ധോണി ഔട്ടല്ലെന്ന് റിപ്ലേയില്‍ വ്യക്തം; പണിയായത് റായുഡുവിന്റെ റിവ്യു
റീപ്ലേകളില്‍ അമ്പയര്‍ക്ക് തെറ്റുപറ്റിയെന്ന് തെളിഞ്ഞെങ്കിലും ധോണിയേയും ഇന്ത്യയേയും നിസഹായരാക്കിയത് അമ്പാട്ടി റായുഡുവിന്റെ തെറ്റായ തീരുമാനമായിരുന്നു...

സിഡ്‌നി ഏകദിനത്തില്‍ തുടക്കത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ന്ന ഇന്ത്യക്ക് തുണയായത് ധോണി രോഹിത് ശര്‍മ്മ കൂട്ടുകെട്ടാണ്. അര്‍ധ സെഞ്ചുറി നേടി മുന്നേറുകയായിരുന്ന ധോണിയെ അരങ്ങേറ്റക്കാരന്‍ ബഹ്‌റന്‍ഡോഫ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. റീപ്ലേകളില്‍ അമ്പയര്‍ക്ക് തെറ്റുപറ്റിയെന്ന് തെളിഞ്ഞെങ്കിലും ധോണിയേയും ഇന്ത്യയേയും നിസഹായരാക്കിയത് അമ്പാട്ടി റായുഡുവിന്റെ തെറ്റായ തീരുമാനമായിരുന്നു.
ആദ്യ ഓവറിലെ അവസാന പന്തില്‍ ബഹ്‌റന്‍ഡോഫ് ശിഖര്‍ ധവാനെ(0) മടക്കിയതിന് ശേഷം നാലാം ഓവറിലാണ് ആസ്‌ട്രേലിയ ഇന്ത്യയെ ശരിക്കും ഞെട്ടിച്ചത്. ക്യാപ്റ്റന്‍ കോഹ്ലി(3) റിച്ചാഡ്‌സന്റെ മൂന്നാം പന്തില്‍ സ്റ്റോയിണിസിന് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ റായുഡുവും റണ്ണെടുക്കും മുമ്പേ ഇതേ ഓവറിലെ അവസാന പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പെട്ടെന്നുണ്ടായ ഈ വന്‍വീഴ്ച്ച ഒഴിവാക്കാനുള്ള സാധ്യതയായിരിക്കും റായുഡുവിനെ എല്‍.ബി തീരുമാനം റിവ്യു ചെയ്യാന്‍ പ്രേരിപ്പിച്ചിരിക്കുക. എന്നാല്‍ റായുഡുവിന്റെയും ഇന്ത്യയുടേയും പ്രതീക്ഷകള്‍ തെറ്റിയെന്ന് മാത്രമല്ല. പിന്നീട് ഇന്ത്യയുടെ ഇന്നിംങ്‌സില്‍ ഈ റിവ്യു തീരുമാനം നിര്‍ണ്ണായകമാവുകയും ചെയ്തു.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കൈ പിടിച്ചുയര്‍ത്തിയത് ധോണി- രോഹിത്ത് ശര്‍മ്മ സഖ്യമായിരുന്നു. 32.2 ഓവര്‍ വരെ പിടിച്ചു നിന്ന ധോണി ബെഹ്‌റന്‍ഡോഫിന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്. എല്‍.ബി അപ്പീല്‍ തെറ്റായി അമ്പയര്‍ അനുവദിച്ചപ്പോള്‍ നല്‍കാന്‍ ബാക്കി റിവ്യു ഉണ്ടായിരുന്നില്ല. ഇന്നിംങ്‌സിലെ ഏക റിവ്യു എത്രത്തോളം സൂക്ഷിച്ചുവേണം ഉപയോഗിക്കേണ്ടത് എന്നതിന്റെ തെളിവായിരുന്നു ധോണിയുടെ പുറത്താവല്‍. റിപ്ലേകളില്‍ പന്ത് ലൈനിന് പുറത്താണ് പിച്ച് ചെയ്തതെന്ന് കാണുമ്പോഴും നിസഹായനായി ധോണി പവലിയനിലേക്ക് മടങ്ങുകയായിരുന്നു.
രോഹിത്ത് ശര്‍മ്മയുടെ കിടിലന്‍ സെഞ്ചുറിക്കും(133) ഇന്ത്യയെ വിജയതീരത്തെത്തിക്കാനായില്ല. 289 റണ്‍സ് വിജയലക്ഷ്യത്തിനായി ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 9 ന് 254ല്‍ അവസാനിച്ചു. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് 34 റണ്‍സിന്റെ തോല്‍വി.
Adjust Story Font
16

