മഴക്കും തടുക്കാനായില്ല; മെല്‍ബണില്‍ ഇന്ത്യക്ക് ചരിത്ര ജയം
ജയത്തോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി(2-1). സിഡ്‌നിയിലാണ് നാലാം മത്സരം.

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് ചരിത്ര ജയം. ആസ്‌ട്രേലിയയെ 137 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. 1981ന് ശേഷം ആദ്യമായാണ് മെല്‍ബണില്‍ ഇന്ത്യ വിജയിക്കുന്നത്. ജയത്തോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി(2-1).രണ്ട് ഇന്നിങ്സിലുമായി 9 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് കളിയിലെ താരം. സിഡ്‌നിയിലാണ് നാലാം മത്സരം. അന്നും ജയിച്ചാല്‍ ആസ്ട്രേലിയന്‍ മണ്ണില്‍ ഇന്ത്യക്ക് ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കാം. സ്‌കോര്‍ ബോര്‍ഡ് ചുരുക്കത്തില്‍: ഇന്ത്യ 443/7 106/8, ആസ്‌ട്രേലിയ: 151, 261
എട്ട് വിക്കറ്റ് നഷ്ടത്തില്‍ 258 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ചപ്പോള്‍ ആദ്യ സെഷന്‍ മഴയെടുത്തു. എന്നാല്‍ മഴ മാറി ആസ്‌ട്രേലിയ ബാറ്റിങ് തുടങ്ങി മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയ്ക്ക് കംഗാരുപ്പടയ്ക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി. ആസ്‌ട്രേലിയന്‍ നിരയിലെ ടോപ് സ്‌കോറര്‍ പാറ്റ് കമ്മിന്‍സിനെ(63) സ്ലിപ്പില്‍ പുജാരയുടെ കൈകളിലെത്തിച്ച് ബുംറയാണ് ഇന്ത്യക്ക് വിക്കറ്റ് സമ്മാനിച്ചത്. തൊട്ടടുത്ത ഓവറില്‍ ലയോണിനെ പുറത്താക്കി ഇഷാന്ത് ശര്‍മ്മ ഇന്ത്യക്ക് നിര്‍ണായക വിജയവും സമ്മാനിച്ചു. ഇതോടെ രണ്ടാം ഇന്നിങ്‌സില്‍ ബുംറ രവീന്ദ്ര ജഡേജ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഷമി, ഇശാന്ത് ശര്‍മ്മ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നാലാംദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെന്ന നിലയിലായിരുന്നു. രണ്ട് വിക്കറ്റ് മാത്രം ശേഷിക്കെ ജയിക്കാന്‍ അവര്‍ക്ക് ഇനി 141 റണ്‍സ് കൂടി വേണമായിരുന്നു. മൂന്നു വിക്കറ്റെടുത്ത ജഡേജയും രണ്ട് വിക്കറ്റ് വീതമെടുത്ത ബുംറയും ഷമിയുമാണ് ഓസീസ് ബാറ്റ്‌സ്മാന്‍മാരെ വേഗത്തില്‍ തിരിച്ചയച്ചത്. എന്നാല്‍ വാലറ്റത്ത് കമ്മിന്‍സ് പിടിച്ചുനിന്നതോടെ മത്സരം അഞ്ചാം ദിവസത്തിലേക്ക് നീണ്ടു. 103 പന്തില്‍ 61 റണ്‍സുമായി കമ്മിന്‍സും ആറു റണ്‍സുമായി നഥാന്‍ ലിയോണുമായിരുന്നു ക്രീസില്‍.
Adjust Story Font
16

