റായിഡു രക്ഷിച്ചു, പക്ഷേ ആ റണ്ണൗട്ട് വേണ്ടായിരുന്നു
ഇന്ത്യയുടെ കൂട്ടത്തകര്‍ച്ച ഒഴിവാക്കിയ ഈ കൂട്ടുകെട്ട് അവസാനിച്ചതാകട്ടെ റായിഡുവിന്റെ പിഴവ് മൂലമുണ്ടായ ഒരു റണ്ണൗട്ടിലും.

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ 18ന് 4 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ 252ലെത്തിച്ചതില്‍ അമ്പാട്ടി റായിഡുവിന്റെ(90) ബാറ്റിംങിന് ചെറുതല്ലാത്ത പങ്കുണ്ട്. റായിഡുവും വിജയ് ശങ്കറും ചേര്‍ന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 98 റണ്‍സാണ് ഇരവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. മധ്യനിരയിലെ കൂട്ടത്തകര്‍ച്ച ഒഴിവാക്കിയ ഈ കൂട്ടുകെട്ട് അവസാനിച്ചതാകട്ടെ റായിഡുവിന്റെ പിഴവ് മൂലമുണ്ടായ ഒരു റണ്ണൗട്ടിലും.
പരസ്പരധാരണയോടെ ബാറ്റു ചെയ്ത് മുന്നേറിയ ഇരുവര്‍ക്കും 32ആം ഓവറില്‍ പിഴച്ചു. കോളിന്‍ മന്റോയുടെ ബോള്‍ മിഡ് വിക്കറ്റിലേക്ക് വിജയ് ശങ്കര്‍ തട്ടിയിട്ടു. റണ്‍സിന് വിജയ് ശങ്കര്‍വിളിച്ചില്ലെങ്കിലും എതിര്‍ വശത്തുണ്ടായിരുന്ന അമ്പാട്ടി റായിഡു അമിതാവേശം കാണിച്ചു. റായിഡു പിച്ചിന്റെ പകുതിയും പിന്നിട്ടതോടെ മറ്റു മാര്‍ഗ്ഗമില്ലാതെ വിജയ് ശങ്കറും ഓടുകയായിരുന്നു. അപ്പോഴേക്കും ഫീല്‍ഡര്‍ പന്ത് കോളിന്‍മണ്‍റോക്ക് എറിഞ്ഞു കൊടുത്തു. മണ്‍റോയുടെ ഏറ് വിക്കറ്റ് തെറിപ്പിക്കുമ്പോള്‍ ക്രീസിന്റെ ഏഴയലത്ത് വിജയ് ശങ്കറില്ലായിരുന്നു.
പുറത്താകുമ്പോള്‍ 64 പന്തുകളില്‍ നിന്നും 45 റണ്‍സെടുത്ത നിലയിലായിരുന്നു വിജയ് ശങ്കര്‍. റായിഡുവാകട്ടെ 81 പന്തില്‍ 44 റണ്‍സും. തുടക്കത്തില്‍ തപ്പിത്തടഞ്ഞ റായിഡു അവസാനത്തേക്ക് റണ്‍നിരക്കുയര്‍ത്തി 113 പന്തില്‍ 90 റണ്‍ നേടിയ ശേഷമായിരുന്നു പുറത്തായത്. എട്ട് ഫോറും നാല് സിക്‌സറും റായിഡു നേടി. വിജയ് ശങ്കറാകട്ടെ നാല് ബൗണ്ടറിയും. റായിഡു ഇന്നിംങ്‌സിന്റെ തുടക്കത്തില്‍ പരമാവധി പ്രതിരോധത്തിന് മുതിര്‍ന്നപ്പോള്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചത് വിജയ് ശങ്കറായിരുന്നു.
ഇന്ത്യന്‍ ഇന്നിംങ്‌സിലെ ടോപ്‌സ്‌കോററായെങ്കിലും വിജയ് ശങ്കറിന്റെ റണ്ണൗട്ടിന്റെ പഴി സോഷ്യല്‍മീഡിയയില്‍ കേള്‍ക്കുകയാണിപ്പോള്‍ അമ്പാട്ടി റായിഡു.
Adjust Story Font
16

