Quantcast

ഏഴ് വിക്കറ്റ് ജയം, ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ

ആദ്യമായാണ് ആസ്‌ട്രേലിയയില്‍ ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കുന്നത്. നേരത്തെ ടെസ്റ്റ് പരമ്പരയും 2-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു...

MediaOne Logo

Web Desk

  • Published:

    18 Jan 2019 4:28 PM IST

ഏഴ് വിക്കറ്റ് ജയം, ഏകദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യ
X

മൂന്നാം ഏകദിനത്തില്‍ ആസ്‌ട്രേലിയയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ. ചഹാലിന്റെ ബൗളിംങും(6/42) തുടര്‍ച്ചയായി മൂന്നാം അര്‍ധസെഞ്ചുറി നേടിയ ധോണി(87*)യുടെ ബാറ്റിംങുമാണ് ഇന്ത്യക്ക് ചരിത്ര ജയവും പരമ്പരയും സമ്മാനിച്ചത്. നേരത്തെ ടെസ്റ്റ് പരമ്പരയും ഇന്ത്യ 2-1ന് നേടിയിരുന്നു. ആദ്യമായാണ് ആസ്‌ട്രേലിയക്കെതിരായഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കുന്നത്. നാല് പന്തുകള്‍ ശേഷിക്കെയായിരുന്നു ഇന്ത്യയുടെ ജയം.

സ്‌കോര്‍ ആസ്‌ട്രേലിയ 230(48.4) ഇന്ത്യ 234/3 (48.2)

നേരത്തെ ടോസ് നേടി ആസ്‌ട്രേലിയയെ ബാറ്റിംങിനയച്ച ഇന്ത്യയുടെ പ്രതീക്ഷക്കൊത്ത പ്രകടനമാണ് ബൗളര്‍മാര്‍ നടത്തിയത്. ഒമ്പത് ഓവറുകള്‍ക്കിടയില്‍ തന്നെ ഓപ്പണര്‍മാരായ അലെക്‌സ് ക്യാരിയേയും ആരോണ്‍ ഫിഞ്ചിനേയും ഓസീസിന് നഷ്ടമായി. ഭുവനേശ്വര്‍ കുമാറാണ് ഇരുവരേയും പുറത്താക്കിയത്.

പിന്നീട് ഉസ്മാന്‍ ഖ്വാജയും ഷോണ്‍ മാര്‍ഷും ചേര്‍ന്ന് ടീമിനെ കര കയറ്റാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും യുസ്‌വേന്ദ്ര ചഹാല്‍ അവതരിച്ചു. സ്‌കോര്‍ 100 റണ്‍സില്‍ നില്‍ക്കുമ്പോള്‍ ഷോണ്‍ മാര്‍ഷ് പുറത്ത്. പിന്നീടങ്ങോട്ട് ചഹാലിന്റെ ആധിപത്യമായിയിരുന്നു കണ്ടത്. കൃത്യമായി ഇടവേളകളില്‍ ചഹാല്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കി. പത്ത് ഓവറില്‍ 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റുകള്‍ വീഴ്ത്തി ചാഹല്‍ ഓസീസിന്റെ വേരറുത്തു.

58 റണ്ണെടുത്ത പീറ്റര്‍ ഹാന്‍സ്‌കോമ്പ് മാത്രമാണ് ഓസീസ് നിരയില്‍ പിടിച്ച് നിന്നത്. മുഹമ്മദ് ഷമിയും ഭുവനേശ്വര്‍കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 48.4 ഓവര്‍ എണ്ണി തീര്‍ന്നപ്പോഴേക്കും ആസ്‌ട്രേലിയ 230 ന് ഓള്‍ ഔട്ട്.

ചെറിയ വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ കരുതിയാണ് തുടങ്ങിയത്. രോഹിത് ശര്‍മ്മയെ(9) നേരത്തെ നഷ്ടമായെങ്കിലും കോഹ്‌ലിയും ധവാനും(23) ചേര്‍ന്ന് സ്‌കോര്‍ 59ലെത്തിച്ചു. പിന്നീട് കോഹ്‌ലിയും ധോണിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. അര്‍ധസെഞ്ചുറിക്ക് നാല് റണ്‍ അകലെ വെച്ച് കോഹ്ലിയെ(46) റിച്ചാഡ്‌സണ്‍ അലക്‌സ് കാരെയുടെ കൈകളിലെത്തിച്ചു. അപ്പോഴും ഒരറ്റത്ത് നങ്കൂരമിട്ട് നിന്ന ധോണിയിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ.

അഞ്ചാമനായിറങ്ങി കേദാര്‍ ജാദവ് 61 റണ്‍(57 പന്ത് 7*4) നേടി പുറത്താകാതെ നിന്നു. നാലാം വിക്കറ്റില്‍ കേദാര്‍ ജാദവ് മഹേന്ദ്ര സിംങ് ധോണി സഖ്യം പുറത്താകാതെ 121 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ആറ് ബൗണ്ടറികള്‍ മാത്രം നേടിയ ധോണി 63 റണ്‍സും നേടിയത് സിംഗിളുകളിലൂടെയായിരുന്നു. അഞ്ചാമനായിറങ്ങി കേദാര്‍ ജാദവ് 61 റണ്‍(57 പന്ത് 7*4) നേടി പുറത്താകാതെ നിന്നു. അവസാന ഓവറുകളിലെ സമ്മര്‍ദം സമര്‍ഥമായി കൈകാര്യംചെയ്ത ഇന്ത്യന്‍ താരങ്ങള്‍ ഏഴ് വിക്കറ്റ് ജയവും പരമ്പരയും കൈപ്പിടിയിലാക്കി. സെഞ്ചുറിയെ വെല്ലുന്ന പ്രകടനത്തോടെ ഒരിക്കല്‍ കൂടി ധോണി(87*) ഇന്ത്യയുടെ രക്ഷകനും ഫിനിഷറുമായി.

TAGS :

Next Story