Quantcast

'രാജ്യദ്രോഹി, പാകിസ്താനിൽ താമസമാക്കിക്കൊള്ളൂ'; ട്വിറ്ററിൽ ഹർഷ ബോഗ്ലെയ്ക്കുനേരെ സൈബര്‍ ആക്രമണം

താങ്കൾക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹം അതിയശപ്പെടുത്തുന്നുവെന്നാണ് യോഗങ്കെ ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയങ്കെ പ്രതികരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-08-15 06:27:19.0

Published:

15 Aug 2023 6:25 AM GMT

Cyber attack against cricket commentator Harsha Bhogle for wishing Happy Independence Day for Pakistan friends, Cyber attack against Harsha Bhogle, Harsha Bhogle Pakistan Independence Day controversy, Harsha Bhogle
X

ന്യൂഡൽഹി: പ്രമുഖ ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ബോഗ്ലെയ്ക്ക് പൊങ്കാല. ട്വിറ്ററില്‍ പാകിസ്താന് സ്വാതന്ത്ര്യദിനാശംസ നേർന്നതിനു പിന്നാലെയാണു രൂക്ഷമായ വിമര്‍ശനവും സൈബര്‍ ആക്രമണവും നടക്കുന്നത്.

പാകിസ്താനിൽനിന്നുള്ള സുഹൃത്തുക്കൾക്ക് സ്വാതന്ത്ര്യ ദിനാശംസകൾ എന്നാണ് ഹർഷ ബോഗ്ലെ ട്വിറ്ററിൽ കുറിച്ചത്. ആഗസ്റ്റ് 14നാണ് പാകിസ്താൻ സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നത്. ഇതിന്റെ ഭാഗമായായിരുന്നു ഇന്നലെ ബോഗ്ലെ ട്വീറ്റ് ചെയ്തത്. എന്നാൽ, പോസ്റ്റിട്ട് മിനിറ്റുകൾക്കകം ട്വീറ്റിനു താഴെ വലിയ തോതിൽ സൈബർ ആക്രമണം നടക്കുകയാണ്.

താങ്കളെപ്പോലെയുള്ളവർക്ക് പണമാണ് എല്ലാമെന്നും രാജ്യം ഒന്നുമല്ലെന്നും ഒരാൾ പ്രതികരിച്ചു. ബോഗ്ലെയെ രാജ്യദ്രോഹിയാണെന്നു വിശേഷിപ്പിക്കുകയും ചെയ്തു. ഇവർക്ക് രാജ്യത്തെ സൈനികരുടെ കാര്യത്തിൽ ഒരു ചിന്തയുമില്ലെന്നും ക്രിക്കറ്റ് കൊണ്ട് പഴയ സംഭവങ്ങൾ പരിഹരിക്കാൻ കഴിയില്ലെന്നും മറ്റൊരാൾ പറയുന്നു.

അതേസമയം, ഇത് പാകിസ്താന്റെ സ്വാതന്ത്ര്യദിനമല്ലെന്നും ജന്മദിനമാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയെ വിഭജിച്ചാണ് പാകിസ്താനുണ്ടായതെന്നും 1947 ആഗസ്റ്റ് 14നുമുൻപ് അങ്ങനെയൊരു രാജ്യമുണ്ടായിരുന്നില്ലെന്നും ഇവർ പറയുന്നു. ആഗസ്റ്റ് 14നെ വിഭജന ഭീകരത ഓർമദിനമായാണ് നമ്മൾ ആചരിക്കുന്നത്. അഖണ്ഡ ഭാരത സങ്കൽപ ദിവസം കൂടിയാണിത്. ഭീകരതകൾ ഓർക്കാനും സംഭവിച്ചതിനെല്ലാം പരിഹാരം കാണാനുമുള്ള ദിനമാണെന്നും ഒരാൾ സൂചിപ്പിച്ചു.

''പാകിസ്താനും സുഹൃത്തുക്കളും? എങ്ങനെ ഈ രണ്ടു വാക്കുകൾ ഒരുമിച്ചുവരും? എന്റെ അറിവിൽ വേറിട്ടുനിൽക്കുന്ന വാക്കുകളാണ് അവ രണ്ടും. ഒന്നിച്ചുനിൽക്കാനാകില്ല''-ഇങ്ങനെയായിരുന്നു ഒരു ട്വിറ്റർ ഉപയോക്താവിന്റെ കമന്റ്. പാകിസ്താനിൽ സുഹൃത്തുക്കളുണ്ടെന്നു പറയുന്നത് യു.എ.പി.എ കുറ്റമായി കണക്കാക്കണമെന്നാണ് മറ്റൊരാൾ ആവശ്യപ്പെട്ടത്.

പാകിസ്താനിലേക്കു താമസം മാറ്റിക്കൊള്ളൂവെന്നാണ് ഒരു ട്വിറ്റർ ഉപയോക്താവിന്റെ ആഹ്വാനം. പാക് ടി20 ക്രിക്കറ്റ് ലീഗായ പാകിസ്താൻ സൂപ്പർ ലീഗിലേക്ക് അപേക്ഷിക്കാൻ ആവശ്യപ്പെടുന്നു മറ്റൊരാൾ. ട്വീറ്റിനു താഴെയും റീട്വീറ്റ് ചെയ്തും ബോഗ്ലെയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവും തുടരുന്നുണ്ട്. അതേസമയം, ആശംസയ്ക്കു നന്ദി പറഞ്ഞ് നിരവധി പാകിസ്താനികളും രംഗത്തുണ്ട്. ഇതുകൊണ്ടാണ് ബോഗ്ലെയെ ഇഷ്ടപ്പെടുന്നതെന്ന് ഒരാൾ. കായികരംഗത്തെ താങ്കളുടെ ഐതിഹാസിക സംഭാവനകൾ പ്രചോദനാത്മകമാണെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. ചിലർ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസയും നേർന്നു.

ഗോയങ്കെ തലവന്റെ പ്രതികരണം; സ്വാതന്ത്ര്യദിനക്കുറിപ്പ്

ട്വീറ്റിനു താഴെ വ്യവസായ ശൃംഖലയായ രാമപ്രസാദ് യോഗങ്കെ ഗ്രൂപ്പ്(ആർ.പി.ജി ഗ്രൂപ്പ്) ചെയർമാൻ ഹർഷ് ഗോയങ്കെയും രംഗത്തെത്തിയിട്ടുണ്ട്. താങ്കൾക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹം അതിയശപ്പെടുത്തുന്നതാണെന്നായിരുന്നു ഗോയങ്കെയുടെ പ്രതികരണം.

ഇന്ത്യക്കാരനായിരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നു പറഞ്ഞ് പിന്നീട് വിശദമായ സ്വാതന്ത്ര്യദിനാഘോഷ കുറിപ്പും ബോഗ്ലെ ഇന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. ''എല്ലാവരും അഭിമാനിക്കുന്ന മഹത്തായൊരു ദിവസമാണിത്. ഇവിടെ ഉപേക്ഷിച്ചുപോയ ദാരിദ്ര്യവും അപകടകരമായ സാഹചര്യവും കണക്കിലെടുക്കുമ്പോൾ ഒരു സ്വതന്ത്രരാഷ്ട്രമെന്ന നിലയിൽ നാം നേടിയത് അവിശ്വസനീയമാണ്. നമ്മുടെ പ്രപിതാക്കന്മാർക്ക് നന്ദി പറയാൻ ഏറെയുണ്ട്.''-ബോഗ്ലെ കുറിച്ചു. ഇനി യുവ ഇന്ത്യയാണ് നമ്മെ ഭ്രമണപഥത്തിലെത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: Cricket commentator Harsha Bhogle faces harsh cyber attack for wishing Happy Independence Day for Pakistan friends on Twitter

TAGS :

Next Story