Quantcast

പാകിസ്താനെതിരെ കളിക്കരുതെന്ന് രണ്ടാഴ്ച മുന്‍പ്; ഇപ്പോള്‍ അക്രമിനൊപ്പം കമന്ററി ബോക്‌സിൽ; ഗംഭീറിനു പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

ഇന്ത്യയും പാകിസ്താനും തമ്മില്‍ ശത്രുതയുടെ നീണ്ടകാലത്തെ ചരിത്രം തന്നെയുണ്ടെന്നും ഇരു ടീമും തമ്മിലുള്ള മത്സരങ്ങൾ നിരന്തരം പ്രൊപഗണ്ടാ വേദികളായി മാറുകയാണെന്നും ഗംഭീര്‍ പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-09-02 16:22:48.0

Published:

2 Sep 2023 3:21 PM GMT

Gautam Gambhir trolled for commentating in India-Pakistan Asia Cup 2023 match after demanding it to be called off, Gautam Gambhir trolled in commentary box with Wasim Akram, Gautam Gambhir commentary with Wasim Akram, Gautam Gambhir, Wasim Akram
X

കാൻഡി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിന് സോഷ്യൽ മീഡിയയിൽ പൊങ്കാല. പാകിസ്താനെതിരെ ഇന്ത്യ കളിക്കരുതെന്നു ദിവസങ്ങൾക്കുമുൻപ് ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ശ്രീലങ്കയിലെ പല്ലെകെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ കമന്റേറ്ററായി ഗംഭീർ എത്തിയതോടെയാണ് സോഷ്യല്‍ മീഡിയയുടെ ട്രോള്‍വര്‍ഷം.

ദിവസങ്ങൾക്കുമുൻപ് ഒരു അഭിമുഖ പരിപാടിയിലായിരുന്നു ഗംഭീറിന്റെ അഭിപ്രായപ്രകടനം. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ അവസാനിക്കാത്ത കാലത്തോളം പാകിസ്താനുമായി ഇന്ത്യ കളിക്കരുതെന്നാണ് ഗംഭീർ ആവശ്യപ്പെട്ടത്. ഒരു ക്രിക്കറ്റ് മത്സരവും ഒരു പരിപാടിയും സൈനികരുടെ ജീവിതത്തിലും പ്രധാനമല്ലെന്നും ക്രിക്കറ്റിനെ രാഷ്ട്രീയത്തിൽനിന്നു മാറ്റിനിർത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

''നിരന്തരം വിമർശിക്കപ്പെടുന്ന പോലെ ഇതിന്റെ പേരിലും എനിക്കെതിരെ വിമർശനമുണ്ടായേക്കാം. എന്നാൽ, ഒരു പരിപാടിക്കും, ഒരു ക്രിക്കറ്റ് മത്സരത്തിനു പോലും നമ്മുടെ സൈനികരുടെ ജീവിതത്തെക്കാൾ വിലയേറിയതല്ല. ക്രിക്കറ്റിനെ രാഷ്ട്രീയത്തിൽനിന്നു മാറ്റിനിർത്തുക സാധ്യമല്ല. പ്രത്യേകിച്ചും അത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങളാകുമ്പോൾ.''-ഗംഭീർ പറഞ്ഞു.

ഇരുരാജ്യങ്ങൾക്കും ശത്രുതയുടെ ഒരു നീണ്ടകാലത്തെ ചരിത്രം തന്നെയുണ്ട്. അവർ തമ്മിലുള്ള മത്സരങ്ങൾ നിരന്തരം പ്രൊപഗണ്ടാ വേദികളായി ദുരുപയോഗപ്പെടുത്തപ്പെടുകയും ചെയ്യുന്നുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ മെച്ചപ്പെടുന്നതുവരെ പാകിസ്താനെതിരെ ഇന്ത്യ ഒരു അന്താരാഷ്ട്ര മത്സരവും കളിക്കരുതെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഷ്യാ കപ്പിലെ സൂപ്പർ പോരാട്ടത്തിൽ ഇന്ന് ഗംഭീറും കമന്റേറ്ററായി എത്തിയതോടെയാണു ദിവസങ്ങൾക്കുമുൻപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. പാകിസ്താൻ പേസ് ഇതിഹാസം വസീം അക്രമിനൊപ്പം ഗംഭീർ ഇന്ത്യ-പാക് മത്സരത്തിന്റെ തത്സമയ കമന്ററി പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, മത്സരത്തിൽ ഷഹിൻഷാ അഫ്രീദി നയിച്ച പാക് പേസ് നിര ഇന്ത്യയെ വിറപ്പിക്കുന്ന കാഴ്ചയാണ് പല്ലെകെലെയിൽ കണ്ടത്. കരുത്തുറ്റ ഇന്ത്യൻ മുൻനിര തകർന്നടിഞ്ഞപ്പോൾ യുവതാരം ഇഷൻ കിഷനും(82) ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യയും(87) ആണു രക്ഷകരായത്. നാലു വിക്കറ്റുമായി ഷഹിൻഷാ അഫ്രീദി കത്തിപ്പടർന്നപ്പോൽ ഇന്ത്യൻ ഇന്നിങ്‌സ് 266ൽ അവസാനിച്ചു.

Summary: Gautam Gambhir trolled for commentating in India-Pakistan Asia Cup 2023 game after demanding it to be called off

TAGS :

Next Story