ബാങ്കിലെ ജോലി വേണ്ടെന്നു വെച്ച് പാല്‍ക്കാരനായി, ഇപ്പോള്‍ ഔഡിയില്‍ പാല്‍ വില്‍പന
കോവിഡ് കാലത്താണ് അമിത് ഭദാന ബാങ്കിലെ ജോലി വേണ്ടെന്നു വെച്ച് കുടുംബത്തിന്റെ പാല്‍ക്കച്ചവടത്തില്‍ സഹായിക്കാനിറങ്ങിയത്.

ഫരീദാബാദ്: ദിവസവും രാവിലെ എന്‍സിആര്‍ സിറ്റിയിലൂടെ ചുറ്റിത്തിരിയുന്ന ആഡംബര കാറായ ഔഡി കണ്‍വേര്‍ട്ടിബിള്‍ പുതുമയുള്ള കാഴ്ചയല്ല ഇവിടത്തുകാര്‍ക്ക്. വണ്ടി നിറയെ പാലുമായി 34 കാരനായ മുന്‍ ബാങ്ക് ജീവനക്കാരന്‍ അമിത് ഭദാനയാണ് വളയത്തിനു പിറകില്‍.
കോവിഡ് കാലത്താണ് അമിത് ഭദാന ബാങ്കിലെ ജോലി വേണ്ടെന്നു വെച്ച് കുടുംബത്തിന്റെ പാല്‍ക്കച്ചവടത്തില്‍ സഹായിക്കാനിറങ്ങിയത്. തുടക്കത്തില്‍ സഹോദരന്റെ അഭാവത്തില്‍ താല്‍ക്കാലിക സഹായത്തിനായാണ് പാല്‍ വിതരണത്തിന് ഇറങ്ങിയതെങ്കിലും പിന്നീട് അതൊരു മുഴുവന്‍ സമയ ജോലിയായി സ്വീകരിക്കുകയായിരുന്നു.
ഹാര്‍ലി ഡേവിഡ്‌സണിലാണ് ആദ്യം പാല്‍വില്‍പന നടത്തിയിരുന്നത്. പക്ഷേ വേനല്‍ക്കാലത്തെ അസഹ്യമായ ചൂട് കാരണം ബൈക്കിലെ വില്‍പന വെല്ലുവിളിയായി. അങ്ങനെയാണ് ആഡംബര കാറായ ഔഡി എ3 കണ്‍വേര്‍ട്ടിബിള്‍ പാല്‍ വണ്ടിയാക്കിയത്. കാലാവസ്ഥയ്ക്കനുസരിച്ച് ക്രമീകരിക്കാന്‍ സാധിക്കുന്ന മേല്‍ക്കൂരയായതിനാല്‍ കൂടുതല്‍ നേരം തെരുവുകളില്‍ ചെലവഴിക്കുന്നതിനും ബുദ്ധിമുട്ടില്ലെന്ന് ഭദാന പറയുന്നു.
എന്നും രാവിലെ സെക്ടര്‍ 21, സൈനിക് കോളനി, ഫരീദാബാദ് എന്‍ഐടി പരിസരം എന്നിങ്ങനെ 70 കിലോമീറ്ററോളം ദൂരത്തില്‍ ചുറ്റി 120 ലിറ്ററിനടുത്ത് പാലാണ് ഒരു ദിവസം വില്‍ക്കുന്നത്. 50 ലക്ഷം വിലവരുന്ന ഔഡി കാബ്രിയോലെയില്‍ പാല്‍വിതരണം നടത്തുന്നത് പ്രദേശവാസികള്‍ക്കും പുറത്തുള്ളവര്‍ക്കും ആദ്യമൊരത്ഭുതമായിരുന്നു. ഇപ്പോഴും പലര്‍ക്കുമൊരു കൗതുക കാഴ്ചയാണ് ഈ ഔഡി പാല്‍വണ്ടി.
'ഓരോ യാത്രയും ആവേശമാണിപ്പോള്‍. ആഡംബര വാഹനങ്ങളോടുള്ള തന്റെ പ്രണയം സാക്ഷാത്കരിക്കുമ്പോള്‍ തന്നെ കുടുംബത്തിന്റെ പാരമ്പര്യവും തുടരാന്‍ സാധിക്കുന്നതില്‍ പരം സന്തോഷം വേറെന്തുണ്ട്' എന്നാണ് ഭദാനയുടെ പക്ഷം.
ദിവസവും 400 രൂപയോളം ഇന്ധനത്തിനു മാത്രമായി ചെലവു വരുന്നുണ്ടെങ്കിലും വാഹനം മാറ്റാനുള്ള പദ്ധതിയൊന്നും ഭദാനയ്ക്കില്ല. ഔഡിയിലെ പാല്‍ക്കാരനെക്കുറിച്ചുള്ള വാര്‍ത്തയറിഞ്ഞ് പല ഭാഗത്ത് നിന്നും ആവശ്യക്കാരെത്തുന്നുണ്ട്.
മൊഹ്താബാദില്‍ 32 പശുക്കളും 6 എരുമകളുമുള്ള ഡയറി ഫാമാണ് ഭദാന കുടുംബത്തിന്റേത്. സൈന്യത്തില്‍ നിന്ന് വിരമിച്ച പിതാവ് റാം അവതാറാണ് ഫാമിന്റെ നടത്തിപ്പുകാരന്‍. സഹോദരങ്ങളായ ലളിതും രാജ് സിങും സഹായത്തിനുണ്ട്. രണ്ട് പെണ്‍മക്കളും ഭാര്യയും കൂടിയടങ്ങുന്നതാണ് ഭദാനയുടെ കുടുംബം.
വരാനിരിക്കുന്ന ശൈത്യകാലത്ത് തന്റെ ഹാര്‍ലി ഡേവിഡ്‌സണില്‍ പാല്‍ വില്‍പനയ്ക്കിറങ്ങണമെന്നാണ് അമിത് ഭദാനയുടെ തീരുമാനം. അതുവരെ ഔഡിയിലെ പാല്‍ക്കാരനായി എന്‍സിആര്‍ സിറ്റിയുടെ തെരുവുകളില്‍ ഭദാനയുണ്ടാകും.
Adjust Story Font
16

