Quantcast

ഇഡലി, ദോശ മാവു വിറ്റ് ശതകോടീശ്വരൻ; ഇത് പി.സി മുസ്തഫയുടെ വിസ്മയിപ്പിക്കുന്ന ജീവിതകഥ

നിശ്ചയദാർഢ്യത്തിന്റെ കരുത്താണ് ജീവിതത്തിലെ വിജയമെന്ന് മുസ്തഫ തറപ്പിച്ചു പറയുന്നു. മൂല്യങ്ങൾക്കു വേണ്ടി താജ് അടക്കമുള്ള വമ്പൻ ഗ്രൂപ്പുകളുടെ ഓഫറുകൾ കമ്പനി വേണ്ടെന്നു വച്ചിട്ടുണ്ട്.

MediaOne Logo

അഭിമന്യു എം

  • Updated:

    2021-09-12 07:55:18.0

Published:

11 Sep 2021 12:53 PM GMT

ഇഡലി, ദോശ മാവു വിറ്റ് ശതകോടീശ്വരൻ; ഇത് പി.സി മുസ്തഫയുടെ വിസ്മയിപ്പിക്കുന്ന ജീവിതകഥ
X

സംഘ്പരിവാറിന്റെ വിദ്വേഷപ്രചാരണങ്ങൾ കൊണ്ട് ഈയിടെ വാർത്തകളിൽ ഇടംപിടിച്ച കമ്പനിയാണ് ബംഗളൂരു ആസ്ഥാനമായ ഐഡി ഫ്രഷ് ഫുഡ്‌. ഭക്ഷണ ചേരുവയായി പശുക്കൊഴുപ്പ് ഉപയോഗിക്കുന്നു എന്ന ആരോപണമാണ് കമ്പനിക്കെതിരെ സംഘ് പ്രൊഫൈലുകൾ ഉന്നയിച്ചത്. ഇത് വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും ചെയ്തു.

എന്നാൽ ആരോപണങ്ങളിൽ ഒരു വസ്തുതയുമില്ലെന്ന് ഐഡി ഫ്രഷ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

യുവ മലയാളി സംരഭകൻ പി.സി മുസ്തഫയാണ് ബംഗളൂരു ആസ്ഥാനമായ ഐഡി ഫ്രഷിന്റെ സ്ഥാപകൻ. വീണിടത്തു നിന്ന് പൂർവ്വാധികം ശക്തിയോടെ എഴുന്നേറ്റു നടന്ന വിസ്മയകരമായ കഥയാണ് മുസ്തഫയുടേത്. വയനാട്ടിലെ ഒരു കുഗ്രാമത്തിൽ നിന്ന് ഇന്ത്യൻ ഭക്ഷ്യലോകത്തെ എണ്ണം പറഞ്ഞ പേരുകളിലൊന്നായ മുസ്തഫയുടെ വിജയയാത്രയ്ക്ക് സമാനതകളില്ല. അക്കഥ;

ആറിൽ തോറ്റ കുട്ടി

'ചെറുപ്പത്തിൽ മൂന്നു നേരം ഭക്ഷണം സ്വപ്നമായിരുന്നു. പ്രാതൽ ആഡംബരമായിരുന്നു. ആറിൽ തോറ്റ് ഒരു ഫാമിൽ കൂലിപ്പണിക്കാരനായി ജോലി ചെയ്തു. എന്നാൽ ഒരു വർഷത്തിനുള്ളിൽ സ്‌കൂളിലെ ടോപ്പറായി. എൻഐടിയിൽ ജോലി ചെയ്ത ശേഷം കാംപസ് പ്ലേസ്മെന്റ് കിട്ടി. 14000 രൂപയായിരുന്നു ശമ്പളം. ഉപ്പ വിചാരിച്ചത് അത് എന്റെ വാർഷികശമ്പളമാണെന്നാണ്. അത് അദ്ദേഹത്തിന്റെ ജീവിത സമ്പാദ്യത്തേക്കാൾ കൂടുതലായിരുന്നു. ആദ്യത്തെ ശമ്പളമെടുത്ത് ഉപ്പാക്ക് കൊടുത്തു. ആ പൈസ കിട്ടി ഉപ്പ കരഞ്ഞു. കാരണം ഉപ്പാന്റെ ജീവിതത്തിൽ ഉപ്പ അത്രയും പൈസ കണ്ടിട്ടുണ്ടായിരുന്നില്ല.'- തന്റെ ജീവിതത്തെ കുറിച്ച് മുസ്തഫ ഒരു ചടങ്ങിൽ പറയുന്നതിങ്ങനെയാണ്.

നൂറു പായ്ക്കറ്റുകൾ കൊണ്ടാണ് മുസ്തഫയും സംഘവും ഇഡലി, ദോശ മാവ് ബിസിനസ് ആരംഭിച്ചത്. എന്നാൽ അതു വിൽക്കാൻ ഒമ്പതു മാസമെടുത്തു. എന്നാലിന്ന് ഐഡി ആയിരം കോടിയുടെ ഫ്രഷ് ഫുഡ് ബ്രാൻഡാണ്. ഒരു ദിവസം പത്തു ലക്ഷം പേർക്ക് ഹെൽത്തി ഫുഡ് നൽകാൻ പറ്റുന്ന ഇന്ത്യയിലെ വമ്പൻ ബ്രാൻഡുകളിലൊന്ന്.


'ഇഡലി മാവ് പാക്കു ചെയ്യുന്ന ബിസിനസ് എന്നു കേൾക്കുമ്പോൾ ഇഡലി ബിസിനസോ, അരിക്കച്ചവടമോ എന്നാണ് ചോദിക്കുക. അമ്പതിനായിരം രൂപയായിരുന്നു ആദ്യത്തെ ഇൻവസ്റ്റ്മെന്റ്. ഒരു ഗ്രൈൻഡർ, മിക്സ്ചർ, വൈയിങ് സ്‌കൈൽ, സീലിങ് മെഷിൻ, ഒരു സെക്കൻഡ് ഹാൻഡ് ടിവിഎസ് സ്‌കൂട്ടിയും. യഥാർത്ഥത്തിൽ ഐഡിയുടെ ബിസിനസിലെ ഇൻവസ്റ്റ്മെന്റ് അതുമാത്രമാണ്. പിന്നെ പലരും വന്നു.' - അദ്ദേഹം പറയുന്നു.

താജ് ഗ്രൂപ്പിന്റെ നിരസിച്ച ഓർഡർ

നിശ്ചയദാർഢ്യത്തിന്റെ കരുത്താണ് ജീവിതത്തിലെ വിജയമെന്ന് മുസ്തഫ തറപ്പിച്ചു പറയുന്നു. വിശ്വസിക്കുന്ന മൂല്യങ്ങൾക്കു വേണ്ടി താജ് അടക്കമുള്ള വമ്പൻ ഗ്രൂപ്പുകളുടെ ഓഫറുകൾ കമ്പനി വേണ്ടെന്നു വച്ചിട്ടുണ്ട്. തന്റെ വാല്യൂ സിസ്റ്റം അതാണെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു.

'ഞങ്ങൾ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുന്ന വേളയിലാണ് ബംഗളൂരുവിലെ താജ് ഹോട്ടൽ ഗ്രൂപ്പിൽ നിന്ന് ഒരു വലിയ ഓർഡർ വരുന്നത്. എരിവുള്ള പെട്ടിയപ്പം (ആറാം നമ്പർ) ആയിരുന്നു ഓർഡർ. ഒരു സ്വപ്നം പോലെയായിരുന്നു അത്. 25 ലക്ഷമെങ്കിലും ലാഭം കിട്ടുന്ന ഒരു ഓർഡറായിരുന്നു. ഞാൻ ഹോട്ടൽ ഗ്രൂപ്പിന്റെ ഷെഫിനെ കണ്ടു. കൂടുതൽ പൈസയുണ്ടാക്കണമെന്ന ആർത്തിയിലാണ് അദ്ദേഹത്തെ കണ്ടത്. അദ്ദേഹം എന്നോട് പറഞ്ഞു. 'നിങ്ങളുടെ ഉത്പന്നം ഇഷ്ടപ്പെട്ടു. ഞങ്ങളത് ബാർ സ്നാക് ആയി ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു'. ഞാൻ ആദ്യമായാണ് ആ വാക്ക് കേൾക്കുന്നത്. ഞങ്ങൾ ഇക്കാര്യം ചർച്ച ചെയ്തു. ആ ഓർഡർ നിരാകരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ ഞാൻ താജ് ഷെഫിനെ വിളിച്ചു. ഓർഡർ നൽകാനാവില്ലെന്ന് പറഞ്ഞു. അദ്ദേഹം എന്നെ ചീത്തപ്പറഞ്ഞു. ഫോൺ താഴത്തു വച്ചപ്പോൾ എനിക്ക് കരച്ചിൽ വന്നു. കരച്ചിൽ വന്നത് ആ ഓർഡർ പോയതു കൊണ്ടല്ല, ഈ ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ ദൈവം തമ്പുരാൻ ഒരു തീരുമാനമെടുക്കാനുള്ള ധൈര്യം തന്നില്ലേ, അതിനാണ്. നമ്മുടെ മൂല്യം കോംപ്രമൈസ് ചെയ്തിട്ട് നമ്മൾ ഒരിക്കലും സമ്പാദിക്കരുത്.'- മുസ്തഫയുടെ വാക്കുകൾ.

പലിശ വാങ്ങില്ല, കൊടുക്കില്ല

പലിശ വാങ്ങുകയും കൊടുക്കുകയും ചെയ്യാത്ത ബിസിനസാണ് ഐഡിയുടേത്. ഇത്തരത്തിൽ ബിസിനസ് ചെയ്യുക എളുപ്പമല്ലെന്നും എന്നാൽ പൈസയുണ്ടാക്കാൻ മാത്രമുള്ള ബിസിനസല്ല തങ്ങൾ നടത്തുന്നെന്നും മുസ്തഫ ചൂണ്ടിക്കാട്ടുന്നു.


'പലയാളുകൾക്കും പല മൂല്യസംവിധാനങ്ങളുണ്ടാകും. ഞാൻ വിശ്വസിക്കുന്ന വാല്യു സിസ്റ്റപ്രകാരം ഞങ്ങൾ പലിശ വാങ്ങില്ല, കൊടുക്കില്ല. പലിശ തൊടാൻ പാടില്ലെന്ന തീരുമാനം ഞങ്ങൾ തുടക്കത്തിൽ എടുത്തിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങളുടെ യാത്രയിൽ ഞങ്ങൾ സീറോ ഡെബ്റ്റ് കമ്പനിയാണ്. ഒരു പൈസ പോലും പലിശയില്ല. വാഹനങ്ങൾക്കടക്കം ഒന്നുമില്ല. അത് അത്ര എളുപ്പമൊന്നുമല്ല. ഇത് വെറും പൈസയുണ്ടാക്കാനുള്ള ബിസിനസ് മാത്രമല്ല. മൂല്യങ്ങൾ തെളിയിക്കാനുള്ള ബിസിനസ് കൂടിയാണ്. 2014ൽ ഹീലിയോൺ ഇൻവസ്റ്റേഴ്സ് 35 കോടി ഇൻവസ്റ്റ് ചെയ്തു. അസീം പ്രേംജി 150 കോടി നിക്ഷേപിച്ചു. അത് വച്ചിട്ടാണ് ലോകോത്തര നിരവാരമുള്ള ഫാക്ടറികൾ ആരംഭിച്ചത്.'- അദ്ദേഹം പറഞ്ഞു.

വട വിത്ത് എ ഹോൾ

ഇഡലിയിലും ദോശയിലുമാണ് ആരംഭിച്ചത് എങ്കിലും ഐഡിയിപ്പോൾ വടയും ഇളനീരും ഫ്രോസൺ പൊറാട്ടയും വിപണിയിലെത്തിക്കുന്നുണ്ട്. തുളയുള്ള വട ഐഡിയുടെ മാത്രം പ്രത്യേകതയാണ്. വട വിത്ത് എ ഹോൾ എന്ന പ്രൊജക്ട് ഹാർവാർഡ് അടക്കം ലോകത്തുടനീളമുള്ള സ്ഥാപനങ്ങളുടെ കേസ് സ്റ്റഡിയാണെന്ന് മുസ്തഫ ചൂണ്ടിക്കാട്ടുന്നു.

2018ൽ ഹാവാർഡിലേക്കും യുഎന്നിലേക്കുമുള്ള യാത്രയെ കുറിച്ച് മുസ്തഫ പറയുന്നതിങ്ങനെ;

' മലയാളം മീഡിയത്തിൽ പഠിച്ച നാട്ടിൻപുറത്തുകാരനാണ് ഞാൻ. ഇംഗ്ലീഷിൽ സംസാരിക്കാനോ ഇംഗ്ലീഷ് മനസ്സിലാക്കാനോ കഴിയില്ലായിരുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും സ്റ്റേജിൽ കയറിയിട്ടില്ല. എഞ്ചിനീയറിങ്ങിന്റെ അവസാന വർഷം ഒരു സെമിനാറുണ്ടായിരുന്നു. സ്റ്റേജിൽ കയറി ആദ്യത്തെ ഒരു മിനിറ്റിൽ തന്നെ കാൽ വിറയ്ക്കാൻ തുടങ്ങി. ഒരു വാക്കു പോലും പറയാതെ ഇറങ്ങിപ്പോന്നു. അന്ന് ഞാൻ കരഞ്ഞു. എന്നാൽ അന്ന് ഞാൻ ഒരു പ്രാസംഗികനാകുമെന്ന് നിശ്ചയിച്ചുറപ്പിച്ചു. ഒരു വർഷത്തിനുള്ളിൽ ഹാവാർഡ് ബിസിനസ് സ്‌കൂളിൽ എന്റെ വിജയകഥ പറയാൻ ക്ഷണം കിട്ടി. ആ സ്റ്റോറി വൈറലായി. അതിന്റെ അടിസ്ഥാനത്തിൽ യുഎന്നിൽ നിന്ന് വിളി വന്നു. യുഎന്നിലും ഐഡിയുടെ കഥ അവതരിപ്പിച്ചു.'

ഉപ്പ എന്ന ശക്തി

ആറാം ക്ലാസിൽ തോറ്റ് വീട്ടിൽ വന്ന് കൂലിപ്പണിക്കു പോകുമ്പോൾ ഉപ്പയുടെ നിശ്ചയദാർഢ്യമാണ് തന്നെ തിരിച്ച് സ്‌കൂളിലേക്ക് പറഞ്ഞുവിട്ടതെന്ന് മുസ്തഫ ഓർക്കുന്നു. അധ്യാപകരും കൂടെ നിന്നു.


' എന്റെ ഉപ്പയും ഉമ്മയും കുടുംബവും ത്യജിച്ചതു കൊണ്ടാണ് ഞാൻ ഇവിടെയുള്ളത്. എനിക്ക് പഠിക്കാൻ വേണ്ടി അവർ പട്ടിണി കിടക്കുമായിരുന്നു. അതെനിക്കറിയാമായിരുന്നു. പത്തു കഴിഞ്ഞിട്ട് ഫറൂഖ് കോളജിലെത്തി. അവിടെ പഠനത്തിൽ ഏറ്റവും മോശം ഞാനായിരുന്നു. എന്റെ ക്ലാസിൽ ഏറ്റവും കുറവ് മാർക്കുണ്ടായിരുന്നത് എനിക്കാണ്. ഫറൂഖ് കോളജിൽ പഠിക്കുന്ന വേളയിൽ സുഹൃത്താണ് എൻഐടിയിൽ അപേക്ഷ കൊടുക്കുന്നത്. ഞാൻ ടെസ്റ്റെഴുതി, കിട്ടി. എൻഐടിയും കമ്പ്യൂട്ടർ സയൻസും കഴിഞ്ഞ് ബംഗളൂരുവിലെത്തി. കുറച്ചു കാലം യുകെയിൽ മോട്ടറോളയിൽ ജോലി ചെയ്തു. പിന്നെ സൗദിയിലും ദുബായിലും പോയി. പിന്നീട് തിരിച്ച് ബംഗളൂരുവിലെത്തി.' - അദ്ദേഹം പറയുന്നു.

ദ ഹിന്ദു ബിസിനസ് ലൈൻ പ്രസിദ്ധീകരിച്ച ലേഖനത്തിലെ കണക്കുപ്രകാരം 2021 സാമ്പത്തിക വർഷം 294 കോടി രൂപയാണ് കമ്പനിയുടെ ആദായം. മുൻ വർഷത്തിൽ നിന്ന് 23.5 ശതമാനം വർധനയാണ് വരുമാനത്തിലുണ്ടായത്. 2005ൽ ബന്ധുക്കളായ അബ്ദുൽ നാസർ, ഷംസുദ്ദീൻ ടി.കെ, ജാഫർ ടി.കെ, നൗഷാദ് ടിഎ എന്നിവർക്കൊപ്പം ചേർന്നാണ് മുസ്തഫ കമ്പനി സ്ഥാപിച്ചത്. ആരംഭിച്ച് പത്തു വർഷത്തിനുള്ളിൽ ഐഡി നൂറു കോടി ടോണോവർ മറികടന്നു. ഇപ്പോൾ രണ്ടായിരത്തിലേറെ പേർക്ക് സ്ഥാപനം നേരിട്ട് തൊഴിൽ നൽകുന്നുണ്ട്.

TAGS :

Next Story