സിഡ്‌നി ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ചു, മികച്ച പ്രകടനം നടത്തിയിട്ടും ഇഷാന്ത് പുറത്ത്
അവസാന ടീമില്‍ ഇടം പിടിക്കാന്‍ വലിയ മത്സരമാണ് നടക്കുന്നത്. മികച്ച പ്രകടനം നടത്തിയിട്ട് പോലും ഇഷാന്ത് ശര്‍മ്മക്ക് ടീമില്‍ സ്ഥാനം നിലനിര്‍ത്താനാവാത്തത് ഇതിന്റെ ഉദാഹരണമാണ്.

സിഡ്‌നിയില്‍ നടക്കുന്ന ആസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ 13 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, ആര്‍.അശ്വിന്‍, കെ.എല്‍ രാഹുല്‍ എന്നിവര്‍ സംഘത്തിലുള്‍പ്പെട്ടപ്പോള്‍ ഇഷാന്ത് ശര്‍മ്മപുറത്തായി. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കളിച്ച അശ്വിന്‍ പിന്നീട് പേശീവലിവിനെ തുടര്‍ന്നുള്ള രണ്ട് ടെസ്റ്റുകളിലും കളിച്ചിരുന്നില്ല.
കുഞ്ഞ് ജനിച്ചതിനെ തുടര്‍ന്ന് മെല്‍ബണ്‍ ടെസ്റ്റ് പൂര്‍ത്തിയായതിന് പിന്നാലെ രോഹിത് ശര്‍മ്മ മുംബൈയിലേക്ക് മടങ്ങിയിരുന്നു. ഏകദിന പരമ്പരക്ക് മുന്നോടിയായി ജനുവരി എട്ടിനാണ് രോഹിത് ടീമിനൊപ്പം ചേരുകയെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. രോഹിത് ശര്‍മ്മക്ക് പകരക്കാരനായി അശ്വിനോ കെ.എല്‍ രാഹുലോ ആയിരിക്കും ടീമിലെത്തുക. ഇഷാന്ത് പുറത്തായതോടെ സ്പിന്നര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള ടീമിനെയായിരിക്കും കോഹ്‍ലി തെരഞ്ഞെടുക്കുകയെന്ന സൂചനയുണ്ട്.

അശ്വിന് ശാരീരിക ക്ഷമത തെളിയിക്കാനായില്ലെങ്കില്‍ കുല്‍ദീപ് യാദവ് അവസാന ഇലവനില്‍ ഇടം നേടാനും സാധ്യതയുണ്ട്. കെ.എല്‍ രാഹുല്‍ ടീമിലെത്തിയാല്‍ ഹനുമ വിഹാരി മധ്യ നിരയിലേക്ക് മാറാനും രവീന്ദ്ര ജഡേജക്കൊപ്പം പാര്‍ട് ടൈം സ്പിന്നറാകാനും സാധ്യതയുണ്ട്. നാലാം ടെസ്റ്റില്‍ മുന്‍ മത്സരങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ടീം കോമ്പിനേഷനിലായിരിക്കും ഇന്ത്യ ഇറങ്ങുകയെന്ന് ഉറപ്പിക്കാം.
അവസാന ടീമില്‍ ഇടം പിടിക്കാന്‍ വലിയ മത്സരമാണ് നടക്കുന്നത്. മികച്ച പ്രകടനം നടത്തിയിട്ട് പോലും ഇഷാന്ത് ശര്‍മ്മക്ക് ടീമില്‍ സ്ഥാനം നിലനിര്‍ത്താനാവാത്തത് ഇതിന്റെ ഉദാഹരണമാണ്. മൂന്ന് ടെസ്റ്റില്‍ നിന്നും 11 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടും ഇഷാന്ത് ടീമില്‍ നിന്നും പുറത്തായി. ഇന്ത്യന്‍ സമയം വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ച് മുതലാണ് ടെസ്റ്റ് തുടങ്ങുക. ബോര്‍ഡര്‍ ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ നിലവില്‍ 2-1ന് ഇന്ത്യ മുന്നിലാണ്. അവസാന ടെസ്റ്റ് സമനിലയിലായാല്‍ പോലും പരമ്പര നേടി ഇന്ത്യ ആസ്‌ട്രേലിയയില്‍ ചരിത്രം രചിക്കും.
Adjust Story Font
16

