ഒരു മാറ്റവുമില്ലല്ലോ.... 14 പന്തില്‍ അര്‍ധ ശതകം; അഫ്രീദിയുടെ വെടിക്കെട്ട്
നേര്‍ത്തേണ്‍ വാരിയേഴ്സിനെതിരായ മത്സരത്തില്‍ പാക്തൂണ്‍സ് നായകനായ അഫ്രീദി 14 പന്തില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി തികച്ചത്.

ലോക ക്രിക്കറ്റില്‍ ബോളര്‍മാരുടെ പേടിസ്വപ്നമായ പാക് താരം ശാഹിദ് അഫ്രീദി തന്‍റെ പ്രതാപത്തിന് ഒരു മങ്ങലുമേറ്റിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ടി10 ക്രിക്കറ്റ് ലീഗില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത അഫ്രീദി റണ്‍മഴയൊഴുക്കുകയായിരുന്നു.
നേര്‍ത്തേണ്‍ വാരിയേഴ്സിനെതിരായ മത്സരത്തില്‍ പാക്തൂണ്‍സ് നായകനായ അഫ്രീദി 14 പന്തില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി തികച്ചത്. ആറാമനായി ക്രീസില്‍ എത്തിയ അഫ്രീദി 17 പന്തില്‍ നിന്ന് ഏഴു സിക്സറിന്‍റെയും മൂന്നു ബൌണ്ടറിയുടെയും അകമ്പടിയോടെ 59 റണ്‍സാണ് അടിച്ചുകൂട്ടിയത്. ആദ്യം ബാറ്റ് ചെയ്ത പാക്തൂണ്‍സിന്‍റെ തുടക്കം സമ്പൂര്‍ണ പരാജയം ആയിരുന്നു. ഓപ്പണര്‍മാരായ ആന്ധ്രെ ഫ്ലെച്ചറും കാമറൂണ്‍ ഡെല്‍പോര്‍ട്ടും 14 ഉം അഞ്ചും റണ്‍സെടുത്ത് പുറത്തായി.

മധ്യനിര കൂടി പരാജയപ്പെട്ടതോടെയാണ് രക്ഷകന്‍റെ രൂപമണിഞ്ഞ് അഫ്രീദി സംഹാരതാണ്ഡവമാടിയത്. ഒരോവറില്‍ തുടര്‍ച്ചയായി നാലു സിക്സറുകള്‍ പറത്തി അഫ്രീദി തന്‍റെ വിശ്വരൂപം പുറത്തെടുത്തതോടെ എതിരാളികള്‍ വിയര്‍ത്തു. അങ്ങനെ അഫ്രീദിയുടെ വെടിക്കെട്ട് പ്രകടനത്തിന്‍റെ മികവില്‍ പത്തോവറില്‍ പാക്തൂണ്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ നോര്‍ത്തേണ്‍ വാരിയേഴ്‍സിനെ പാക്തൂണ്‍സ് വരിഞ്ഞുമുറുക്കിയതോടെ അവരുടെ ഇന്നിങ്സ് പത്തോവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സിന് അവസാനിച്ചു.

റോവ്‍മാന്‍ പവല്‍ 35 പന്തില്‍ ഒമ്പത് സിക്സും നാലു ബൌണ്ടറിയും അടക്കം 80 റണ്‍സെടുത്തെങ്കിലും വിജയം അഫ്രീദിക്കും കൂട്ടര്‍ക്കുമൊപ്പം നിന്നു.
Adjust Story Font
16

