കോഹ്‌ലിക്കും രഹാനെക്കും അര്‍ദ്ധ സെഞ്ച്വറി; ഇന്ത്യ പൊരുതുന്നു
മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഓപണര്‍മാരായ കെ.എല്‍ രാഹുലും മുരളി വിജയും നിരാശപ്പെടുത്തി.

ആസ്‌ട്രേലിയയെ 326ന് പുറത്താക്കി ആദ്യ ഇന്നിങ്‌സ് ബാറ്റിങ് തുടര്‍ന്ന ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 172 എന്ന നിലയിലാണ്. അര്‍ദ്ധ സെഞ്ച്വറിയുമായി കോഹ്‌ലിയും(82) അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. ആസ്‌ട്രേലിയയുടെ സ്‌കോര്‍ മറികടക്കാന്‍ ഇന്ത്യക്കിനി 154 റണ്‍സ് വേണം. പതിവ് പോലെ ലോകേഷ് രാഹുല്‍(2)മുരളി വിജയ്(0) പെട്ടെന്ന് മടങ്ങിയപ്പോള്‍ പുജാരയും കോഹ്ലിയും പതുക്കെ കളം പിടിച്ചു. 23 റണ്‍സ് നേടാന്‍ പുജാരക്ക് 103 പന്തുകള്‍ നേരിടേണ്ടി വന്നെങ്കിലും അവിടെ അനിവാര്യമായ ഇന്നിങ്‌സായിരുന്നു അത്.
ഒടുവില്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കി പുജാര മടങ്ങി. പിന്നാലെ എത്തിയ രഹാനെയും അറിഞ്ഞുകളിച്ചതോടെ എളുപ്പത്തില്‍ വിക്കറ്റ് വീഴ്ത്താമെന്ന കംഗാരുക്കളുടെ മോഹം നടന്നില്ല. അതിനിടെ കോഹ്ലി അര്‍ദ്ധ സെഞ്ച്വറി കണ്ടെത്തി. പിന്നാലെ രഹാനെയും 50 തികച്ചതോടെ അവസാന സെഷന്‍ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന്നാണ് രണ്ട് വിക്കറ്റ്.
ആദ്യദിനം 90 ഓവറില്‍ ആറിന് 277 എന്ന നിലയില്‍ കളി അവസാനിപ്പിച്ച ആസ്‌ട്രേലിയ രണ്ടാം ദിനത്തിന്റെ ആദ്യ സെഷനിന്‍ 326 റണ്‍സിന് പുറത്തായി. നാലു വിക്കറ്റെടുത്ത് ഇഷാന്ത് ശര്‍മയാണ് ഓസീസിനെ തകര്‍ത്തത്.
ക്യാപ്റ്റന്‍ ടിം പെയ്ന്‍ (38) പാറ്റ് കമ്മിന്‍സ് (19), സ്റ്റാര്‍ക്ക്(6), ഹെയ്‌സല്‍വുഡ്(0) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ദിനം ആസ്‌ട്രേലിയക്ക് നഷ്ടമായത്. ഒമ്പതു റണ്‍സുമായി ലയോണ്‍ പുറത്താകാതെ നിന്നു. ഹനുമ വിഹാരി, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Adjust Story Font
16

