Top

ആരാണ് വെസ്റ്റ്ഇന്‍ഡീസ്  ക്രിക്കറ്റിലെ ഈ ഹിജാബു കാരി?  

ലോക ക്രിക്കറ്റില്‍ തന്നെ അപൂര്‍വമാണ് പുരുഷ ക്രിക്കറ്റ് ടീമിന്റെ ‘ഓഫീസ്’ ജോലികളില്‍ ഒരു സ്ത്രീ എത്തുന്നു എന്നത്, അതും ഹിജാബ് ധരിച്ച്. 

MediaOne Logo

Web Desk

  • Updated:

    2018-10-22 06:10:15.0

Published:

22 Oct 2018 6:10 AM GMT

ആരാണ് വെസ്റ്റ്ഇന്‍ഡീസ്  ക്രിക്കറ്റിലെ ഈ ഹിജാബു കാരി?  
X

പേര് നാസിറ മുഹമ്മദ്. ജോലി വെസ്റ്റ്ഇന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ മീഡിയ മാനേജര്‍. ലോക ക്രിക്കറ്റില്‍ തന്നെ അപൂര്‍വമാണ് പുരുഷ ക്രിക്കറ്റ് ടീമിന്റെ 'ഓഫീസ്' ജോലികളില്‍ ഒരു സ്ത്രീ എത്തുന്നു എന്നത്, അതും ഹിജാബ് ധരിച്ച്. ഇന്ത്യന്‍ പര്യടനത്തിനായി വിന്‍ഡീസ് എത്തിയപ്പോഴാണ് നാസിറയെ ശ്രദ്ധിക്കുന്നത്. കായിക റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ നാസിറ ഈ രംഗത്ത് നേരത്തേയുണ്ട്. വിന്‍ഡീസ് ക്രിക്കറ്റിനായി ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. നാസിറയുടെ ആദ്യത്തെ ഒരു അന്താരാഷ്ട്ര പരമ്പര കൂടിയാണിത്. രണ്ടാഴ്ച മുമ്പാണ് വിന്‍ഡീസിന്റെ ഇന്ത്യയുമായുള്ള മത്സരങ്ങള്‍ ആരംഭിക്കുന്നത്. അന്ന് മുതല്‍ നാസിറ ടീമിനൊപ്പമുണ്ട്. ആദ്യ ഏകദിനത്തിനായി ഗുവാഹത്തിയിലെത്തിയപ്പോള്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്;

എന്താണ് ജോലി? എങ്ങനെ കൈകാര്യം ചെയ്യുന്നു

വിന്‍ഡീസ് ക്രിക്കറ്റിന്റെ മീഡിയ സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നതാണ് ജോലി. കളിക്കാരുടെ അഭിമുഖങ്ങള്‍ തരപ്പെടുത്തുക, കളിയെ സസൂക്ഷ്മം നിരീക്ഷിക്കുക, മാച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുക, ഗ്രൗണ്ടിലെ കളിക്കാരുടെ നേട്ടങ്ങളും മറ്റും റിപ്പോര്‍ട്ട് രൂപത്തിലാക്കുക, അവ സൂക്ഷിക്കുക.

ജോലിയിലെ അനുഭവങ്ങള്‍?

വിന്‍ഡീസ് ടീം(കളിക്കാരും ഒഫീഷ്യല്‍സും ഉള്‍പ്പെടെ) നോക്കുകയാണെങ്കി ല്‍ നിങ്ങള്‍ മാത്രമാണ് വനിത, നിങ്ങള്‍ക്കെങ്ങനെയാണ് ജോലി കൈകാര്യം ചെയ്യാനാവുന്നതെന്ന ചോദ്യമാണ് തനിക്ക് കൂടുതല്‍ കേള്‍ക്കേണ്ടി വരുന്നത്. എന്നിരുന്നാലും രാജ്‌കോട്ടിലെ ടെസ്റ്റ് മുതല്‍ ഗുവാഹത്തി ഏകദിനം വരെ നല്ലൊരു അനുഭവമാണ്. ഇന്ത്യക്കാരിയെന്നാണ് എന്നെ കാണുമ്പോള്‍ ആളുകള്‍ കരുതുന്നത്, പക്ഷേ ഞാന്‍ അവരോട് പറയുന്നത്, ഞാന്‍ ട്രിനിടാഡ്ല്‍ നിന്നാണെന്നാണ്,അവരത് വിശ്വസിക്കുന്നില്ല. എന്നാല്‍ ഇന്ത്യന്‍ പാരമ്പര്യമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്ന് കരീബിയന്‍ ദ്വീപിലേക്ക് ചേക്കേറിയവരാണ് ഞങ്ങളുടെ കുടുംബം.

എങ്ങനെ ഈ ജോലിയിലെത്തി?

പരമ്പരാഗത മുസ്‌ലിം കുടുംബത്തിലാണ് പിറന്നതെങ്കിലും തന്റെ ആഗ്രഹങ്ങള്‍ക്ക് ആരും തടസം നിന്നിരുന്നില്ല. ചെറുപ്പത്തിലെ ക്രിക്കറ്റ് കളിക്കുകയും ടിവിയില്‍ കളി കാണുകയും ചെയ്തിരുന്നു. 20ാം വയസില്‍ ട്രിനിടാഡ് & ടുബാഗോ ടിവി ചാനലിന് വേണ്ടി സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടറാ യാണ് തുടക്കം. ആ സമയത്ത് കരീബിയയില്‍ കായിക വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്ന ഏക വനിതാ മാധ്യമപ്രവര്‍ത്തക യായിരുന്നു. കുതിരപ്പന്തയം റിപ്പോര്‍ട്ട് ചെയ്യലായിരുന്നു ആദ്യത്തെ ഡ്യൂട്ടി. ആ മത്സരം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയപ്പോള്‍ ഞാന്‍ മാത്രമായിരുന്നു ഏക വനിതയും. എന്നെ കണ്ടപ്പോള്‍ മറ്റുള്ളവര്‍ കരുതിയത് ഈ ജോലി പറ്റില്ലെന്നായിരുന്നു. പക്ഷെ അതൊന്നും കാര്യമാക്കാതെ മുന്നോട്ട്‌പോയി. നാല് വര്‍ഷത്തിനിടയ്ക്ക് ലോകത്തിലെ വിവിധ സ്ഥലങ്ങളില്‍( സിഡ്‌നി മുതല്‍ ന്യൂയോര്‍ക്ക്, ഫ്‌ളോറിഡ) സഞ്ചരിച്ച് ക്രിക്കറ്റ് മുതല്‍ ഫുട്‌ബോള്‍ വരെയുള്ള മത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എങ്ങനെ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെത്തി?

2016ലെ വനിതാ ടി20 കിരീടം വിന്‍ഡീസ് നേടിയ സമയം, അന്ന് വിന്‍ഡീസ് ക്രിക്കറ്റ് പ്രസിഡന്റിനോട് ട്വീറ്റിലൂടെയാണ് അവിടെ ജോലി ചെയ്യാനുള്ള താല്‍പര്യം അറിയിക്കുന്നത്. അപ്പോ മറുപടി ലഭിച്ചില്ല. ഒരു വര്‍ഷം കഴിഞ്ഞാണ് കമ്മ്യൂണിക്കേഷന്‍ മാനേജരായി എനിക്ക് അവസരം ലഭിച്ചത്. ഇപ്പോ പുരുഷ ക്രിക്കറ്റിലെ ചുമതലയും കൈകാര്യം ചെയ്യുന്നു. സ്ത്രീയെന്ന നിലയ്ക്കും ചെയ്യുന്ന ജോലിയിലും പൂര്‍ണ ബഹുമാനമാണ് മാനേജ്‌മെന്റ് നല്‍കുന്നത്.

TAGS :

Next Story