രണ്ടു വർഷത്തിനിടെ ഏറ്റവും വലിയ വീഴ്ച; കുത്തനെ ഇടിഞ്ഞ് വിദേശനാണ്യ കരുതൽ ശേഖരം

ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴോട്ട്

MediaOne Logo

Web Desk

  • Updated:

    2022-09-11 05:49:53.0

Published:

11 Sep 2022 5:49 AM GMT

രണ്ടു വർഷത്തിനിടെ ഏറ്റവും വലിയ വീഴ്ച; കുത്തനെ ഇടിഞ്ഞ് വിദേശനാണ്യ കരുതൽ ശേഖരം
X

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിൽ (ഫോറക്‌സ് റിസർവ്) 7.94 ബില്യണ്‍ ഡോളറിന്റെ ഇടിവ്. സെപ്തംബർ രണ്ടിന് അവസാനിച്ച വാരത്തിൽ 553.105 ബില്യൺ ഡോളറാണ് ഫോറക്‌സ് റിസർവെന്ന് റിസർവ് ബാങ്ക് പുറത്തുവിട്ട പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പറയുന്നു. 23 മാസത്തിനിടെയുള്ള ഏറ്റവും വലിയ വീഴ്ചയാണിത്. തുടർച്ചയായ അഞ്ചാം ആഴ്ചയാണ് കരുതൽ ശേഖരത്തിൽ ഇടിവു രേഖപ്പെടുത്തുന്നത്. ആഗസ്ത് 26ന് അവസാനിച്ച വാരത്തിൽ 3.007 ബില്യൺ ഡോളറും മുൻ ആഴ്ചയിൽ 6.687 ബില്യൺ ഡോളറുമാണ് റിസർവിൽ കുറവുണ്ടായിരുന്നത്.

ഇന്ത്യൻ കറൻസിയുടെ മൂല്യം പിടിച്ചു നിർത്താൻ റിസർവ് ബാങ്ക് ഡോളർ വിൽക്കുന്നതാണ് കരുതൽ ശേഖരം കുറയാനുള്ള കാരണം. കേന്ദ്ര ബാങ്ക് സൂക്ഷിക്കുന്ന വിദേശ കറൻസി ആസ്തിയാണ് ഫോറക്സ് എക്സ്ചേഞ്ച്. ബാങ്ക് നോട്ടുകൾ, നിക്ഷേപം, ബോണ്ടുകൾ, ട്രഷറി ബില്ലുകൾ, മറ്റു ഗവൺമെന്റ് സെക്യൂരിറ്റികൾ തുടങ്ങിയവയെല്ലാം ഫോറക്സ് എക്സ്ചേഞ്ചിൻറെ ഭാഗമാണ്.

'രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് സംരക്ഷിക്കാൻ ആർബിഐ തുടർച്ചയായി ഫോറക്‌സ് വിപണിയിൽ ഇടപെട്ടു കൊണ്ടിരിക്കുകയാണ്. ആഗസ്തിൽ മാത്രം ഫോറക്‌സ് റിസർവ് 573.9 ബില്യൺ ഡോളറിൽനിന്ന് 553.1 ബില്യൺ ഡോളറായി കുറഞ്ഞു. ഏഷ്യൻ കറൻസികൾക്കിടയിൽ രൂപ ദുർബലമാകാതെ നിൽക്കുകയും ചെയ്തു.' എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് റിസർച്ച് അനാലിസ്റ്റ് ദിലീപ് പാർമർ ധനകാര്യ മാധ്യമമായ ബിസിനസ് സ്റ്റാൻഡേഡിനോട് പറഞ്ഞു.

അതിനിടെ, യുഎസ് ഡോളറിനെതിരെയുള്ള വിനിമയത്തിൽ രൂപ വീണ്ടും ഇടിഞ്ഞു. 80.13 രൂപയാണ് ഒരു ഡോളറിന്റെ ഇപ്പോഴത്തെ മൂല്യം. 2022ൽ യുഎസ് കറൻസിക്കെതിരെ രൂപയുടെ മൂല്യം 6.6 ശതമാനമാണ് കുറഞ്ഞത്. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന് പിന്നാലെ അന്താരാഷ്ട്ര നിക്ഷേപകർ കൂടുതൽ കരുത്തുള്ള ഡോളറിലേക്ക് നിക്ഷേപം മാറ്റിയതിനെ തുടർന്നാണ് ഇന്ത്യൻ വിപണി ദുർബലമായത്.

Summary: As per weekly statistical supplement by RBI, foreign currency assets dropped by $6.527 billion to $492.117 billion during the week ended September 2.

TAGS :

Next Story