Quantcast

'എനിക്കുണ്ടായ ദൌര്‍ഭാഗ്യം നിങ്ങള്‍ക്കുണ്ടാകില്ല, ഒരു മത്സരം പോലും കളിക്കാതെ ആരും മടങ്ങില്ല' ദ്രാവിഡ്

'മികച്ച പ്രകടനം കാഴ്ചവെച്ച ശേഷം ദേശീയ ടീമിലെത്തിയിട്ടും അവസാന ഇലവനില്‍ പരിഗണിക്കാതിരിക്കുന്ന അവസ്ഥ വളരെ നിരാശാജനകമാണ്. ബെഞ്ചിലിരുന്നും റോഡിൽ കളിച്ചും ആര്‍ക്കും ക്രിക്കറ്റ് താരമാവാൻ കഴിയില്ല'

MediaOne Logo

Web Desk

  • Published:

    12 Jun 2021 10:19 AM GMT

എനിക്കുണ്ടായ ദൌര്‍ഭാഗ്യം നിങ്ങള്‍ക്കുണ്ടാകില്ല, ഒരു മത്സരം പോലും കളിക്കാതെ ആരും മടങ്ങില്ല ദ്രാവിഡ്
X

ശ്രീലങ്കന്‍ പര്യടനത്തിന് മുന്നോടിയായി താരങ്ങള്‍ക്ക് ആത്മവിശ്വാസമേകുന്ന വാക്കുകളുമായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. തന്‍റെയൊപ്പം ലങ്കയിലെത്തുന്ന താരങ്ങള്‍ക്ക് ഒരു മത്സരം പോലും കളിക്കാതെ മടങ്ങേണ്ടി വരില്ലെന്നായിരുന്നു ദ്രാവിഡിന്‍റെ വാക്കുകള്‍. തനിക്ക് ഇത്തരത്തിലുള്ള അനുഭവമുണ്ടായിട്ടുണ്ടെന്നും അത് തന്‍റെ കീഴില്‍ പരിശീലിക്കുന്ന താരങ്ങള്‍ക്ക് ഉണ്ടാകില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി. ഇ.എസ്.പി.എൻ ക്രിക് ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിനിടെയായിരുന്നു ദ്രാവിഡിന്‍റെ പ്രതികരണം.

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുമായി ഇന്ത്യയുടെ മുൻനിര ടീം ഇംഗ്ലണ്ടിലായതോടെയാണ് ഇന്ത്യയുടെ യുവനിരയെ ശ്രീലങ്കന്‍ പര്യടനത്തിനായി ക്രിക്കറ്റ് ബോര്‍ഡ് അയക്കുന്നത്. ശ്രീലങ്കന്‍ പര്യടത്തിനുള്ള ടീമിന്‍റെ പരിശീലകനായി ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും മുന്‍ ഇന്ത്യന്‍ നായകനുമായ ദ്രാവിഡിനെ തെരഞ്ഞെടുക്കുകയായിരുന്നു. ജൂൺ 18നാണ് ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്‍റെ ഫൈനൽ മത്സരം ആരംഭിക്കുന്നത്. തുടർന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും കഴിഞ്ഞായിരിക്കും ടീം മടങ്ങുക. അതേസമയം ജൂലൈ 13 മുതൽ 27 വരെയാണ് ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം ഏകദിന, ടി20 പരമ്പരകളടങ്ങുന്നതാണ് പര്യടനം. മുൻപ് ഇന്ത്യ എ, അണ്ടർ-19 ടീമുകളിൽ ദ്രാവിഡിന്‍റെ പരിശീലനത്തിൽ വളർന്ന പ്രതിഭകളാണ് ഇവരിൽ ഭൂരിഭാഗവുമെന്ന പ്രത്യേകതയുമുണ്ട്. മുന്‍നിര താരങ്ങളുടെ അഭാവത്തില്‍ ശിഖര്‍ ധവാനാണ് ഇന്ത്യയെ നയിക്കുക. ഭുവനേശ്വര്‍ കുമാര്‍ വൈസ് ക്യാപ്റ്റനാവും. മലയാളി താരങ്ങളായ സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ ടീമിനൊപ്പമുണ്ട്. മറ്റൊരു മലയാളി സന്ദീപ് വാര്യര്‍ നെറ്റ് ബൗളറായും ടീമിനൊപ്പമുണ്ട്.

തനിക്കൊപ്പം ശ്രീലങ്കയില്‍ എത്തുന്ന താരങ്ങള്‍ക്ക് ഒരു മത്സരം പോലും കളിക്കാതെ മടങ്ങില്ലെന്ന് ദ്രാവിഡ് പറ‍ഞ്ഞു. ആഭ്യന്തര സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷമാണ് താരങ്ങൾ ടീമിലെത്തുന്നത്. ടീമിലെത്തിയ ശേഷം അവസരം ലഭിക്കാതാകുമ്പോൾ വീണ്ടും ആഭ്യന്തര മത്സരങ്ങൾ കളിക്കേണ്ടിവരും. സെലക്ടർമാർ ശ്രദ്ധിക്കണമെങ്കിൽ വീണ്ടും ആഭ്യന്തര സീസണുകളില്‍ 700-800 റൺസ് നേടണം. ഈ ഒരു രീതിയോട് യോജിപ്പില്ല ദ്രാവിഡ് വ്യക്തമാക്കി. തന്‍റെ ക്രിക്കറ്റ് കരിയര്‍ തുടങ്ങുന്ന സമയത്ത് ഇത്തരത്തിലുള്ള അനുഭവം നേരിടേണ്ടി വന്നിട്ടുള്ളതായും ദ്രാവിഡ് പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവെച്ച ശേഷം ദേശീയ ടീമിലെത്തിയിട്ടും അവസാന ഇലവനില്‍ പരിഗണിക്കാതിരിക്കുന്ന അവസ്ഥ വളരെ നിരാശാജനകമാണ്. ബെഞ്ചിലിരുന്നും റോഡിൽ കളിച്ചും ആര്‍ക്കും ക്രിക്കറ്റ് താരമാവാൻ കഴിയില്ല, അതിന് അവസരങ്ങള്‍ തന്നെ വേണം. ദ്രാവിഡ് പറഞ്ഞു.

TAGS :

Next Story