ഭിന്നതകള്‍ ബാക്കി; വനിതാ ക്രിക്കറ്റ് ടീം കോച്ച് രമേശ് പവാര്‍ സ്ഥാനമൊഴിഞ്ഞു
ഹര്‍മന്‍പ്രീത് കൗര്‍-മിഥാലി രാജ് ഭിന്നതയും പരിഹാരമാവാതെ തന്നെ തുടരുന്നതിനിടെയാണ് പവാര്‍ സ്ഥാനമൊഴിയുന്നത്

നിലവിലെ ഹെഡ് കോച്ച് രമേഷ് പവാറിന്റെ കാലാവധി അവസാനിച്ച പശ്ചാതലത്തില്‍, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ഥാനത്തേക്കായി ബി.സി.സി.ഐ പുതിയ അപേക്ഷകള്‍ ക്ഷണിച്ചു. ഇതോടെ കാലാവധി തീര്‍ന്ന കോച്ച് രമേഷ് പവാറിന്റെ കരാര്‍ ബി.സി.സി.ഐ നീട്ടി നല്‍കില്ലെന്ന് വ്യക്തമായി. ബി.സി.സി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് കാര്യം അറിയിച്ചത്.

ടീമിലെ സീനിയര്‍ താരങ്ങളുടെ ഭിന്നതയെ തുടര്‍ന്ന്, കോച്ചായിരുന്ന തുഷാര്‍ അരോതേ ആഗറ്റില്‍ സ്ഥനമൊഴിഞ്ഞ ഘട്ടത്തിലാണ് പുതിയ ടീം കോച്ചായി രമേശ് പവാര്‍ വരുന്നത്. എന്നാല്‍ പവാര്‍ സ്ഥാനമൊഴിയുന്ന നേരത്തും ടീമിലെ ഭിന്നതകള്‍ക്ക് കാര്യമായ മാറ്റമില്ലെന്ന സൂചനകള്‍ തന്നെയാണ് ഒടുവിലത്തെ സംഭവഗതികള്‍ സൂചിപ്പിക്കുന്നത്.

വനിതാ ട്വന്റി20 ലോകകപ്പിലെ സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് പുറത്ത് പോയ ഇന്ത്യന്‍ ടീമില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയായിരുന്നു. സീനിയര്‍ പ്ലേയറും, രാജ്യന്തര മത്സരങ്ങളിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരിയുമായ ഏകദിന ക്യപ്റ്റന്‍ മിഥാലി രാജാണ് സഹകളിക്കാര്‍ക്കും ടീം ഒഫിഷ്യലുകള്‍ക്കും എതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നത്. കോച്ച് രമേശ് പവാറിനെതിരെയും രാജ് ക്രിക്കറ്റ് ബോര്‍ഡിന് പരാതി നല്‍കിയിരുന്നു.

എന്നാല്‍ ടീമുമായി സഹകരിക്കാത്ത മിഥാലി രാജ്, ടീം ഒഫിഷ്യലുകളെ ഭിഷണിപ്പെടുത്തുന്നതായും, നിര്‍ദേശങ്ങള്‍ക്ക് ചെവി കൊടുക്കാതെ സ്വന്തം നിലയില്‍ ബാറ്റ് ചെയ്യാനാണ് ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടി ടീമിനുള്ളിലെ കാര്യങ്ങള്‍ വിശദീകരിച്ചുള്ള കത്ത് കോച്ച് ബി.സി.സി.ഐക്ക് നല്‍കിയിരുന്നു. ട്വന്റി20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍-മിഥാലി രാജ് ഭിന്നതയും പരിഹാരമാവാതെ തന്നെ തുടരുന്നതിനിടെയാണ് പവാര്‍ സ്ഥാനമൊഴിയുന്നത്.
Adjust Story Font
16

