Quantcast

വിജയലക്ഷ്യമറിയാതെ ബാറ്റു വീശി ബംഗ്ലാദേശ്; ഒടുവിൽ ബാറ്റിങ് നിർത്തിവച്ചു!

" ലക്ഷ്യം എത്രയാണ് എന്ന് നിർണയിച്ച ശേഷമാണ് മത്സരം പുനരാരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ തോൽവിക്ക് ന്യായങ്ങളില്ല"

MediaOne Logo

Web Desk

  • Published:

    31 March 2021 3:38 AM GMT

വിജയലക്ഷ്യമറിയാതെ ബാറ്റു വീശി ബംഗ്ലാദേശ്; ഒടുവിൽ ബാറ്റിങ് നിർത്തിവച്ചു!
X

പ്രൊഫഷണല്‍ ക്രിക്കറ്റിൽ ഇങ്ങനെയും സംഭവിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. ന്യൂസിലാൻഡിനെതിരെ വിജയലക്ഷ്യം അറിയാതെ ബാറ്റു ചെയ്യാനെത്തിയ ബംഗ്ലാദേശിന്റെ സ്ഥിതി കണ്ടാണ് ആരാധകർ മൂക്കത്ത് വിരൽ വച്ചത്. നേപ്പിയറിലെ മക്ലീൻ പാർക്കിൽ നടന്ന രണ്ടാം ട്വന്റി20 മത്സരത്തിനിടെയാണ് നാടകീയ നിമിഷങ്ങൾ. വിജയലക്ഷ്യം അറിയിക്കുന്നതില്‍ സംഘാടകര്‍ വരുത്തിയ പിഴവാണ് പൊല്ലാപ്പിനിടയാക്കിയത്.

ഇടയ്ക്കിടെ മഴ രസംകൊല്ലിയായ നിർത്തിവച്ച മത്സരത്തിൽ, രണ്ടാമതു ബാറ്റു ചെയ്ത ബംഗ്ലദേശ് വിജയലക്ഷ്യം എത്രയെന്ന് അറിയാതെയാണ് കളത്തിലിറങ്ങിയത്. ഒടുവിൽ മത്സരം നിർത്തിവച്ച അംപയർമാർ വിജയലക്ഷ്യം എത്രയെന്ന് ബംഗ്ലദേശ് താരങ്ങളെ അറിയിക്കുകയായിരുന്നു.

ബംഗ്ലദേശ് ചേസിങ് അവസാന ഓവറുകളിലേക്ക് കടന്നപ്പോൾ വീണ്ടും വിജയലക്ഷ്യം പുനർനിർണയിച്ചത് ആശയക്കുഴപ്പം വർധിപ്പിക്കുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയരായ ന്യൂസീലൻഡ്, 17.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് എടുത്തത്. മഴ മൂലം അംപയർമാർ മത്സരം നിർത്തിവയ്ക്കുകയായിരുന്നു. തുടർന്ന് ഓവറുകൾ വെട്ടിച്ചുരുക്കി ബംഗ്ലദേശ് മറുപടി ബാറ്റിങ്ങ് ആരംഭിച്ചു. 16 ഓവറിൽ 171 റൺസ് ആയിരുന്നു വിജയലക്ഷ്യം. എന്നാല്‍ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശിന് നേടാനായത് ഏഴു വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് മാത്രം.

മഴമൂലം ഓവറുകൾ വെട്ടിച്ചുരുക്കിയ മത്സരത്തിൽ വിജയലക്ഷ്യം എത്രയെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുൻപേയാണ് ബംഗ്ലദേശ് മറുപടി ബാറ്റിങ് ആരംഭിച്ചത്. 16 ഓവറിൽ 148 റൺസാണ് വിജയലക്ഷ്യമെന്ന് ആദ്യം അറിയിച്ചതു പ്രകാരമാണ് ബംഗ്ലദേശ് ബാറ്റിങ് ആരംഭിച്ചത്.

എന്നാൽ, ഈ വിജയലക്ഷ്യവും കൃത്യമായിരുന്നില്ല. 13ാം ഓവറിലാണ് യഥാർഥ വിജയലക്ഷ്യം 170 റൺസല്ല, 171 റൺസാണെന്ന് സ്ഥിരീകരിക്കുന്നത്. 13 ഓവർ പൂർത്തിയാകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലായിരുന്നു ബംഗ്ലദേശ്. സൗമ്യ സർക്കാർ അർധസെഞ്ചുറിയുമായി തിളങ്ങിയെങ്കിലും ഒടുവിൽ ബംഗ്ലദേശിന് നേടാനായത് 142 റൺസ് മാത്രം.

ഡിഎൽഎസ് ലക്ഷ്യം എത്രയെന്ന് വ്യക്തമല്ലാത്ത ഒരു മത്സരവും തന്റെ കരിയറിൽ ഉണ്ടായിട്ടില്ലെന്ന് ബംഗ്ലാദേശ് കോച്ച് റസ്സൽ ഡോമിങ്ങോ പ്രതികരിച്ചു. 'നല്ല മഴയുണ്ടായിരുന്നു. അഞ്ച് ആറ് ഓവറുകൾ വരെ എത്ര റൺസാണ് വേണ്ടത് എന്ന് ഞങ്ങൾക്ക് നിശ്ചയമുണ്ടായിരുന്നില്ല. ലക്ഷ്യം എത്രയാണ് എന്ന് നിർണയിച്ച ശേഷമാണ് മത്സരം പുനരാരംഭിക്കേണ്ടിയിരുന്നത്. തോൽവിക്ക് ന്യായങ്ങളില്ല. എന്നാൽ ഇത് ഇച്ഛാഭംഗമുണ്ടാക്കുന്നതാണ്' - അദ്ദേഹം തുറന്നടിച്ചു.

മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയും ന്യൂസീലൻഡ് ഉറപ്പാക്കി. ഒന്നാം ട്വന്റി20യിൽ ന്യൂസീലൻഡ് 66 റൺസിന് ജയിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം വ്യാഴാഴ്ച ഓക്ലൻഡിൽ നടക്കും.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story