അപരാജിത സെഞ്ചുറിയുമായി പുജാര, തലയുയര്‍ത്തി ഇന്ത്യ
അഡലെയ്ഡിലും മെല്‍ബണിലും സെഞ്ചുറി നേടിയ പുജാര സിഡ്‌നിയിലും സെഞ്ചുറി പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു. 199 പന്തുകളില്‍ നിന്നാണ് പുജാര ഓസീസ് പരമ്പരയിലെ മൂന്നാമത്തെ സെഞ്ചുറി നേടിയത്

സിഡ്‌നി ടെസ്റ്റിലും വന്‍മതിലായ പുജാരയുടെ സെഞ്ചുറി മികവില്‍ ഇന്ത്യ മികച്ച നിലയില്‍. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ 4ന് 303 റണ്‍സ് എന്ന മികച്ച നിലയിലാണ് ഇന്ത്യ. സെഞ്ചുറി നേടിയ പുജാരയും(130*) അര്‍ധ സെഞ്ചുറി നേടിയ ഓപണര്‍ മായങ്ക അഗര്‍വാളുമാണ്(77) ഇന്ത്യന്‍നിരയില്‍ ശോഭിച്ചത്.
പതിവുപോലെ വന്ന പോലെ നിലയുറപ്പിക്കും മുമ്പേ പുറത്തായ കെ.എല്‍ രാഹുലിന്റെ(9) രൂപത്തിലായിരുന്നു ഇന്ത്യക്ക് ആദ്യ തിരിച്ചടി നേരിട്ടത്. ആറ് പന്തുകളില്‍ നിന്ന് രണ്ട് ബൗണ്ടറികളോടെ ഒമ്പത് റണ്‍സടിച്ച രാഹുല്‍ ഹാസല്‍വുഡിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്ലിപ്പില്‍ കാച്ച് നല്‍കിയാണ് മടങ്ങിയത്.
മറ്റൊരു ഓപണറായ മായങ്ക് അഗര്‍വാളിന്റെ അര്‍ധ സെഞ്ചുറി(77) ഇന്ത്യക്ക് തുണയായി. തുടരെ സിക്‌സറുകള്‍ പറത്തി ഇന്നിങ്‌സിന് വേഗത കൊണ്ട് വരാനുള്ള ശ്രമത്തിനിടെ മായങ്ക് അഗര്‍വാള്‍ നാഥന്‍ ലിയോണിന് പിടി കൊടുക്കുകയായിരുന്നു.ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും മായങ്ക് കുറിച്ചിരുന്നു. നിലയുറപ്പിച്ചുവെന്ന് തോന്നിപ്പിച്ച കോഹ്‌ലി(23) അപൂര്‍വ്വമായ ലൂസ് ഷോട്ടിലൂടെ പെയ്‌നിന് പിടികൊടുത്ത് മടങ്ങി. രഹാനെയെ(18) മികച്ച ബൗണ്‍സറിലൂടെ സ്റ്റാര്‍ക്ക് കീപ്പര്‍ പെയ്‌നിന്റെ തന്നെ കൈകളിലെത്തിക്കുകയായിരുന്നു.
ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പതിവുപോലെ പുജാര ഉറച്ചു നിന്നു. അഡലെയ്ഡിലും മെല്‍ബണിലും സെഞ്ചുറി നേടിയ പുജാര സിഡ്‌നിയിലും സെഞ്ചുറി പ്രകടനം ആവര്‍ത്തിക്കുകയായിരുന്നു. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ 250 പന്തുകളില്‍ നിന്നും 130 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുകയാണ് പുജാര. 16 ബൗണ്ടറികള്‍ അദ്ദേഹം നേടിയിട്ടുണ്ട്. 39 റണ്‍സെടുത്ത ഹനുമ വിഹാരിയാണ് പുജാരക്ക് കൂട്ട്.
Adjust Story Font
16

