Quantcast

പാചകവാതക ക്ഷാമം: വിപണിയിൽ കൂപ്പുകുത്തി സ്വിഗ്ഗിയും സൊമാറ്റോയും,ഒരാഴ്ചയ്ക്കിടെ ഓഹരികളിൽ 7% ഇടിവ്

ഇൻഡക്ഷൻ കുക്കർ വിൽപന വർധിച്ചതോടെ അനുബന്ധ കമ്പനികളുടെ ഓഹരി വില കുതിച്ചുയരുകയാണ്

MediaOne Logo

തമീം സിപി

  • Published:

    12 March 2026 1:50 PM IST

Indian Food Delivery Stocks Drop as Gas Shortage Hit Restaurants
X

image used for illustrative purposes only

മുംബൈ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെത്തുടർന്ന് ഇന്ത്യയിൽ പാചകവാതക ക്ഷാമം രൂക്ഷമായതോടെ രാജ്യത്തെ ഫുഡ് ഡെലിവറി കമ്പനികളുടെ ഓഹരി വിലയിൽ വൻ ഇടിവ്. പ്രമുഖ കമ്പനികളായ എറ്റേണൽ ലിമിറ്റഡ് (സൊമാറ്റോ), സ്വിഗ്ഗി എന്നിവയുടെ ഓഹരികൾ ഇന്ന് നാല് ശതമാനം ഇടിഞ്ഞു. സൊമാറ്റോ ഓഹരികൾ 213.06 രൂപയിലേക്കും സ്വിഗ്ഗി 271.10 രൂപയിലേക്കുമാണ് താഴ്ന്നത്. ഒരാഴ്ചയ്ക്കിടെ ഏകദേശം 7% വരെ ഇടിവാണ് ഈ ഓഹരികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ പല റെസ്റ്റോറന്റുകളും പ്രവർത്തന സമയം വെട്ടിക്കുറയ്ക്കുകയും മെനു പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത് ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകളിലെ ഓർഡറുകളുടെ എണ്ണത്തെ കാര്യമായി ബാധിക്കുമെന്ന് നിക്ഷേപകർ ഭയപ്പെടുന്നു. കഴിഞ്ഞ നാല് പാദങ്ങളായി മികച്ച വളർച്ച രേഖപ്പെടുത്തിയിരുന്ന സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും ഈ സാഹചര്യം വലിയൊരു തിരിച്ചടിയാണ്. നിലവിലെ പ്രതിസന്ധി മാർച്ച് മാസം വരെ നീണ്ടുനിന്നാൽ ഈ സാമ്പത്തിക വർഷത്തെ അവസാന പാദത്തിലെ ലാഭത്തെ ഇത് ബാധിക്കുമെന്നാണ് വിപണി വിദഗ്ധരുടെ മുന്നറിയിപ്പ്.

മിഡിൽ ഈസ്റ്റിൽ നിന്നുള്ള എൽപിജി ഇറക്കുമതി തടസ്സപ്പെട്ടതോടെ ഇന്ത്യയിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും സിലിണ്ടറുകൾക്കായി കാത്തിരിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന പാചകവാതകത്തിന്റെ 90 ശതമാനവും ഖത്തർ, സൗദി അറേബ്യ, കുവൈത്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് വരുന്നത്. ഇതിൽ സിംഹഭാഗവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത് എന്നതിനാൽ അവിടെയുണ്ടാകുന്ന ഏത് ചെറിയ തടസ്സവും അടുക്കളകളെ നേരിട്ട് ബാധിക്കും.

മറ്റ് ഇന്ധനങ്ങളെപ്പോലെ ഇന്ത്യയിൽ എൽപിജിക്ക് പ്രത്യേക കരുതൽ ശേഖരം ഇല്ലാത്തത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നുണ്ട്. ഹോട്ടലുകൾക്ക് സുരക്ഷാ കാരണങ്ങളാൽ അഞ്ചിൽ കൂടുതൽ സിലിണ്ടറുകൾ സൂക്ഷിക്കാൻ അനുവാദമില്ല. വിതരണം തടസ്സപ്പെട്ടാൽ 48 മുതൽ 72 മണിക്കൂറിനുള്ളിൽ തന്നെ ഹോട്ടലുകളുടെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയാണുള്ളത്. ചെറുകിട റെസ്റ്റോറന്റുകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്.

ഫുഡ് ഡെലിവറി ആപ്പുകൾക്ക് പുറമെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലകളായ ജൂബിലന്റ് ഫുഡ് വർക്ക്‌സ്, സഫയർ ഫുഡ്‌സ് എന്നിവയുടെ ഓഹരികളിലും ഇടിവ് നേരിട്ടു. പാചകവാതക വിതരണം സാധാരണ നിലയിലാകുന്നത് വരെ ഈ മേഖലയിലെ അനിശ്ചിതത്വം തുടരാനാണ് സാധ്യത. വരും ദിവസങ്ങളിൽ അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ചായിരിക്കും ഈ ഓഹരികളുടെ ഭാവി നിശ്ചയിക്കപ്പെടുക.

അതോസമയം ഗ്യാസ് പ്രതിസന്ധി പരിഹരിക്കാൻ ജനങ്ങൾ മറ്റ് വഴികൾ തേടുന്നത് വിപണിയിൽ പുതിയ മാറ്റങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. പാചകവാതകത്തിന് പകരം വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇൻഡക്ഷൻ കുക്കറുകളുടെ വിൽപന കുതിച്ചുയർന്നു. ഇതോടെ ടി.ടി.കെ പ്രസ്റ്റീജ് , സ്റ്റൗ ക്രാഫ്റ്റ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ വിപണിയിൽ വൻ മുന്നേറ്റമാണ് നടകുന്നത്.

TAGS :

Next Story