Quantcast

'എല്ലാവരും മൻമോഹൻ സിങ്ങിനു നന്ദിപറയേണ്ട സമയമാണിത്'; പ്രശംസയുമായി ഹർഷ ഭോഗ്‌ലെ

''കശ്മീരുമായി ബന്ധപ്പെട്ട് യു.എന്നിൽ നടന്ന നിർണായകമായൊരു സംവാദത്തിൽ ഇന്ത്യൻ ദൗത്യസംഘത്തെ നയിക്കാൻ മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു, അന്നത്തെ പ്രതിപക്ഷ നേതാവ് അടൽ ബിഹാരി വാജ്‌പേയിയെ ക്ഷണിച്ചത് എന്റെ പ്രിയപ്പെട്ടൊരു കഥയാണ്.''

MediaOne Logo

Web Desk

  • Published:

    4 April 2024 12:50 PM GMT

It is time for everyone to say thank you to Manmohan Singh for the transformation that the mid 90s brought about: Says cricket commentator Harsha Bhogle, Cricket commentator Harsha Bhogle praises former PM Manmohan Singh
X

മന്‍മോഹന്‍ സിങ്, ഹര്‍ഷ ഭോഗ്ലെ

ന്യൂഡൽഹി: രാജ്യസഭയിൽനിന്നു വിരമിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനു പ്രശംസയുമായി പ്രമുഖ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‌ലെ. 90കൾക്കുശേഷം രാജ്യത്തുണ്ടായ മാറ്റങ്ങൾക്ക് മൻമോഹൻ സിങ്ങിനോട് എല്ലാവരും നന്ദി പറയേണ്ട സമയമാണിതെന്ന് ഭോഗ്‌ലെ പറഞ്ഞു. സിങ്ങും മുൻ പ്രധാനമന്ത്രി നരസിംഹ റാവുവും കൊണ്ടുവന്ന ഉദാരവൽക്കരണ നയങ്ങളിൽനിന്നു തന്റെ തലമുറയ്ക്കു വലിയ നേട്ടങ്ങളുണ്ടായിട്ടുണ്ട്. പ്രതിപക്ഷ നേതാവായ എ.ബി വാജ്‌പേയിലെ യു.എന്നിലെ ഇന്ത്യൻ ദൗത്യസംഘത്തിന്റെ തലവനാക്കിയ റാവുവിന്റെ മാതൃകയാണു രാഷ്ട്രീയത്തിൽ പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

എക്‌സിലൂടെയാണ് ഹർഷ ഭോഗ്‌ലെയുടെ പ്രതികരണം. ''നരസിംഹ റാവുവും മൻമോഹൻ സിങ്ങും നയിച്ച ഉദാരവൽക്കരണ പരിപാടികളിൽനിന്ന് എന്റെ തലമുറ എണ്ണമറ്റ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ആ നേട്ടങ്ങളെല്ലാം (അവരുടെ) ആത്മവിശ്വാസത്തെ മാറ്റിമറിച്ചു. ബുദ്ധിവൈഭവവും ആത്മവിശ്വാസവും നിറഞ്ഞ ആ തലമുറ നമുക്കെല്ലാം സ്വപ്‌നം കാണാനാകുന്നതിനും അപ്പുറത്തേക്ക് ഇന്ത്യയെ കൊണ്ടെത്തിക്കുകയും ചെയ്തു. ക്രിക്കറ്റിൽ എതിരാളികൾക്ക് ഗാർഡ് ഓഫ് ഓണർ നൽകാറുണ്ട്. 90കളുടെ പാതി കൊണ്ടുവന്ന മാറ്റങ്ങൾക്ക് മൻമോഹൻ സിങ്ങിനോട് എല്ലാവരും നന്ദി പറയേണ്ട സമയമാണിത്.''ഭോഗ്‌ലെ കുറിച്ചു.

ഞാൻ രാഷ്ട്രീയം പിന്തുടരുന്ന ആളല്ല. എന്നാൽ, കശ്മീരുമായി ബന്ധപ്പെട്ട് യു.എന്നിൽ നടന്ന നിർണായകമായൊരു സംവാദത്തിൽ ഇന്ത്യൻ ദൗത്യസംഘത്തെ നയിക്കാൻ മുൻ പ്രധാനമന്ത്രി പി.വി നരസിംഹ റാവു, അന്നത്തെ പ്രതിപക്ഷ നേതാവ് അടൽ ബിഹാരി വാജ്‌പേയിയെ ക്ഷണിച്ച സംഭവം എന്റെ പ്രിയപ്പെട്ടൊരു കഥയാണ്. വാജ്‌പേയി ആ ക്ഷണം സ്വീകരിക്കുകയും രാഷ്ട്രത്തിന്റെ വലിയ നന്മയ്ക്കായി രാഷ്ട്രീയ ഭിന്നതകൾ മാറ്റിവയ്ക്കുകയും ചെയ്തു. എല്ലാ അഭിപ്രായ വ്യത്യാസങ്ങൾക്കുമിടയിലും ബഹുമാനത്തോടെയും ആദരവോടെയും ജീവിക്കാനാകുക എന്നത് മനോഹരമാണെന്നും ഹർഷ ഭോഗ്‌ലെ കൂട്ടിച്ചേർത്തു.

പോസ്റ്റിനു താഴെ ഭോഗ്‌ലെയെ അനുകൂലിയും പ്രതികൂലിച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. മൻമോഹൻ സിങ്ങിനെ പോലെയുള്ളൊരു നേതാവിനെ അഭിനന്ദിക്കാൻ ധൈര്യം കാണിച്ചതിനെ അഭിനന്ദിക്കുന്നുവെന്ന് ഒരാൾ കമന്റ് ചെയ്തു. ഭീഷണിമുനയിൽ നിർത്തുന്ന, പാദസേവ ചെയ്യുന്ന രാഷ്ട്രീയത്തിന്റെ കാലത്ത്, ആധുനിക ഇന്ത്യയ്ക്കായി മൻമോഹൻ സിങ് ചെയ്ത തിളക്കമാർന്ന സംഭാവനകളെ കുറിച്ച് ഭയമേതുമില്ലാതെ അഭിപ്രായം പറഞ്ഞതു കണ്ടിട്ട് താങ്കളോടുള്ള ബഹുമാനം ഇരട്ടിയായെന്നും ഇത്തരത്തിലുള്ള കൂടുതൽ സെലിബ്രിറ്റികളാണ് ഇന്ത്യയ്ക്കു വേണ്ടതെന്നും മറ്റൊരു എക്‌സ് യൂസർ പ്രതികരിച്ചു.

നരേന്ദ്ര മോദിയാണ് ഇന്ത്യ കണ്ട മികച്ച പ്രധാനമന്ത്രിയെന്നും അദ്ദേഹം ചെയ്തതിനു മീതെ മൻമോഹൻ സിങ് ഒന്നും ചെയ്തിട്ടില്ലെന്നും മറ്റൊരാൾ കമന്റ് ചെയ്തു.

Summary: ''My generation benefitted immeasurably from the liberalization programmes that Narasimha Rao and Manmohan Singh led. It is time for everyone to say thank you to Manmohan Singh for the transformation that the mid 90s brought about'': Says cricket commentator Harsha Bhogle

TAGS :

Next Story