Quantcast

ഒരു പന്തില്‍ നേടിയത് 286 റണ്‍സ്...! ഇനിയൊരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത അത്യപൂര്‍വ റെക്കോര്‍ഡ്

വിക്ടോറിയൻ ഓപ്പണറുടെ കരുത്തുറ്റ് സ്‌ട്രൈക്കിൽ പന്ത് ഉയർന്നുപൊങ്ങി, ക്യാച്ചിനായി ഫീൽഡർമാർ പന്തിനു പുറകേ ഓടി... ഈ കഥയിലെ ട്വിസ്റ്റ് അവിടെയായിരുന്നു...

MediaOne Logo

ഷെഫി ഷാജഹാന്‍

  • Updated:

    2022-02-13 03:40:39.0

Published:

13 Feb 2022 3:38 AM GMT

ഒരു പന്തില്‍ നേടിയത് 286 റണ്‍സ്...! ഇനിയൊരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത അത്യപൂര്‍വ റെക്കോര്‍ഡ്
X

ഒരു പന്തില്‍ നേടിയത് 286 റണ്‍സ്!! വിശ്വസിക്കാന്‍ പറ്റുമോ, ഇത് വിശ്വസിച്ചില്ലെങ്കിൽ ഇനി പറയാൻ പോവുന്നത് വിശ്വസിക്കുകയേ ഇല്ല, കാരണം ഈ ചരിത്രത്തിന് അങ്ങനെയൊരു പ്രശ്നമുണ്ട്... ക്രിക്കറ്റ് ചരിത്രത്തില്‍ ഇനിയൊരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്ത ആ അത്യപൂര്‍വ റെക്കോര്‍ഡ് പിറന്നിതങ്ങനെ...

ക്രിക്കറ്റ് മാച്ചില്‍ ഒരു പന്തില്‍ പരമാവധി എത്ര റണ്‍സ് നേടാന്‍ സാധിക്കും...? ഇതുവരെ നാം കണ്ടുവന്ന കളികള്‍ വെച്ചുനോക്കുമ്പോള്‍ ഏറിവന്നാല്‍ ഒരു നാല് റണ്‍സ്, അല്ലെങ്കില്‍ ആറ് റണ്‍സ്. ലീഗല്‍ ആയ ഒരു ഡെലിവറിയില്‍ നിന്ന് നേടാന്‍ കഴിയുന്ന മാക്സിമം റണ്‍സിന്‍റെ കാര്യമാണ് പറഞ്ഞത്. നോ ബോള്‍, വൈഡ്, ബൈ റണ്‍സ്, ഓവര്‍ത്രോ അങ്ങിനെയുള്ള എക്സ്ട്രാ ബോളും എക്സ്ട്രാ റണ്‍സും ഒഴിച്ച് ഒരു ഫൈന്‍ ഡെലിവറിയില്‍ നിന്ന് ബാറ്റ്സ്മാന് നേടാന്‍ കഴിയുന്ന മാക്സിമം റണ്‍സിന്‍റെ കാര്യമാണ് ഇവിടെ പറയുന്നത്.

ഒരു സിക്സര്‍ നേടിയാല്‍ മാക്സിമം ആറ് റണ്‍സ് ലഭിക്കും. ലീഗല്‍ ആയ ഡെലിവെറിയില്‍ നിന്ന് അതിനുമപ്പുറം ഒരു ബോളില്‍ സ്കോര്‍ ചെയ്യണമെങ്കില്‍ ഫീല്‍ഡിലെ ഗ്യാപ്പിലേക്ക് പന്ത് അടിച്ച് ഓടി റണ്‍സ് കണ്ടെത്തണം. അങ്ങനെ റണ്‍സ് കണ്ടെത്താനാണെങ്കില്‍ തന്നെ ബൌളറടക്കം 11 പേരുളള ഫീല്‍ഡിങ് സൈഡിനെ മറികടന്ന് ബോള്‍ ഡെഡ് ആകുന്നതിന് മുമ്പ് മാക്സിമം രണ്ടോ, മൂന്നോ പരമാവധി നാലോ റണ്‍സ് ആയിരിക്കും കണ്ടെത്താന്‍ സാധിക്കുക.

എന്നാല്‍ ഒരു പന്തില്‍ 286 റണ്‍സ് നേടിയ ടീമിനെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ...? അതെ, അങ്ങനെയൊരു ചരിത്രമുണ്ട്. എന്താ വിശ്വാസം വരുന്നില്ലേ...? 'ഈ കഥയ്ക്ക് അങ്ങനെയൊരു പ്രശ്‌നമുണ്ട്, ആരുമങ്ങനെ വിശ്വസിക്കില്ല. മറ്റൊരു ടീമിന് എത്തിപ്പിടിക്കാന്‍ വിദൂര സാധ്യത പോലുമില്ലാത്ത ഈ അപൂര്‍വ റെക്കോര്‍ഡിന്‍റെ ഉടമകള്‍ ടീം വിക്ടോറിയയാണ്

വെസ്റ്റേണ്‍ ആസ്ട്രേലിയക്കെതിരെയായിരുന്നു വിക്ടോറിയന്‍ ടീമിന്‍റെ അത്ഭുത നേട്ടം... സംഭവം ഇങ്ങനെയാണ്.


വര്‍ഷം 1894, ആസ്ട്രേലിയ-വിക്ടോറിയന്‍ ക്ലബും തമ്മിലുള്ള ഒരു ഫസ്റ്റ് ക്ലാസ് മത്സരം. ടോസ് നേടിയ വിക്ടോറിയന്‍ ക്ലബ് ബാറ്റിങിനിറങ്ങി. മത്സരത്തിലെ ആദ്യ പന്ത്, വിക്ടോറിയന്‍ ഓപ്പണറുടെ കരുത്തുറ്റ് സ്ട്രൈക്കില്‍ പന്ത് ഉയര്‍ന്നുപൊങ്ങി, ക്യാച്ചിനായി ഫീല്‍ഡര്‍മാര്‍ പന്തിനു പിറകേ ഓടി... ഈ കഥയിലെ ട്വിസ്റ്റ് അവിടെയായിരുന്നു...

വളരെ ഉയരത്തില്‍ പൊങ്ങിയ പന്ത് ക്യാച്ചെടുക്കാന്‍ കാത്തിരുന്ന ഫീല്‍ഡര്‍മാരെ കബളിപ്പിച്ച് മൈതാനമധ്യത്തുണ്ടായിരുന്ന മരത്തില്‍ കുടുങ്ങി. മരം ബൌണ്ടറിക്ക് പുറത്തല്ല, ഗ്രൌണ്ടിലായിരുന്നു എന്ന് ഓര്‍ക്കണം, മരത്തിലുടക്കിയ പന്ത് നിലത്ത് വീഴാതായതോടെ ബാറ്റ്സ്മാന്‍മാര്‍ രണ്ടും പേരും റണ്‍സ് നേടാനായി പിച്ചിന് കുറുകെ തലങ്ങും വിലങ്ങും ഓടിത്തുടങ്ങി. അങ്ങനെ ഓട്ടം ആരംഭിച്ച ബാറ്റര്‍മാര്‍ ഓട്ടം നിര്‍ത്തുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ റണ്‍സ് മൂന്നക്കം കടന്നിരുന്നു. പന്ത് കിട്ടുമ്പോഴേക്കും വിക്ടോറിയന്‍ ബാറ്റര്‍മാര്‍ സ്കോര്‍കാര്‍ഡില്‍ ഓടിയെടുത്തത് 286 റണ്‍സ്.




പന്ത് മരത്തില്‍ കുടുങ്ങിയതുകൊണ്ട് ഫീല്‍ഡിങ് ടീം ലോസ്റ്റ് ബോളിനായി തുടര്‍ച്ചയായി അപ്പീല്‍ ചെയ്തിരുന്നു, പക്ഷേ അമ്പയര്‍ ബോള്‍ ലോസ്റ്റ് വിളിച്ചില്ല... മരത്തിലാണെങ്കിലും ഗ്രൌണ്ടില്‍ നിന്ന് നോക്കിയാല്‍ പന്ത് കൃത്യമായി കാണാന്‍ സാധിക്കുന്നുണ്ട് എന്ന ന്യായം പറഞ്ഞുകൊണ്ടായിരുന്നു അമ്പയര്‍ ബാറ്റിങ് ടീമിന് അനുകൂലമായ നിലപാടെടുത്തത്.

അമ്പയര്‍ ബോള്‍ ലോസ്റ്റ് വിളിക്കുന്നില്ലെന്ന് മനസിലാക്കിയതോടെ ടീമംഗങ്ങളും ആരാധകരുമെല്ലാം മരം മുറിക്കാന്‍ വാളും മഴുവുമൊക്കെ ആയി എത്തി, പക്ഷേ പരാജയമായിരുന്നു ഫലം. ബാറ്റര്‍മാര്‍ ആകട്ടെ രണ്ടും കല്‍പ്പിച്ച് സ്കോര്‍ബോര്‍ഡ് ചലിപ്പിക്കാനായി മാരത്തണ്‍ ഓട്ടം തന്നെ ഓടി... അവസാനം പരാജയപ്പട്ട നിരവധി ശ്രമങ്ങള്‍ക്ക് ശേഷം തോക്കുകൊണ്ട് വെടിയുതിര്‍ത്താണ് പന്ത് നിലത്തു വീഴ്ത്തിയത്. ബോള്‍ നിലത്തെത്തിയപ്പോഴേക്കും 286 റണ്‍സ് വിക്ടോറിയന്‍ ബാറ്റര്‍മാര്‍ ഓടിയെടുത്തിരുന്നു ‍. ഒരു പന്ത് മാത്രം കളിച്ച് 286 റണ്‍സോടെ വിക്ടോറിയന്‍ ടീം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. അങ്ങനെയാണ് ക്രിക്കറ്റ് ലോകത്തെ അത്യപൂര്‍വമായ റെക്കോര്‍ഡ് ടീം വിക്ടോറിയക്ക് സ്വന്തമായത്.




ഒറ്റ പന്തുമാത്രം കളിച്ച് ഒരു ടീം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തതും ഒരുപക്ഷേ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിരിക്കും. മറ്റൊരു ആശ്ചര്യകരായ വസ്തുത എന്താണെന്നുവെച്ചാല്‍ വിക്കറ്റിനിടയില്‍ 286 റൺസ് ഓടിയെടുക്കുക എന്ന് പറയുമ്പോള്‍ ബാറ്റര്‍മാര്‍ ഏകദേശം ആറ് കിലോമീറ്ററോളം ഓടുന്നതിന് തുല്യമാണ്

വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും സംഭവത്തിന്‍റെ ആധികാരികത തെളിയിക്കുന്ന പത്രവാര്‍ത്ത ഇന്നും ക്രിക്കറ്റ് ലൈബ്രറികളില്‍ ഉണ്ട്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പാൽ മാൾ ഗസറ്റ് എന്ന പത്രത്തിലാണ് ക്രിക്കറ്റ് ലോകത്തെ അപൂര്‍വ സംഭവം അച്ചടിച്ചു വന്നത്.




ഇ.എസ്.പി.എന്‍, സ്പോര്‍ട്സ്കീഡ എന്നീ ക്രിക്കറ്റ് വെബ്സൈറ്റുകള്‍ ഫാക്ട്ചെക്കിന് സമാനമായ ആര്‍ട്ടിക്കിള്‍ ഈ സംഭവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പക്ഷേ ഇവരൊന്നും സംഭവത്തെ പൂര്‍ണമായും സാങ്കല്‍പ്പിക കഥയാണെന്നോ കെട്ടുകഥയാണെന്നോ ഒന്നും സ്ഥിരീകരിക്കുന്നില്ല. എങ്കിലും തെളിവുകളുടെ ആധികാരികതയില്‍ സംശയമുള്ളതിനാല്‍ സംഭവം റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചിട്ടില്ല.

ഗിന്നസ് റെക്കോര്‍ഡ്

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഒരുപന്തില്‍ ഏറ്റവുമധികം റണ്‍സ് സ്കോര്‍ ചെയ്തതിന്‍റെ റെക്കോര്‍ഡ് ആസ്ട്രേലിയയില്‍ തന്നെ നടന്ന മറ്റൊരു ക്രിക്കറ്റ് മത്സരത്തിലേതാണ്. ക്രിക്കറ്റ് ലോകം ഔദ്യോഗികമായി അംഗീകരിച്ച റെക്കോര്‍ഡും ഇതുതന്നെയാകും. ഒരു പന്തില്‍ 17 റണ്‍സാണ് ആ മത്സരത്തില്‍ പിറന്നത്.

ആസ്ട്രേലിയയിലെ ബാന്യൂള്‍ ക്രിക്കറ്റ് ക്ലബില്‍ നടന്ന മത്സരത്തിലാണ് ക്രിക്കറ്റ് ലോകത്തെ അത്യപൂര്‍വ റെക്കോര്‍ഡുകളിലൊന്ന് പിറന്നത്.. ഗാരി ചാപ്മാന്‍ എന്ന ബാറ്ററുടെ പേരിലാണ് റെക്കോര്‍ഡ്. ചാപ്മാന്‍ ഉയര്‍ത്തിയടിച്ച പന്ത് ചെന്നുവീണത് ഗ്രൌണ്ടില്‍ പുല്ല് കൂടുതലുള്ള ഭാഗത്തായിരുന്നു. ബോളാകട്ടെ ബൌണ്ടറി കടന്നുമില്ല... ആ ഭാഗത്ത് ഫീല്‍ഡ് ചെയ്ത ഫീല്‍ഡര്‍ പന്ത് കണ്ടെത്താന്‍ പ്രയാസപ്പെട്ടതോടെ ഫീല്‍ഡിങ് ടീമംഗങ്ങള്‍ മുഴുവന്‍ പന്ത് തിരയാന്‍ തുടങ്ങി.. പന്ത് കണ്ടെത്തുന്നതിനിടയില്‍ ചാപ്മാനും നോണ്‍സ്ട്രൈക്കര്‍ എന്‍ഡിലുള്ള ബോറിയും ചേര്‍ന്ന് തകര്‍ത്തോടി ഒടുവില്‍ അമ്പയറുടെ കോളെത്തി, scorers that be സെവന്‍റീന്‍ ...!

ക്ലബ് ചരിത്രത്തില്‍ നടക്കുന്ന ഇത്തരം സര്‍പ്രൈസിങ് ഫാക്ടുകളും മറ്റും രേഖപ്പെടുത്താനായി ബാന്യൂള്‍ ക്രിക്കറ്റ് ക്ലബിന് ഒരു രജിസ്റ്റര്‍ തന്നെയുണ്ട്. അതില്‍ റെക്കോര്‍ഡ് നേട്ടത്തിലേക്ക് പന്തടിച്ച ചാപ്മാന്‍ തന്നെ ഈ സംഭവത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. വളരെ രസകരമായാണ് അന്നത്തെ സംഭവത്തെക്കുറിച്ച് ചാപ്മാന്‍ എഴുതിയിരിക്കുന്നത്. വളരെ എന്‍ജോയ് ചെയ്താണ് ഞങ്ങള്‍ ഓടിത്തുടങ്ങിയത്, ആദ്യം ഓടി, പിന്നെ നടന്നു, ഒടുവില്‍ 17 റണ്‍സാകുമ്പോഴേക്കും ക്ഷീണിച്ചുപോയി...





ഇപ്പോഴും ഒരു പന്തില്‍ നിന്ന് സ്കോര്‍ ചെയ്ത ഏറ്റവും കൂടുതല്‍ റണ്‍സിന്‍റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഗാരി ചാപ്മാന്‍റെ പേരിലാണ്.

TAGS :

Next Story