Quantcast

രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം

കേരളത്തിനു വേണ്ടി നാല് വിക്കറ്റ് പിഴുതെടുത്ത സന്ദീപ് വാര്യറാണ് ഗുജറാത്തിനെ ഒതുക്കുന്നതിന് ചുക്കാന്‍ പിടിച്ചത്

MediaOne Logo

Web Desk

  • Published:

    17 Jan 2019 1:18 AM GMT

രഞ്ജി ട്രോഫി; കേരളത്തിനെതിരെ ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം
X

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരെ ഗുജറാത്തിന് 195 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സില്‍ കേരളം 171 റണ്‍സിന് പുറത്തായി. കേരളത്തിന് വേണ്ടി സിജോമോന്‍ ജോസഫ് അര്‍ധ ശതകം നേടി, ജലജ് സക്‌സേന പുറത്താകാതെ 44 റണ്‍സും നേടി. ആദ്യ ഇന്നിംഗ്‌സില്‍ ഗുജറാത്തിന്റെ സ്‌കോര്‍ 162 ല്‍ അവസാനിച്ചിരുന്നു.

നേരത്തെ ഗുജറാത്ത് നാല് വിക്കറ്റ് നഷ്ടത്തിൽ 97 എന്ന നിലയിലാണ് രണ്ടാം ദിനം കളി ആരംഭിച്ചത്. എന്നാല്‍ റണ്‍സ് ബോര്‍ഡിലേക്ക് 10 റൺസ് ചേർക്കുന്നതിനിടക്ക് മൂന്ന് വിക്കറ്റ് കൂടി നഷ്ടപ്പെട്ട് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 107 എന്ന നിലയിലേക്ക് കൂപ്പുകുത്തുകയായിരുന്നു ഗുജറാത്ത്. 101 റൺസിൽ നിൽക്കുമ്പോൾ 14 റൺസെടുത്ത ആർ.എച്ച് ബട്ടിനെ വാരിയർ പുറത്താക്കുകയായിരുന്നു. എട്ടാം വിക്കറ്റിലെ 30 റൺസാണ് ഗുജറാത്തിനെ സാമാന്യം ഭേദപ്പെട്ട റൺസിലേക്കെത്തിച്ചത്. കേരളത്തിനു വേണ്ടി നാല് വിക്കറ്റ് പിഴുതെടുത്ത സന്ദീപ് വാര്യറാണ് ഗുജറാത്തിനെ ഒതുക്കുന്നതിന് ചുക്കാന്‍ പിടിച്ചത്. ബേസിൽ തമ്പിയും നിദീഷും മൂന്ന് വിക്കറ്റ് വീതവും എടുത്തു.

അഞ്ചാം ഓവറില്‍ തന്നെ ഗുജറാത്തിന് ആദ്യ വിക്കറ്റ് നഷ്ടമായി. എട്ടു റണ്‍സെടുത്ത ഓപ്പണര്‍ പഞ്ചലിനെ സന്ദീപ് വാര്യര്‍ ബൗള്‍ഡാക്കി. മറ്റൊരു ഓപ്പണര്‍ കഥാന്‍ ഡി പട്ടേല്‍ പുറത്താകുമ്പോള്‍ 21 പന്തില്‍ ഒരു റണ്ണായിരുന്നു സമ്പാദ്യം. ആ വിക്കറ്റും സന്ദീപ് വാര്യര്‍ക്കായിരുന്നു. പിന്നീട് മൂന്നാം വിക്കറ്റില്‍ പാര്‍ഥിവ് പട്ടേലും രാഹുല്‍ ഷായും ഒത്തുചേര്‍ന്നു. കേരളത്തിന് അപകടകരമായ രീതിയിലേക്ക് ഈ കൂട്ടുകെട്ട് മുന്നേറവെ പാര്‍ഥിവ് പട്ടേലിനെ പുറത്താക്കി ബേസില്‍ തമ്പി കേരളത്തെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

ബേസിലിനെ സിക്‌സും ഫോറുമടിച്ച് മുന്നേറവെ പാര്‍ഥിവിനെ കേരള പേസര്‍ ബൗള്‍ഡാക്കുകയായിരുന്നു. 36 പന്തില്‍ 43 റണ്‍സായിരുന്നു പാര്‍ഥിവിന്റെ സമ്പാദ്യം. പാര്‍ഥിവ് പുറത്താകുമ്പോള്‍ രാഹുല്‍ ഷായുമായി 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. പാര്‍ഥിവിന്റെ വിക്കറ്റിന് പിന്നാലെ രാഹുല്‍ ഷായും പുറത്തായി. 56 പന്തില്‍ 15 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. രാഹുലിനെ ബേസില്‍ തമ്പി വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു.

രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് 185ന് അവസാനിച്ചു. ടോസ് നേടിയ ഗുജറാത്ത് കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഗുജറാത്ത് നായകന്റെ തീരുമാനം ശരിവെക്കും വിധമായിരുന്നു അവരുടെ ബൌളിങ്. കേരളത്തിന് മികച്ച തുടക്കം ലഭിച്ചില്ലെന്ന് മാത്രമല്ല, വിക്കറ്റുകള്‍ ഇടക്കിടെ വീഴുകയും ചെയ്തു.

39.3 ഓവര്‍ മാത്രം നീണ്ട ഇന്നിങ്‌സില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തിലാണ് കേരളം 185 റണ്‍സെടുത്തത്. ബാറ്റിങ്ങിനിടെ കൈക്കു പരുക്കേറ്റ സഞ്ജു സാംസണ്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങിയിരുന്നു. 14.3 ഓവറില്‍ 57 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ചിന്തന്‍ ഗജയാണ് കേരളത്തെ തകര്‍ത്തത്. 33 പന്തില്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 37 റണ്‍സെടുത്ത ബേസില്‍ തമ്പിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

ഒരു അര്‍ധസെഞ്ചുറി കൂട്ടുകെട്ടു പോലും പിറക്കാതെ പോയ ഇന്നിങ്‌സിനൊടുവിലാണ് കേരളം 185 റണ്‍സിന് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. പി.രാഹുല്‍ (26), മുഹമ്മദ് അസ്ഹറുദ്ദീന്‍ (17), സിജോമോന്‍ ജോസഫ് (എട്ട്), സച്ചിന്‍ ബേബി (പുജ്യം), വിഷ്ണു വിനോദ് (19), ജലജ് സക്‌സേന (14), വിനൂപ് മനോഹരന്‍ (24 പന്തില്‍ 25), എം.ഡി. നിധീഷ് (എട്ട്) എന്നിങ്ങനെയാണ് കേരള നിരയില്‍ പുറത്തായ മറ്റു താരങ്ങളുടെ പ്രകടനം. സന്ദീപ് വാരിയര്‍ നാലു റണ്‍സുമായി പുറത്താകാതെ നിന്നു. നാലു വിക്കറ്റ് വീഴ്ത്തിയ ചിന്തന്‍ ഗജയ്ക്കു പുറമെ മൂന്നു വിക്കറ്റ് വീഴ്ത്തിയ അര്‍സാന്‍ നഗ്വാസ്‌വല്ല, റൂഷ് കലാരിയ എന്നിവരും ഗുജറാത്തിനായി മികച്ച പ്രകടനം പുറത്തെടുത്തു.

അതിനിടെ, സഞ്ജു സാംസണിനു പരുക്കേറ്റത് മല്‍സരത്തില്‍ കേരളത്തിനു തിരിച്ചടിയാകും. 34 പന്തില്‍ നാലു ബൗണ്ടറി സഹിതം 17 റണ്‍സെടുത്തു നില്‍ക്കെയാണ് സഞ്ജുവിനു പരുക്കേറ്റത്. തുടര്‍ന്ന് പവലിയനിലേക്കു മടങ്ങിയ സഞ്ജു, പിന്നീട് ബാറ്റിങ്ങിന് ഇറങ്ങിയില്ല.

TAGS :

Next Story