നാളെ നിഫ്റ്റിയിൽ എന്തുസംഭവിക്കും? ഇടിവ് കഴിഞ്ഞില്ലേ?
സെൻസെക്സ് 217.41 പോയിന്റ് ഇടിഞ്ഞ് 74,115.17-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതേസമയം, നിഫ്റ്റി സൂചിക 92.20 പോയിന്റ് നഷ്ടം നേരിട്ട് 22,460.30-ലെത്തി.

മൂന്നു ദിവസത്തെ കുതിപ്പിനൊടുവിൽ ഇന്ത്യൻ ഓഹരി വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്. പ്രകടമായ അസ്ഥിരതയോടെയായിരുന്നു ഇന്നത്തെ വ്യാപാരം. സെൻസെക്സ് 217.41 പോയിന്റ് ഇടിഞ്ഞ് 74,115.17-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതേസമയം, നിഫ്റ്റി സൂചിക 92.20 പോയിന്റ് നഷ്ടം നേരിട്ട് 22,460.30-ലെത്തി.
നിഫ്റ്റി പിന്തുണയും പ്രതിരോധവും
ഇന്ന് രാവിലെ 30 പോയിന്റ് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 22,667 എന്ന നിലവാരത്തിലേക്ക് എത്തിയ ശേഷമാണ് താഴേക്ക് ഇറങ്ങിയത്. 22,700 എന്ന പ്രതിരോധ നിലയെ പരീക്ഷിക്കാതെയായിരുന്നു നിഫ്റ്റിയുടെ വീഴ്ച. എന്നാൽ വിപണി വിദഗ്ധരുടെ അഭിപ്രായത്തിൽ നിഫ്റ്റിയുടെ ഹ്രസ്വകാല ട്രെൻഡ് ഇപ്പോഴും പോസിറ്റീവാണ്. ഇനിയുമൊരു ഇടിവുണ്ടായാൽ നിഫ്റ്റിയുടെ പ്രധാന സപ്പോർട്ട് നില 22,300 ആണ്. ഇവിടം ഒരു വാങ്ങൽ അവസരമായും പരിഗണിക്കാം. നിഫ്റ്റിക്ക് ഏറ്റവുമടുത്ത സപ്പോർട്ട് നില 22,400 ആണ്. ഈ പോയിന്റിനെ തകർത്ത് താഴേക്ക് വീണാൽ മാത്രമേ വിപണി ദുർബലമാകാൻ സാധ്യതയുള്ളു. ഇതേസമയം, 22,750 ൽ നിഫ്റ്റി ശക്തമായ പ്രതിരോധം നേരിടുന്നുണ്ട്. ഈ നിരക്ക് തകർക്കാനായാൽ വിപണിയിൽ വീണ്ടും കയറ്റം പ്രതീക്ഷിക്കാമെന്ന് LKP സെക്യുരിറ്റീസിലെ മുതിർന്ന സാങ്കേതിക വിശകലന വിദഗ്ധൻ രൂപക് പറയുന്നു.
നിഫ്റ്റി ഡെയിലി ചാർട്ടിൽ ചെറിയ ഒരു നെഗറ്റീവ് കാൻഡിൽ രൂപപ്പെട്ടിട്ടുണ്ട്. വിപണി പ്രതിരോധ നിരക്കിലേക്ക് എത്തുമ്പോൾ സാധാരണയായി രൂപപ്പെടുന്ന വിൽപന സമ്മർദ്ദത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാൽ നിഫ്റ്റിയുടെ ഹ്രസ്വകാല ട്രെൻഡ് ഇപ്പോഴും പോസിറ്റീവാണ്. അടുത്ത ഒന്നു രണ്ട് ദിവസത്തേക്ക് വിപണിയിൽ കാര്യമായ ചലനങ്ങളുണ്ടാകാനുള്ള സാധ്യത HDFC സെക്യൂരിറ്റീസിലെ മുതിർന്ന സാങ്കേതിക ഗവേഷണ വിദഗ്ധൻ നഗരാജ് ഷെട്ടി തള്ളിക്കളയുന്നുണ്ട്. 22,700-നു മുകളിൽ നിർണ്ണായക മുന്നേറ്റം നടത്തിയാൽ മാത്രം റാലി തുടരുമെന്നും, 22,200-ൽ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

