സെമി സാധ്യത നിലനിര്‍ത്തി ശ്രീലങ്ക
ടൂര്‍ണമെന്റില്‍ മങ്ങിയ ഫോമിലായിരുന്ന സീനിയര്‍ താരങ്ങളായ മലിംഗയും മാത്യൂസും ഫോമിലേക്ക് എത്തിയതും ലങ്കന്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

ഇംഗ്ലണ്ടിനെതിരെ നേടിയ വിജയവുമായി ശ്രീലങ്ക സെമി സാധ്യതകള്‍ നിലനിര്‍ത്തിയിരിക്കുകയാണ്. 6 കളികളില്‍ നിന്ന് 6 പോയിന്റുമായി ശ്രീലങ്ക ബംഗ്ലാദേശിനെ പിന്തള്ളി അഞ്ചാം സ്ഥാനത്തേക്ക് എത്തി. ടൂര്‍ണമെന്റില്‍ മങ്ങിയ ഫോമിലായിരുന്ന സീനിയര്‍ താരങ്ങളായ മലിംഗയും മാത്യൂസും ഫോമിലേക്ക് എത്തിയതും ലങ്കന്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
ഏഷ്യയിലെ കുഞ്ഞന്‍ ടീമായ അഫ്ഗാനിസ്ഥാനോട് കഷ്ടിച്ച് ജയിച്ചതായിരുന്നു ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് ശ്രീലങ്ക നേടിയ ഏക ജയം. രണ്ട് മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിച്ച വകയിലും ശ്രീലങ്കയ്ക്ക് 2 പോയിന്റ് ലഭിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതോടെ 6 പോയിന്റുമായി ലങ്ക പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ഇന്ത്യ ടീമുകള്‍ക്കെതിരെയും ശ്രീലങ്കയ്ക്ക് ഇനി മത്സരം ഉണ്ട്. ഇതില്‍ രണ്ട് ജയം നേടിയാല്‍ ലങ്കയ്ക്ക് സെമിയില്‍ കടക്കാന്‍ അവസരം ഒരുങ്ങിയേക്കും.
ആഞ്ചലോ മാത്യൂസ്, ലസിത് മലിംഗ എന്നിവരും ഒരുപറ്റം യുവതാരങ്ങളും അടങ്ങിയ ലങ്കന്‍ ടീം ഒരിക്കല്‍ പോലും പഴയ പെരുമയ്ക്കൊത്ത പ്രകടനം ഈ ലോകകപ്പില്‍ നടത്തിയിരുന്നില്ല. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ കഥ മാറി. 85 റണ്‍സുമായി പുറത്താകാതെ നിന്ന് ആഞ്ചലോ മാത്യൂസ് ലങ്കന്‍ ഇന്നിംഗ്സ് കെട്ടിപ്പെടുത്തപ്പോള്‍ 4 വിക്കറ്റുകളുമായി മലിംഗ ഇംഗ്ലണ്ട് ഇന്നിംഗ്സ് തകര്‍ത്തു.
ധനഞ്ജയ ഡിസില്‍വ, ഉസിരു ഉഡാന, ആവിഷ്ക ഫെര്‍ണാണ്ടോ, കുസാല്‍ മെന്‍ഡിസ് എന്നി യുവ താരങ്ങളും അവസരത്തിനൊത്ത് ഉയര്‍ന്നു. അടുത്ത മത്സരങ്ങളിലും ലങ്കന്‍ ടീം ഇതേ മികവ് പുറത്തെടുത്താല്‍ സെമി ബെര്‍ത്ത് അവര്‍ക്ക് ഉറപ്പിക്കാം.
Adjust Story Font
16

