Quantcast

അവസാന മത്സരത്തില്‍ സെഞ്ച്വറി; വിടവാങ്ങല്‍ ഗംഭീരമാക്കി ഗംഭീര്‍

ഗംഭീറിന്‍റെ കരിയറിലെ 43 ാമത് ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണ് സ്വന്തം മണ്ണില്‍ പിറന്നത്. 67 ാം ഓവറില്‍ മുഹമ്മദ് ഖാന്‍റെ പന്തിലാണ് ഗംഭീര്‍ തന്‍റെ ഇന്നിങ്സ് അവസാനിപ്പിച്ച് മടങ്ങിയത്

MediaOne Logo

Web Desk

  • Published:

    8 Dec 2018 12:33 PM IST

അവസാന മത്സരത്തില്‍ സെഞ്ച്വറി; വിടവാങ്ങല്‍ ഗംഭീരമാക്കി ഗംഭീര്‍
X

വിടവാങ്ങല്‍ മത്സരത്തില്‍ സെഞ്ച്വറി നേട്ടവുമായി ഗൗതം ഗംഭീര്‍. ആന്ധ്രക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിലാണ് ഡല്‍ഹിക്ക് വേണ്ടി ഗംഭീര്‍ സെഞ്ച്വറി നേടിയത്. സ്വന്തം തട്ടകമായ ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‍ല സ്റ്റേഡിയത്തില്‍ നാട്ടുകാരായ കാണികള്‍ക്ക് മുന്നില്‍ 112 റണ്‍സ് നേടിയാണ് ഗംഭീര്‍ തന്‍റെ മടക്കം ഗംഭീരമാക്കിയത്.

ഗംഭീറിന്‍റെ കരിയറിലെ 43 ാമത് ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണ് സ്വന്തം മണ്ണില്‍ പിറന്നത്. 67 ാം ഓവറില്‍ മുഹമ്മദ് ഖാന്‍റെ പന്തിലാണ് ഗംഭീര്‍ തന്‍റെ ഇന്നിങ്സ് അവസാനിപ്പിച്ച് മടങ്ങിയത്. ആന്ധ്രക്കെതിരായ രഞ്ജി ട്രോഫി മത്സരം തന്‍റെ അവസാന മത്സരമായിരിക്കുമെന്ന് നേരത്തെ ഗംഭീര്‍ പ്രഖ്യാപിച്ചിരുന്നു. സെഞ്ച്വറി നേട്ടവുമായി കരിയര്‍ അവസാനിപ്പിച്ച ഗംഭീറിന് മൈതാനത്ത് അണിനിരന്ന ആന്ധ്ര താരങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച പുറത്തുവിട്ട വികാരനിര്‍ഭരമായ വീഡിയോയിലൂടെയാണ് ഗംഭീര്‍ തന്‍റെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കരുത്തനായ ഓപ്പണര്‍മാരില്‍ ഒരാളായിരുന്നു ഗംഭീര്‍. ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും 37 ട്വന്റി–20 മല്‍സരങ്ങളും കളിച്ചിട്ടുണ്ട്. ഏകദിന, ട്വന്‍റി–20 ലോകകപ്പ് നേടിയ ടീമിലും ഗംഭീര്‍ അംഗമായിരുന്നു. സച്ചിനും ഗാംഗുലിക്കും ശേഷം ഇന്ത്യ കണ്ട മികച്ച ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ഗംഭീര്‍–സെവാഗ് ജോഡികള്‍. സച്ചിന്‍റെ പിന്‍ഗാമിയായി സെവാഗിനെ ആരാധകര്‍ വാഴ്ത്തിയപ്പോള്‍ ഗാംഗുലിയുടെ പിന്മുറക്കാരനെന്നാണ് ഗംഭീറിനെ ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തിയിരുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് രണ്ട് തവണ ഐ.പി.എല്‍ ചാമ്പ്യന്മാരായത് ഗംഭീറിന്‍റെ നേതൃത്വത്തിലായിരുന്നു. തുടര്‍ച്ചയായി നാല് ടെസ്റ്റ് പരമ്പരകളില്‍ 300 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത ഏക ഇന്ത്യന്‍താരമെന്ന റെക്കോര്‍ഡ് ഗംഭീറിന്‍റെ പേരിലാണ്. 2016–ല്‍ ഇംഗ്ലണ്ടിനെതിരെയാണ് അവസാന രാജ്യാന്തര മല്‍സരം കളിച്ചത്.

TAGS :

Next Story