ഈ പുജാര സെഞ്ചുറി കൊണ്ട് തൃപ്തിപ്പെടുമെന്ന് തോന്നുന്നില്ല
എഴുന്നേറ്റുനിന്ന് കയ്യടിക്കേണ്ട പ്രകടനമെന്നാണ് മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ്താരം മൈക്കല്‍ ക്ലാര്‍ക്ക് പുജാരയുടെ സെഞ്ചുറി പ്രകടനത്തെ വിശേഷിപ്പിച്ചത്. മറ്റൊന്നുകൂടി ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു

ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും ഫോം തുടരുകയാണ് ഇന്ത്യയുടെ ചേതേശ്വര്‍ പുജാര. സിഡ്‌നി ടെസ്റ്റില്‍ ആദ്യ ദിനം ഇന്ത്യക്ക് മുന്‍തൂക്കം നേടിക്കൊടുത്തത് പുജാരയുടെ ബാറ്റിംങാണ്. സ്വതസിദ്ധമായരീതിയില്‍ ക്ഷമാപൂര്‍വ്വം പുജാര ക്രീസില്‍ നിലയുറപ്പിച്ചതോടെ എറിഞ്ഞ് വശം കെട്ടത് ആസ്‌ട്രേലിയയുടെ ബൗളര്‍മാരാണ്.
അഡലെയ്ഡിലും മെല്‍ബണിലും സെഞ്ചുറി നേടിയ പുജാര ഇവയെ വെല്ലുന്ന പ്രകടനമാണ് സിഡ്‌നിയില്‍ പുറത്തെടുത്തത്. 199 പന്തുകളില്‍ നിന്നും സെഞ്ചുറി പൂര്‍ത്തിയാക്കിയ പുജാര ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ പുറത്താകാതെ 130 റണ്‍സ് എടുത്തിട്ടുണ്ട്. അര്‍ധ സെഞ്ചുറിക്ക് 134 പന്തുകളെടുത്ത പുജാര പിന്നീടാണ് ഇന്നിംങ്‌സിന്റെ വേഗത കൂട്ടിയത്. ബൗളര്‍മാരെ എറിഞ്ഞു വശംകെടുത്തി പിന്നീട് മേധാവിത്വം സ്ഥാപിക്കുന്ന ദ്രാവിഡിന്റെ രീതി തന്നെയാണ് പുജാരയും പ്രയോഗിച്ചുവിജയിക്കുന്നത്.
ആദ്യവിക്കറ്റ് പത്ത് റണ്‍സിലെത്തിയപ്പോഴേക്കും നഷ്ടമായതോടെ സമ്മര്‍ദ്ദത്തിലായ ഇന്ത്യക്ക് തുണയായത് പുജാരയുടെ സ്വതസിദ്ധമായ ശൈലിയിലിലെ ബാറ്റിംങാണ്. അര്‍ധ സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാളിനെ കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റില്‍ പുജാര 126 റണ്‍സ് എടുത്തു. വിരാട് കോഹ്‌ലി(23), രഹാനെ(18) എന്നിവര്‍ പുറത്തായപ്പോഴും നങ്കൂരമിട്ടു നിന്ന പുജാരയാണ് ഇന്ത്യന്‍ ഇന്നിംങ്‌സിന് കരുത്തുപകര്‍ന്നത്. ഒരു ഓപണറുടെ നയചാതുരിയില്‍ ബാറ്റു വീശിയ ഹനുമവിഹാരി(58 പന്തില്‍ 39*) കൂടി ചേര്‍ന്നതോടെ ഇന്ത്യ ടോപ് ഗിയറിലാവുകയും ചെയ്തു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 75 റണ്‍സ് നേടുകയും ചെയ്തു.
വിദേശ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് സെഞ്ചുറി നേടുന്ന ആറാം ഇന്ത്യന്‍ കളിക്കാരനാണ് പുജാര. ആസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പരക്കിടെ ആയിരം പന്ത് നേരിട്ട ബാറ്റ്‌സ്മാന്മാരുടെ പട്ടികയിലും ക്ഷമയോടെ ബാറ്റ് വീശിയ പുജാര ഈ മത്സരത്തോടെ എത്തിക്കഴിഞ്ഞു. മുന്‍ കളിക്കാരുടേയും ക്രിക്കറ്റ് പ്രേമികളുടേയും ഇടയില്‍ നിന്ന് വലിയ പ്രശംസയാണ് പുജാരയുടെ സെഞ്ചുറിക്ക് ലഭിക്കുന്നത്.
എഴുന്നേറ്റുനിന്ന് കയ്യടിക്കേണ്ട പ്രകടനമെന്നാണ് മുന്‍ ആസ്‌ട്രേലിയന്‍ ക്രിക്കറ്റ്താരം മൈക്കല്‍ ക്ലാര്‍ക്ക് പുജാരയുടെ സെഞ്ചുറി പ്രകടനത്തെ വിശേഷിപ്പിച്ചത്. മറ്റൊന്നുകൂടി ക്ലാര്‍ക്ക് കൂട്ടിച്ചേര്‍ത്തു പുജാരയുടെ ഭാവം കണ്ടിട്ട് സെഞ്ചുറികൊണ്ട് അദ്ദേഹം നിര്‍ത്തുമെന്ന് തോന്നുന്നില്ലെന്ന്. തീര്‍ച്ചയായും പുജാരയുടെ ഡബിള്‍ സെഞ്ചുറിക്ക് വേണ്ടിയായിരിക്കും സിഡ്‌നിയില്‍ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ ആരാധകര്‍ കാത്തിരിക്കുക.
Adjust Story Font
16

