അംബാനിയോ അദാനിയോ അല്ല, ഇദ്ദേഹമാണ് ഇന്ത്യയിലെ എക്കാലത്തെയും വലിയ സമ്പന്നൻ!

ലോകത്തെ എക്കാലത്തെയും വലിയ 25 അതിസമ്പന്നരിൽ ആറാമതാണ് ഇദ്ദേഹത്തിന്റെ സ്ഥാനം

MediaOne Logo

Web Desk

  • Updated:

    2022-04-01 14:03:12.0

Published:

1 April 2022 2:03 PM GMT

അംബാനിയോ അദാനിയോ അല്ല, ഇദ്ദേഹമാണ് ഇന്ത്യയിലെ എക്കാലത്തെയും വലിയ  സമ്പന്നൻ!
X

ഇന്ത്യയിലെ എക്കാലത്തെയും വലിയ സമ്പന്നൻ എന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്നത് ആരൊക്കെയാണ്? അംബാനി, അദാനി, ടാറ്റ... എന്നിങ്ങനെയൊക്കെയാണ് മിക്കവരുടെയും ഉള്ളിലെത്തുക. എന്നാൽ മൊത്തം ആസ്തി കണക്കിലെടുക്കുമ്പോൾ രാജ്യത്തെ അതിസമ്പന്നൻ ഇവരിലാരുമല്ല എന്നതാണ് യാഥാർത്ഥ്യം.

ആ സമ്പന്നനെ കണ്ടെത്തണമെങ്കിൽ ചരിത്രത്തിലേക്ക് തിരിഞ്ഞുനടക്കണം. ഹൈദരാബാദിലെ അവസാന നവാബായിരുന്ന നൈസാം മീർ ഉസ്മാൻ അലി ഖാനാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ ധനികൻ. 1911 മുതൽ 1948 വരെ ഹൈദരാബാദ് ഭരിച്ച നൈസാമാണ് ഉസ്മാൻ അലി ഖാൻ. നൈസാം ഏഴാമൻ എന്നും അറിയപ്പെടുന്നു.

എത്രയാണ് ആസ്തി?

പണപ്പെരുപ്പം തുലനപ്പെടുത്തി കണക്കാക്കുകയാണ് എങ്കില്‍ ഉസ്മാൻ അലി ഖാന്റെ ആസ്തി 17.47 ലക്ഷം കോടി രൂപയാണെന്ന് സെലിബ്രിറ്റി നെറ്റ് വർത്ത് ഡോട് കോം റിപ്പോർട്ടു ചെയ്യുന്നു. 230 ബില്യൺ യുഎസ് ഡോളർ. ഏകദേശം സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌കിന്റെ ആസ്തിക്ക് തുല്യമായ തുകയാണിത്. ഫോബ്സിന്‍റെ കണക്കു പ്രകാരം 270 ബില്യൺ യുഎസ് ഡോളറാണ് മസ്‌കിന്റെ ആസ്തി.

മിര്‍ ഉസ്മാന്‍ അലി ഖാന്‍

ലോകത്തെ എക്കാലത്തെയും വലിയ 25 അതിസമ്പന്നരിൽ ആറാമതാണ് ഇദ്ദേഹത്തിന്റെ സ്ഥാനം. നൂറ് മില്യൺ യുഎസ് ഡോളർ മൂല്യമുള്ള സ്വർണം, 95 ദശലക്ഷം വില വരുന്ന ജേക്കബ് ഡയമണ്ട് അടക്കം 400 ദശലക്ഷം ഡോളർ മൂല്യം വരുന്ന ആഭരണങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥനായിരുന്നു ഇദ്ദേഹം. തന്റെ ഓഫീസിൽ പേപ്പർവെയ്റ്റായി ഡയമണ്ട് ആയിരുന്നു ഇദ്ദേഹം ഉപയോഗിച്ചിരുന്നത്. 50 റോൾസ് റോയ്‌സ് കാറുകൾ ഇദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്! 1967ൽ എൺപതാം വയസ്സിലാണ് ഉസ്മാൻ അലി ഖാൻ അന്തരിച്ചത്.

ആരാണ് ഉസ്മാൻ അലി ഖാൻ?

ഹൈദരാബാദ് ഭരിച്ച ഏഴു നൈസാമുമാരിൽ ഒരാളാണ് ഉസ്മാൻ അലി ഖാൻ. 1948ൽ ഇന്ത്യയുമായി കൂട്ടിച്ചേർക്കുന്നതു വരെ ഹൈദരാബാദ് സ്റ്റേറ്റിന്റെ ഭരണാധികാരിയായിരുന്നു. 1886 ഏപ്രിൽ ആറിന് മഹ്ബൂബ് അലി ഖാന്റെയും അസ്മതുൽ സഹ്‌റ ബീഗത്തിന്റെയും രണ്ടാമത്തെ മകനായാണ് ജനനം.

മെഹ്ബൂബ് അലി ഖാൻ മരിച്ച ശേഷമാണ് ഭരണം ഏറ്റെടുത്തത്. ഗോൽകൊണ്ടയിലെ ഖനികളായിരുന്നു നൈസാമുമാരുടെ പ്രധാന വരുമാന സ്രോതസ്സ്. 18-ാം നൂറ്റാണ്ടിൽ ആഗോള ഡയമണ്ട് വിപണിയിലെ ഏക വിതരണക്കാരൻ ഹൈദരാബാദ് ഭരണകൂടമായിരുന്നു. വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകിയിരുന്ന ഭരണകൂടം ആകെ ബജറ്റിന്റെ 11 ശതമാനവും ചെലവഴിച്ചിരുന്നത് ഈ മേഖലയിലായിരുന്നു. ജാമിഅ നിസാമിയ്യ, ദാറുൽ ഉലൂം ദുയൂബന്ദ് തുടങ്ങിയ ഉന്നത മുസ്‌ലിം കലാലയങ്ങളുടെ പ്രധാന സാമ്പത്തിക സ്രോതസ്സും നൈസാമുമാരായിരുന്നു. 1918ൽ ഉസ്മാനിയ്യ സർവകലാശാല സ്ഥാപിച്ചത് ഉസ്മാൻ അലി ഖാനാണ്. ബനാറസ് ഹിന്ദു സർവകലാശാലയ്ക്ക് അക്കാലത്ത് ഒരു ദശലക്ഷം രൂപ സംഭാവന നൽകിയിട്ടുണ്ട്. സ്റ്റേറ്റിലെ എല്ലാ പൗരന്മാർക്കും പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയത് ഇദ്ദേഹത്തിന്റെ കാലത്താണ്.

നെഹ്രുവിന്‍റെ കൂടെ


ഹൈദരാബാദ് നഗരത്തിലെ മിക്ക കെട്ടിടങ്ങളുടെ പിന്നിലും ഇദ്ദേഹത്തിന്റെ കൈകളുണ്ട്. ഹൈദരാബാദ് ഹൈക്കോടതി, അസഫിയ്യ ലൈബ്രറി എന്ന് നേരത്തെ അറിയപ്പെട്ടിരുന്ന സെൻട്രൽ ലൈബ്രറി, അംസംബ്ലി ഹാൾ, സ്റ്റേറ്റ് മ്യൂസിയം, നിസാമിയ ഒബ്‌സർവേറ്ററി എന്നിവ ഇതിൽ ചിലതാണ്.

ബ്രിട്ടീഷ് ബന്ധം

ബ്രിട്ടീഷുകാരുമായി സന്ധിയിലായ നാട്ടു രാജ്യമായിരുന്നു ഹൈദരാബാദ്. അവശ്യഘട്ടത്തിൽ അന്നത്തെ ബ്രിട്ടീഷ് രാജകുടുംബത്തിന് 25 ലക്ഷം പൗണ്ടാണ് നൈസാം വായ്പ നൽകിയത്. ലോകമഹായുദ്ധ കാലത്ത് നൈസാം നൽകിയ സാമ്പത്തിക പിന്തുണയ്ക്ക് പകരമായി 'ഗവൺമെന്റിന്റെ വിശ്വസ്ത മിത്രം' പദവിയാണ് ബ്രിട്ടൻ നൽകിയത്. എലിസബത്ത് രാജ്ഞിയുടെ വിവാഹത്തിന് വജ്രാഭരണങ്ങളുടെ ഒരു സെറ്റ് തന്നെ അദ്ദേഹം അയച്ചിരുന്നു. നൈസാം ഓഫ് ഹൈദരാബാദ് നെക്ലേസ് എന്ന പേരിൽ അറിയപ്പെടുന്ന ആഭരണം രാജ്ഞി ഇപ്പോഴും ധരിക്കാറുണ്ട്.

എന്നിട്ടും ദരിദ്രനെ പോലെ!

പേപ്പർ വെയ്റ്റായി ഡയമണ്ട് വരെ ഉപയോഗിച്ച അദ്ദേഹം ലളിതജീവിതമാണ് നയിച്ചിരുന്നത് എന്നതാണ് കൗതുകകരം. വിശേഷപ്പെട്ട അതിഥികൾ വരുമ്പോഴല്ലാതെ അദ്ദേഹം രാജകീയ വസ്ത്രങ്ങൾ ധരിച്ചിരുന്നില്ല. അധികാരത്തിലിരുന്ന മൂന്നരപ്പതിറ്റാണ്ടു കാലം ഒരേയൊരു തൊപ്പിയായിരുന്നത്രേ അദ്ദേഹം ധരിച്ചിരുന്നത്.

ഒരിക്കൽ ഒരു ഐസ്‌ക്രീം വിൽപ്പനക്കാരനിൽ നിന്ന് വില കൂടിയതു കൊണ്ട് നൈസാം അതു വാങ്ങാതെ പോയി എന്നൊരു കഥയുണ്ട്. ഇരുപത് പൈസയിൽ താഴെ ആയിരുന്നത്രേ വിൽപ്പനക്കാരൻ ആവശ്യപ്പെട്ടത്.

മിർ ഉസ്മാൻ ഖാന്റെ അന്ത്യചടങ്ങുകൾക്കായി ഒത്തുകൂടിയ ജനം

ഓപറേഷൻ പോളോയിലൂടെ ഇന്ത്യ ഹൈദരാബാദ് ഏറ്റെടുത്ത ശേഷവും നൈസാം 'പ്രജകളുടെ' കാര്യത്തിൽ ശ്രദ്ധാലുവായിരുന്നു എന്ന് ചരിത്രം പറയുന്നു. 1965ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിന് പിന്നാലെ രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ നാഷണൽ ഡിഫൻസ് ഗോൾഡ് സ്‌കീം വഴി 425 കിലോ സ്വർണമാണ് നൈസാം നിക്ഷേപിച്ചത്.

1967 ഫെബ്രുവരി 24നാണ് മരിച്ചത്. ഔസ്യത്ത് പ്രകാരം ഉമ്മയുടെ ഖബറിനരികെ മസ്ജിദെ ജൂദിയിലെ ഖബറിസ്ഥാനിൽ അദ്ദേഹത്തെ മറവു ചെയ്തു. പത്തു ലക്ഷത്തോളം പേർ ഇദ്ദേഹത്തിന്‍റെ അന്ത്യചടങ്ങുകളിൽ പങ്കെടുത്തു എന്നാണ് ചരിത്രം.

TAGS :

Next Story