക്ഷം കോടിയുണ്ടായിരുന്ന മൂല്യമാണ് കുത്തനെ താഴേക്കു പതിച്ചത്.

അദാനി ടോട്ടൽ ഗ്യാസിന്റെ ഓഹരിയിൽ 75 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. അദാനി ട്രാൻസ്മിഷനും അദാനി ഗ്രീൻ എനർജിക്കും 65 ശതമാനത്തിലേറെ ഇടിവുണ്ടായി. അദാനി എന്റർപ്രൈസസിന് അമ്പത് ശതമാനത്തോളം ഇടിവാണ് വിപണിയിൽ ഉണ്ടായത്. തിരിച്ചടികൾക്ക് പിന്നാലെ, മൂഡീസ് അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികൾ ഗ്രൂപ്പിന്റെ റേറ്റിങ് ഔട്ട് ലുക്ക് കുറച്ചു. ചില ആഗോള ബാങ്കുകൾ അദാനി ബോണ്ടുകൾ സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്തു.

തിരിച്ചടികൾ ഗൗതം അദാനിക്ക് വ്യക്തിപരമായ നഷ്ടവുമുണ്ടാക്കി. സ്വന്തം ആസ്തിയിൽ 75.5 ബില്യൺ യുഎസ് ഡോളറിന്റെ ഇടിവാണ് ഉണ്ടായത്. നിലവിൽ 49.1 ബില്യൺ ഡോളറാണ് വ്യവസായ ഭീമന്റെ ആസ്തി. ബ്ലൂംബർഗിന്റെ ആഗോള സമ്പന്നപ്പട്ടികയിൽ രണ്ടിൽ നിന്ന് അദാനി 25ലേക്ക് വീഴുകയും ചെയ്തു. 83.6 ബില്യൺ ഡോളറുമായി മുകേഷ് അംബാനി പട്ടികയിൽ 11-ാമതാണ്. ഇന്ത്യയിൽ ഒന്നാമതും.

ഇക്കാലയളവിൽ റിലയൻസിന്റെ മൂല്യത്തിൽ നാമമാത്രമായ തിരിച്ചടി നേരിട്ടു. 16.63 ലക്ഷം കോടിയിൽ നിന്ന് 16.51 ലക്ഷം കോടി ആയാണ് മൂല്യം കുറഞ്ഞത്. എന്നാൽ ടാറ്റയുടെ മൂല്യം സുസ്ഥിരമായി നിലനിൽക്കുന്നു. 21.75 ലക്ഷം കോടിയാണ് ഇപ്പോൾ ടാറ്റ സ്ഥാപനങ്ങളുടെ വിപണിമൂല്യം.

നിക്ഷേപകരുടെ വിശ്വാസം തിരിച്ചുപിടിക്കാൻ കഴിയാത്തതാണ് ഇപ്പോൾ അദാനി ഗ്രൂപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 'അദാനി ഓഹരികളുടെ ഭാവിപഥം പ്രവചിക്കുക ബുദ്ധിമുട്ടാണ്. അത് വളരെ സെൻസിറ്റീവായി മാറിക്കഴിഞ്ഞിട്ടുണ്ട്. വിപണിമൂല്യം തിരിച്ചുപിടിക്കാന്‍ സമയമെടുക്കും.' - എന്നാണ് മുംബൈ ആസ്ഥാനമായ ബ്രോക്കറേജ് കമ്പനിയിലെ ഗവേഷക മേധാവി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിനോട് പ്രതികരിച്ചത്.

Summary: How Adani group fared against Tata and Reliance Industries





TAGS :

Next Story