Quantcast

'അവൻ കാണിച്ചത് ധീരത'; ഫലസ്തീൻ ഐക്യദാർഢ്യത്തിൽ ഉസ്മാൻ ഖവാജയെ അഭിനന്ദിച്ച് ആസ്ത്രേലിയന്‍ പ്രധാനമന്ത്രി ആൽബനീസ്

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്‍റേത് ഇരട്ടത്താപ്പ് നയമാണെന്ന് ഖവാജ തുറന്നടിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-01-01 16:28:21.0

Published:

1 Jan 2024 4:27 PM GMT

Australia PM praises Usman Khawaja for Palestine solidarity, Usman Khawaja shoe controversy, Usman Khawaja Palestine solidarity
X

ഉസ്മാന്‍ ഖവാജ, ആന്തണി ആല്‍ബനീസ്

സിഡ്‌നി: ക്രിക്കറ്റ് മൈതാനത്ത് ഫലസ്തീൻ വിഷയം ഉയർത്തിയ ക്രിക്കറ്റ് താരം ഉസ്മാൻ ഖവാജയെ പിന്തുണച്ച് ആസ്‌ത്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. മനുഷ്യമൂല്യങ്ങൾക്കു വേണ്ടി നിലകൊള്ളാൻ കാണിച്ച ധീരതയെ അഭിനന്ദിക്കുകയാണെന്ന് ആൽബനീസ് പ്രതികരിച്ചു. വിഷയത്തിൽ ഐ.സി.സിയുടെ ഇരട്ടത്താപ്പിനെതിരെ താരം പരസ്യമായി രംഗത്തെത്തിയതിനു പിന്നാലെയാണ് ഓസീസ് പ്രധാനമന്ത്രിയുടെ പ്രതികരണം പുറത്തുവരുന്നത്.

സിഡ്‌നി ടെസ്റ്റിനുമുൻപ് ഓസീസ്-പാകിസ്താൻ താരങ്ങൾക്കായി ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ആന്തണി ആൽബനീസ്. സിഡ്‌നിയിലെ കിറിബില്ലിയിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു താരങ്ങൾക്ക് വിരുന്നൊരുക്കിയത്.

മനുഷ്യമൂല്യങ്ങൾക്കു വേണ്ടി നിലകൊള്ളാൻ ഖവാജ കാണിച്ച ധീരതയെ അഭിനന്ദിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഖവാജ കാണിച്ചതൊരു ധീരതയാണ്. ടീം അദ്ദേഹത്തെ പിന്തുണച്ചതും വലിയ കാര്യമാണ്. ഉസിയും(ഖവാജ) ഡേവും(വാർണർ) സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒന്നിച്ചിറങ്ങുമ്പോൾ അതു വളരെ വിശേഷപ്പെട്ടൊരു നിമിഷമായി മാറുമെന്നും ആൽബനീസ് കൂട്ടിച്ചേർത്തു.

പാകിസ്താനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായായിരുന്നു വിവാദങ്ങളുടെ തുടക്കം. ഫലസ്തീന് ഐക്യദാർഢ്യം അർപ്പിച്ചുള്ള സന്ദേശങ്ങളടങ്ങിയ ഷൂ ധരിച്ച് കളിക്കാൻ താരം നേരത്തെ താൽപര്യമറിയിച്ചിരുന്നു. എന്നാൽ, ഐ.സി.സി ഇടപെട്ട് ഇതു തടഞ്ഞു. മത-രാഷ്ട്രീയ-വംശീയ ഉള്ളടക്കങ്ങൾ കളിക്കിടയിൽ പ്രദർശിപ്പിക്കരുതെന്ന് ഐ.സി.സി ചട്ടമുണ്ടെന്നു കാണിച്ചായിരുന്നു ഇത്.

എല്ലാ ജീവിതവും തുല്യമാണെന്നും സ്വാതന്ത്ര്യം മനുഷ്യാവകാശമാണെന്നുമുള്ള സന്ദേശങ്ങൾ അടങ്ങിയ ഷൂവാണു വിവാദങ്ങൾക്കിടയാക്കിയത്. ഐ.സി.സി നിർദേശം താരം അനുസരിച്ചെങ്കിലും നിലപാടിൽനിന്നു പിന്നോട്ടില്ലെന്നു പിന്നീട് വ്യക്തമാക്കി. ജൂതന്റെയും മുസ്ലിമിന്റെയും ഹിന്ദുവിന്റെയുമെല്ലാം ജീവിതത്തിന് ഒരേ വിലയാണ്. ശബ്ദമില്ലാത്തവരുടെ മനുഷ്യാവകാശങ്ങൾക്കു വേണ്ടിയാണു താൻ ശബ്ദിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതൊരു മാനവികമായ ആഹ്വാനമാണ്. മറിച്ചുള്ള തരത്തിലാണു നിങ്ങൾ കാണുന്നതെങ്കിൽ അതു നിങ്ങളുടെ കുറ്റമാണെന്നും ഉസ്മാൻ ഖവാജ പറഞ്ഞു.

നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നു പലതവണ താരം ആവർത്തിച്ചു. മുൻപ് ചില താരങ്ങളുടെ ഭാഗത്തുനിന്ന് സമാനരീതിയിലുള്ള ഇടപെടലുകളുണ്ടായിട്ടും ഐ.സി.സി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ തനിക്കെതിരായ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ നടപടി അന്യായവും ഇരട്ടത്താപ്പുമാണെന്നും ഉസ്മാൻ ഖവാജ തുറന്നടിച്ചു.

അതേസമയം, ഈ പരമ്പരയോടെ അന്താരാഷ്ട്ര ടെസ്റ്റ്-ഏകദിന ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് ഡേവിഡ് വാർണർ. ഇന്നു വാർത്താസമ്മേളനത്തിലാണ് ഏകദിനത്തിൽനിന്നും വിരമിക്കുകയാണെന്നു വെളിപ്പെടുത്തിയത്. നിറകണ്ണുകളോടെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം.

ഇതു വളരെ വിശേഷപ്പെട്ട, വൈകാരികമായൊരു നിമിഷമാണെന്ന് ഖവാജ മനസ്സുതുറന്നു. വാർണറുടെ ഈയൊരു മുഖം നമ്മളാരും കണ്ടുകാണില്ല. കളത്തിലിരിക്കെ ആ മുഖം അദ്ദേഹം ആരെയും കാണിച്ചിട്ടുമില്ല. ശക്തനായ പോരാളിയാണ് അദ്ദേഹം. വളരെക്കാലമായി അദ്ദേഹത്തെ എനിക്ക് വ്യക്തിപരമായി അറിയാം. ആ വശവും എനിക്കു പരിചയമുണ്ട്. ക്രിക്കറ്റ് മൈതാനത്തുള്ള വാർണറാകില്ല അദ്ദേഹം വീട്ടിൽ കുടുംബത്തോടൊപ്പം ചേർന്നാൽ. മറ്റൊരു വ്യക്തിയായി മാറും. ഒരുപക്ഷെ, വാർണറിൽ താൻ ഇഷ്ടപ്പെടുന്നൊരു കാര്യമതാകുമെന്നും ഉസ്മാൻ ഖവാജ കൂട്ടിച്ചേർത്തു.

Summary: ''He has shown courage'' : Australia PM Anthony Albanese praises Usman Khawaja for his stance on Palestine solidarity

TAGS :

Next Story