മീഷോ ഐപിഒക്ക് സെബി അനുമതി; കൂടുതൽ സ്റ്റാർട്ട്അപ് കമ്പനികൾ ഓഹരി വിപണിയിലേക്ക്
ഓഹരി വിൽപ്പനയിലൂടെ ഏകദേശം 480 മില്യൺ ഡോളർ (4250 കോടി രൂപ) സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്

Meesho | Photo | Reuters
മുംബൈ: ഇ- കൊമേഴ്‌സ് സ്റ്റാർട്ട്അപ് മീഷോയുടെ പ്രഥമ ഓഹരി വിൽപ്പനക്ക് സെക്യൂരിറ്റി ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യുടെ അനുമതി. 7000 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഐപിഒ ഡിസംബറിൽ വിപണിയിലെത്തുമെന്നാണ് സൂചന. ജൂലൈയിലാണ് മീഷോ സെബിക്ക് ഐപിഒ അപേക്ഷ നൽകിയത്.
സ്റ്റാർട്ട്അപ്പുകൾക്ക് ഓഹരി വിപണിയിൽ വൻ സ്വീകാര്യത ലഭിക്കാൻ തുടങ്ങിയതോടെ കൂടുതൽ കമ്പനികൾ എത്തുന്നുണ്ട്. ലെൻസ്‌കാർട്ട്, ഗ്രോ തുടങ്ങിയ സ്റ്റാർട്ട്അപ്പുകളാണ് ഐപിഒക്ക് തയ്യാറെടുക്കുന്നത്.
88,770 കോടിയോളം രൂപയുടെ മൂല്യമുള്ള കമ്പനിയാണ് മീഷോ. മൊത്തം ഓഹരിയുടെ 10 ശതമാനമാണ് സാധാരണ കമ്പനികൾ ഐപിഒയിൽ വിൽക്കാറുള്ളത്. ഉടമകളായ വിദിത് ആത്രേ, സഞ്ജീവ് ബോൾവാൾ എന്നിവർക്കൊപ്പം പീക് എക്‌സ്‌വി പാർട്‌ണേഴ്‌സ്, എലിവേഷൻ കാപിറ്റൽ, വെൻച്വർ ഹൈവേ, വൈ കോംപിനേറ്റർ തുടങ്ങിയ നിക്ഷേപ കമ്പനികളും ഐപിഒയിലൂടെ ഓഹരികൾ വിൽക്കും.
ഓഹരി വിൽപ്പനയിലൂടെ ഏകദേശം 480 മില്യൺ ഡോളർ (4250 കോടി രൂപ) സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഓഫർ ഫോർ സെയിൽ (OFS) ആയി 250- 300 മില്യൺ ഡോളർ കൂടി ഉണ്ടാകും. ഇത് കമ്പനിയുടെ മൊത്തം ഐപിഒ ഏകദേശം 700- 800 മില്യൺ ഡോളറായി ഉയർത്തും. സാങ്കേതിക ചെലവുകൾ, ബ്രാൻഡ് ബിൽഡിങ്, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഈ ഫണ്ട് ഉപയോഗിക്കും.
Adjust Story Font
16

