Quantcast

പകരക്കാരനായി വന്ന് ടീമില്‍ സ്ഥാനമുറപ്പിച്ച് പന്ത്

34കാരനായ സാഹയുടെ ടെസ്റ്റ് കരിയര്‍ തന്നെ അവസാനിപ്പിക്കാന്‍ ആ പരിക്ക് മതിയെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാനാകില്ല. പ്രത്യേകിച്ചും 21കാരനായ പന്ത് ഈ കളി തുടര്‍ന്നാല്‍.

MediaOne Logo

Web Desk

  • Published:

    4 Jan 2019 10:50 AM GMT

പകരക്കാരനായി വന്ന് ടീമില്‍ സ്ഥാനമുറപ്പിച്ച് പന്ത്
X

2014ലെ ബോക്‌സിംങ് ഡേ ടെസ്റ്റിന് പിന്നാലെ മഹേന്ദ്ര സിംങ് ധോണി വിരമിച്ചപ്പോള്‍ ആരാകും ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്നായിരുന്നു പ്രധാന ചോദ്യങ്ങളിലൊന്ന്. വിക്കറ്റിന് പിന്നിലെ പ്രകടനം കൊണ്ട് മാത്രം ടെസ്റ്റിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം പിന്നീട് വൃദ്ധിമാന്‍ സാഹ ഉറപ്പിക്കുകയും ചെയ്തു. തോളിലേറ്റ പരിക്കിനെ തുടര്‍ന്ന് സാഹ പുറത്തായതോടെ പകരക്കാരന്റെ വേഷത്തിലാണ് പന്ത് ആസ്‌ട്രേലിയന്‍ പരമ്പരക്കുള്ള ടെസ്റ്റ് ടീമിലിടം നേടിയത്. അവസാന ടെസ്റ്റിലെത്തിയപ്പോള്‍ സാഹയുടെ സ്ഥാനം പന്ത് ഏറ്റെടുക്കുന്ന നിലയെത്തിയിരിക്കുകയാണ്.

സിഡ്‌നി ടെസ്റ്റിലെ സെഞ്ചുറിയോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്നും പെട്ടെന്ന് വെട്ടി മാറ്റാന്‍ സാധിക്കാത്ത പേരായി ഋഷഭ് പന്തിന്റേത് മാറി. നിലവില്‍ പരമ്പരയില്‍ വിരാട് കോഹ്‌ലിയേക്കാള്‍ റണ്‍ നേടിയത് പന്താണ്. 58 റണ്‍സ് ശരാശരിയില്‍ പന്ത് 350 റണ്‍സ് നേടിയപ്പോള്‍ കോഹ്‌ലി 282 റണ്‍സാണ് നേടിയത്. 521 റണ്‍സ് നേടിയ പുജാരയാണ് റണ്‍വേട്ടയില്‍ ഒന്നാമത്. 450+ റണ്‍സ് ലക്ഷ്യമിട്ടിരുന്ന ഇന്ത്യയുടെ ടോട്ടല്‍ 622 ലെത്തിച്ചത് പന്തിന്റെ(159*) അപരാജിത സെഞ്ചുറിയായിരുന്നു.

ഏഴാം വിക്കറ്റില്‍ ജഡേജയും പന്തും ചേര്‍ന്ന് 204 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. സിഡ്‌നി ടെസ്റ്റിലെ ഇന്ത്യയുടെ ആദ്യ ഇന്നിംങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതുതന്നെയായിരുന്നു. ടെസ്റ്റില്‍ അരങ്ങേറി അഞ്ച് മാസത്തിനകം എതിരാളികള്‍ക്ക് ഇന്ത്യന്‍ ബാറ്റിംങിലെ ഏറ്റവും പിടിതരാത്ത കളിക്കാരനായി മാറിയിരിക്കുകയാണ് പന്ത്. ഏതൊരു ബാറ്റിംങ് പരിശീലകനും സ്വപ്‌നത്തില്‍ പോലും കളിക്കാര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഇഷ്ടപ്പെടാത്ത ഷോട്ടുകളാണ് പന്ത് പലപ്പോഴും കളിക്കുന്നത്. ചെറുപ്പത്തില്‍ ജിംനാസ്റ്റിക്‌സ് പരിശീലിച്ചതിന്റെ എല്ലാ മെയ് വഴക്കങ്ങളും പന്ത് പ്രകടിപ്പിക്കുന്നതും ബാറ്റിംങിനിടെയാണ്.

ആദ്യം ബാറ്റ്‌സ്മാനും പിന്നീട് മാത്രം വിക്കറ്റ് കീപ്പറുമാണ് ഋഷഭ് പന്ത്. എന്നാല്‍ സാഹയാകട്ടെ ആദ്യം തികഞ്ഞ വിക്കറ്റ് കീപ്പറും. ഭാവിയില്‍ ആരെ തെരഞ്ഞെടുക്കുമെന്നത് സെലക്ടര്‍മാര്‍ക്കും ക്യാപ്റ്റന്‍ കോഹ്‌ലിക്കും തലവേദനയാകുമെന്നുറപ്പ്. അവഗണിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ഗുരുതരമായ പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷമാണ് വൃദ്ധിമാന്‍ സാഹക്ക് മത്സരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നത്. 34കാരനായ സാഹയുടെ ടെസ്റ്റ് കരിയര്‍ തന്നെ അവസാനിപ്പിക്കാന്‍ ആ പരിക്ക് മതിയെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയാനാകില്ല. പ്രത്യേകിച്ചും 21കാരനായ പന്ത് ഈ കളി തുടര്‍ന്നാല്‍.

TAGS :

Next Story