Quantcast

ഞെട്ടിച്ച് സ്റ്റോക്‌സിന്‍റെ ഡിക്ലയർ; ആഷസിൽ 'ബേസ്‌ബോൾ റൂട്ടി'ൽ ഇംഗ്ലണ്ട്

30-ാം ടെസ്റ്റ് സെഞ്ച്വറിയുമായി ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാനെ പിന്നിലാക്കി ജോ റൂട്ട്

MediaOne Logo

Web Desk

  • Published:

    17 Jun 2023 2:43 AM GMT

Ashes Highlights - ENG vs AUS 1st Test Day 1, Ashes 2023, ENG vs AUS, Joe Root, bazball in ashes,
X

ബിർമിങ്ങാം: ആഷസ് യുദ്ധത്തിന്‍റെ പുതിയ പതിപ്പിന് ഇംഗ്ലീഷ് മണ്ണിൽ തുടക്കം. ചിരവൈരികളുടെ പോരാട്ടത്തിൽ ആദ്യദിനം സർപ്രൈസ് കാഴ്ചകൾക്കും സാക്ഷിയായി. ആഷസില്‍ പുതിയ 'ബേസ്ബാള്‍' ക്രിക്കറ്റ് അവതരിപ്പിക്കപ്പെട്ട ദിനത്തിൽ വമ്പൻ സ്‌കോറിലെത്തുംമുൻപ് 'ഡിക്ലയർ' ചെയ്തും ആതിഥേയർ ഞെട്ടിച്ചു. എട്ടിന് 393 എന്ന നിലയിലാണ് ഇംഗ്ലണ്ട് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്. മറുപടി ബാറ്റിങ്ങിൽ വിക്കറ്റൊന്നും നഷ്ടമില്ലാതെ 14 റൺസിനാണ് ആദ്യദിനം ആസ്‌ത്രേലിയ കളി നിർത്തിയത്.

ബിർമിങ്ങാമിൽ നടക്കുന്ന ആദ്യ ആഷസിൽ ടോസ് ഭാഗ്യം ഇംഗ്ലീഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിനൊപ്പമായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനായിരുന്നു സ്റ്റോക്‌സിന്റെ തീരുമാനം. സാക്ക് ക്രൗളി(61) നൽകിയ മികച്ച തുടക്കത്തിൽ ജോ റൂട്ടിന്റെ സെഞ്ച്വറിയും(118) ജോണി ബെയർസ്‌റ്റോയുടെ(78) ഗംഭീര തിരിച്ചുവരവും ആയപ്പോൾ ഇംഗ്ലണ്ട് മികച്ച ടോട്ടലിലേക്ക് കുതിക്കുകയായിരുന്നു. എന്നാൽ, 400 എന്ന മാർക്കിന് തൊട്ടരികെ അപ്രതീക്ഷിതമായായിരുന്നു സ്റ്റോക്‌സിന്റെ ഡിക്ലയർ വന്നത്. അതും ജോ റൂട്ടും ഒലി റോബിൻസനും ചേർന്ന് ഓസീസ് സ്പിന്നർ നേഥൻ ലയോണിനെ ടി20 ശൈലിയിൽ അടിച്ചുപരത്തുന്ന സമയത്ത്. ആഷസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഡിക്ലയർ ആണിത്.

കളി ആരംഭിച്ച് നാലാം ഓവറിൽ തന്നെ ഓപണർ ബെൻ ഡക്കറ്റിനെ കൂടാരം കയറ്റി ജോഷ് ഹേസൽവുഡ് ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കിയെങ്കിലും പിന്നീടങ്ങോട്ട് ഇംഗ്ലീഷ് തേരോട്ടമായിരുന്നു. ഓപണർ സാക്ക് ക്രൗളിയും മൂന്നാമൻ ഒലി പോപ്പും ചേർന്ന് പതിവ് 'ബേസ്ബാൾ' ആക്രമണത്തിന് തുടക്കമിട്ടു. ഏകദിനശൈലിയിലായിരുന്നു ഇരുവരും അടിച്ചുകളിച്ചത്. ഇതിനിടെ വിക്കറ്റിനു മുന്നിൽ കുരുക്കി പോപ്പിന്റെ(31) പോരാട്ടം അവസാനിപ്പിച്ചു ലയോൺ.

പിന്നീട് ക്രൗളിക്കൊപ്പം ജോ റൂട്ട് ആക്രമണം ഏറ്റെടുത്തു. ഇരുവരും ചേർന്ന് ടീം സ്‌കോർ നൂറുകടത്തി. അധികം വൈകാതെ ക്രൗളിയെ സ്‌കോട്ട് ബോലൻഡ് പുറത്താക്കി. വിക്കറ്റ് കീപ്പർ അലെക്‌സ് ക്യാരിക്ക് ക്യാച്ച് നൽകി മടങ്ങുമ്പോൾ 73 പന്തിൽ 61 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

പിറകെ വന്ന ഹാരി ബ്രൂക്ക് ക്രൗളി നിർത്തിയേടത്തുനിന്ന് തുടങ്ങി. ഓസീസ് ബൗളർമാരെ ബൗണ്ടറിയിലേക്ക് പറത്തി മികച്ച ടച്ചിലാണെന്നു തോന്നിച്ചെങ്കിലും ലയണിന്റെ കിടിലൻ ബൗളിൽ ബൗൾഡായി മടങ്ങി ഹാരി ബ്രൂക്ക്(37 പന്തിൽ 32). നായകൻ സ്റ്റോക്‌സ്(ഒന്ന്) വന്ന വഴിയേ തിരിച്ചുനടന്നു.

ഒടുവിൽ ആറാം വിക്കറ്റിൽ ജോണി ബെയർസ്‌റ്റോയെ കൂട്ടുപിടിച്ച് സ്‌കോർനില ഉയർത്തി റൂട്ട്. ഇതിനിടെ കരിയറിലെ 30-ാമത് സെഞ്ച്വറിയും കുറിച്ചു. ആസ്‌ത്രേലിയൻ ഇതിഹാസം ഡോൺ ബ്രാഡ്മാനെ പിന്നിലാക്കി സെഞ്ച്വറിവേട്ടക്കാരുടെ പട്ടികയിൽ 15-ാം സ്ഥാനത്തെത്തിയിരിക്കുകയാണ് താരം. മുൻ വെസ്റ്റിൻഡീസ് താരം ശിവ്‌നാരായൻ ചന്ദ്രപോളും മുൻ ഓസീസ് താരം മാത്യു ഹെയ്ഡനുമൊപ്പമാണ് റൂട്ടിന്റെ സ്ഥാനം. മുൻ ഇംഗ്ലീഷ് നായകന്റെ നാലാം ആഷസ് സെഞ്ച്വറി കൂടിയാണിത്.

ഇതിനിടെ അർധസെഞ്ച്വറിയുമായി പരിക്കിനുശേഷമുള്ള തിരിച്ചുവരവ് മനോഹരമാക്കി ബെയർസ്‌റ്റോ. 78 പന്തിൽ 12 ബൗണ്ടറി സഹിതം 78 റൺസെടുത്ത് ലയണിന് വിക്കറ്റ് നൽകി താരം മടങ്ങി. പിന്നീട് വന്ന മോയിൻ അലി(18), സ്റ്റുവർട്ട് ബ്രോഡ്(16) എന്നിവരെല്ലാം വേഗത്തിൽ വന്ന് അതിവേഗം കിട്ടിയ പന്തിൽ തകർത്തടിച്ച് ഒട്ടും വൈകാതത്തന്നെ കൂടാരം കയറുകയും ചെയ്തു. റൂട്ടും(152 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും സഹിതം 118) ഒലി റോബിൻസനും(17) പുറത്താകാതെ നിന്നു.

നാലു വിക്കറ്റുമായി നേഥൻ ലയണാണ് ഓസീസ് ബൗളിങ് ആക്രമണം നയിച്ചത്. ജോഷ് ഹേസൽവുഡിന് രണ്ടും സ്‌കോട്ട് ബോലൻഡിനും കാമറൂൺ ഗ്രീനിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു. ബാറ്റിങ്ങിൽ ഓസീസ് ഓപണർമാരായ ഡേവിഡ് വാർണറും(എട്ട്) ഉസ്മാൻ ഖവാജയും(നാല്) ആണ് ക്രീസിലുള്ളത്.

Summary: Ashes Highlights - ENG vs AUS 1st Test Day 1

TAGS :

Next Story