പന്തു ചുരണ്ടല്‍ വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി സ്മിത്ത്
എനിക്ക് അത് തടയാനുള്ള സാഹചര്യമുണ്ടായിരുന്നു എന്നാലത് ഉപയോഗിച്ചില്ല. അതൊരു വന്‍വീഴ്ച്ചയാണ്. അതുകൊണ്ടുതന്നെയാണ് പിന്നീട് പന്തു ചുരണ്ടല്‍ വിവാദമായപ്പോള്‍ താന്‍ ഉത്തരാവദിത്വം ഏറ്റതെന്നും സ്മിത്ത്

പന്തുചുരണ്ടല്‍ വിവാദത്തില്‍ കൂടുതല്‍ ഏറ്റുപറച്ചിലുകളുമായി ആസ്‌ത്രേലിയയുടെ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. ആസ്‌ത്രേലിയന്‍ താരങ്ങള്‍ പന്തു ചുരണ്ടല്‍ ആസൂത്രണം ചെയ്യുന്നത് അറിഞ്ഞിരുന്നെന്നും എന്നാല്‍ താനത് തടയാന്‍ ശ്രമിച്ചില്ലെന്നുമാണ് സ്മിത്ത് തുറന്നുപറഞ്ഞിരിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് സ്മിത്ത് വീണ്ടും തന്റെ തെറ്റ് ഏറ്റുപറഞ്ഞിരിക്കുന്നത്.

സഹതാരങ്ങള്‍ ഡ്രസിംങ് റൂമില്‍ വെച്ച് പന്ത് ചുരണ്ടുന്നതിനെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. അപ്പോള്‍ അത് കേള്‍ക്കാത്ത പോലെ പോകുകയാണ് ചെയ്തത്. അപ്പോള്‍ അങ്ങനെ ചെയ്യാനാണ് തോന്നിയത്. എന്നാല്‍ അത് നായകനെന്ന നിലയില്‍ തന്റെ വലിയ പരാജയമായിരുന്നെന്നും അത്തരം വലിയ തെറ്റ് ഇനിയൊരിക്കലും ആവര്‍ത്തിക്കുകയില്ലെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. എനിക്ക് അത് തടയാനുള്ള സാഹചര്യമുണ്ടായിരുന്നു എന്നാലത് ഉപയോഗിച്ചില്ല. അതൊരു വന്‍വീഴ്ച്ചയാണ്. അതുകൊണ്ടുതന്നെയാണ് പിന്നീട് പന്തു ചുരണ്ടല്‍ വിവാദമായപ്പോള്‍ താന്‍ ഉത്തരാവദിത്വം ഏറ്റതെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.
സ്മിത്തിന് പുറമേ ഡേവിഡ് വാര്‍ണറും കാമറൂണ്‍ ബാന്‍ക്രോഫ്റ്റുമായിരുന്നു പന്തു ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട താരങ്ങള്‍. ദക്ഷിണാഫ്രിക്കക്കെതിരായ കേപ് ടൗണ്‍ ടെസ്റ്റിനിടെയായിരുന്നു വിവാദ സംഭവങ്ങള്‍ അരങ്ങേറിയത്. മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കുണ്ടായിരുന്ന മുന്‍തൂക്കം ഏതുവിധേനയും മറികടക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി പന്തിന്റെ ഒരുഭാഗത്ത് കൃത്രിമ വസ്തുക്കളുപയോഗിച്ച് ഉരച്ചുകൊണ്ട് തിളക്കം കുറക്കാന്‍ ശ്രമിച്ചു. അങ്ങനെ ചെയ്താല്‍ റിവേഴ്‌സ് സ്വിങ് ലഭിക്കുകയും ബൗളര്‍മാര്‍ക്ക് മേധാവിത്വം ലഭിക്കുകയും ചെയ്യുമെന്നാണ് ഓസീസ് താരങ്ങള്‍ കരുതിയത്.
പന്ത് ചുരണ്ടുന്നതിന് ജൂനിയര്‍ താരമായ ബാന്‍ക്രോഫ്റ്റിനെയാണ് ചുമതലപ്പെടുത്തിയത്. കാമറകളുടെ ശ്രദ്ധ അധികം ലഭിക്കില്ലെന്ന നിഗമനത്തിലായിരുന്നു ഇത്. അടിവസ്ത്രത്തില്‍ കരുതിയ ഉരക്കടലാസുപയോഗിച്ചായിരുന്നു ബാന്‍ക്രോഫ്റ്റ് പന്തില്‍ കൃത്രിമം കാണിച്ചത്. അസ്വാഭാവികമായ പ്രവൃത്തി ശ്രദ്ധയില്‍പെട്ട ക്യാമറാമാന്‍ ബാന്‍ക്രോഫ്റ്റിന്റെ ചുരണ്ടല്‍ ദൃശ്യങ്ങളോടെ പിടികൂടുകയായിരുന്നു. സംഭവം സ്റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ അടക്കം കാണിച്ചതോടെ അമ്പയര്‍മാര്‍ ബാന്‍ക്രോഫ്റ്റിനോട് വിശദീകരണം ചോദിച്ചു. ആദ്യഘട്ടത്തില്‍ സണ്‍ഗ്ലാസ് കവറുപയോഗിച്ചാണ് പന്ത് തുടച്ചതെന്നായിരുന്നു പറഞ്ഞത്. അത് കള്ളമാണെന്ന് പിന്നീട് തെളിഞ്ഞു.
ബാന്‍ക്രോഫ്റ്റിനേയും പന്ത് ചുരണ്ടലിനേയും ന്യായീകരിച്ചും അതൊരു തന്ത്രമാണെന്ന് വ്യാഖ്യാനിച്ചും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. ആരാധകരില്‍ നിന്നുപോലും വലിയ തോതില്‍ എതിര്‍പ്പുയര്‍ന്നു. പിന്നീട് സ്റ്റീവ് സ്മിത്ത് ക്ഷമചോദിച്ചും പൊട്ടിക്കരഞ്ഞുകൊണ്ടും വാര്‍ത്താസമ്മേളനം നടത്തിയാണ് കുറ്റം ഏറ്റത്. ഐ.സി.സി ഒരു മത്സരത്തില്‍ നിന്നും താരങ്ങളെ വിലക്കി. ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത പ്രവര്‍ത്തി ചെയ്ത താരങ്ങള്‍ക്കെതിരെ ക്രിക്കറ്റ് ആസ്‌ത്രേലിയ കടുത്ത നടപടി തന്നെ അന്വേഷണത്തിനൊടുവില്‍ എടുത്തു. വാര്‍ണറേയും സ്മിത്തിനേയും ഒരു വര്‍ഷത്തേക്ക് വിലക്കിയ ക്രിക്കറ്റ് ആസ്‌ത്രേലിയ ബാന്‍ക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയിരുന്നത്.
Adjust Story Font
16

