Quantcast

'ക്രിസ്മസ് ആഘോഷിക്കാം, രാമക്ഷേത്രത്തിൽ പോകാൻ പറ്റില്ല'; ധോണിക്കെതിരെ സൈബര്‍ ആക്രമണം

കോടിക്കണക്കിനു മനുഷ്യരുടെ സ്വപ്‌നസാക്ഷാത്ക്കാരമാണിതെന്നാണ് സച്ചിൻ പ്രതികരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-01-22 16:59:52.0

Published:

22 Jan 2024 4:15 PM GMT

Cyber attack against MS Dhoni for not attending Ram Mandir consecration
X

ന്യൂഡൽഹി: അയോധ്യയിൽ നടന്ന രാമക്ഷേത്ര വിഗ്രഹ പ്രതിഷ്ഠാ ചടങ്ങിൽ കായിക, ചലച്ചിത്ര ലോകത്തെ പ്രമുഖരാണ് പങ്കെടുത്തത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മുതൽ ബാഡ്മിന്റൺ താരം സൈന നെഹ്‌വാൾ ഉൾപ്പെടെയുള്ള താരങ്ങളാണു കായിക ലോകത്തുനിന്ന് പ്രത്യേക ക്ഷണിതാക്കളായി സംബന്ധിച്ചത്. ഇതിനിടെ, മുൻ ഇന്ത്യൻ നായകൻ എം.എസ് ധോണി, ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ എന്നിവരുടെ അസാന്നിധ്യം ചർച്ചയാകുകയാണ്.

'ക്രിസ്മസ് ആഘോഷിക്കാം, പക്ഷെ രാമക്ഷേത്രത്തിലേക്കു പോകാൻ പറ്റില്ല, ഇത് ലജ്ജാകരം' എന്നാണ് ഒരു ആരാധകൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. രാമവിഗ്രഹ പ്രതിഷ്ഠയ്ക്ക് രാമക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടും ധോണി പോയില്ലെന്നും താരം കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രം പങ്കുവച്ച് ആരാധകൻ കുറിച്ചു.

ക്ഷണം ലഭിച്ചിട്ടും രാമക്ഷേത്രം സന്ദർശിക്കുകയോ അതേക്കുറിച്ച് ഒന്നും എഴുതുകയോ ചെയ്യാത്ത നിങ്ങളെ ഓർത്തു ലജ്ജിക്കുന്നുവെന്നാണ് ധോണി, കോഹ്ലി, രോഹിത് എന്നിവരെ ടാഗ് ചെയ്ത് ഒരു ആരാധകൻ എക്സില്‍ കുറിച്ചത്. ജനങ്ങൾ പിന്തുടരുന്ന അന്താരാഷ്ട്ര താരങ്ങളാണ് നിങ്ങൾ. ചുരുങ്ങിയത് ഡേവിഡ് വാർണറിൽനിന്നെങ്കിലും പഠിക്കണമെന്നും ഓസീസ് താരത്തിന്റെ രാമക്ഷേത്ര പോസ്റ്റ് ചൂണ്ടിക്കാട്ടി ആരാധകൻ ആവശ്യപ്പെടുന്നു.

ജീവിതകാലത്തെ ഏറ്റവും വലിയ അവസരമാണ് ധോണി നഷ്ടപ്പെടുത്തിയിരിക്കുന്നതെന്ന് മറ്റൊരു ആരാധകൻ. റെക്കോർഡുകളും പണവും പ്രതാപവും ആഡംബരവുമൊന്നും ഒന്നുമല്ല. ശാരീരികമായി എന്ത് ഉണ്ടായാലും ആത്മീയമായി എല്ലാം നഷ്ടപ്പെടുത്തിയിരിക്കുന്നു. വെറും പൊടിയായി മാറിയിരിക്കുന്നു അദ്ദേഹമെന്നും ആരാധകൻ പറഞ്ഞു.

അതേസമയം, ധോണിയുടെ ഭാര്യ സാക്ഷി സിങ്ങിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ചൂണ്ടിക്കാട്ടി ഒരു വിഭാഗം താരത്തിനു പ്രതിരോധവുമായും രംഗത്തെത്തിയിട്ടുണ്ട്. രാംലല്ലയുടെ ചിത്രം സാക്ഷി ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പോസ്റ്റ് ചെയ്തിരുന്നു. അവർ രാമനെ എത്ര സ്‌നേഹിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നാണ് ഒരു ആരാധകൻ കുറിച്ചത്.

ധോണി ചടങ്ങിൽ പങ്കെടുക്കാത്തത് ഒരു രാഷ്ട്രീയ പ്രസ്താവനയാണോ എന്നാണ് മറ്റൊരാൾ ചോദിക്കുന്നത്. ക്ഷണം ലഭിച്ചിട്ടും രാജ്യത്തെ ഏറ്റവും വലിയ യുവത്വത്തിന്‍റെ പ്രതീകങ്ങളായ ധോണിയും കോഹ്ലിയും ചടങ്ങിൽ പങ്കെടുത്തില്ല. സനാതനികളായിട്ടും ചരിത്രപരമായൊരു ചടങ്ങിലാണ് ഇരുവരും സംബന്ധിക്കാത്തത്. ഇതൊരു രാഷ്ട്രീയ പ്രസ്താവനയാണോയെന്ന് അദ്ദേഹം ചോദിക്കുന്നു.

നേരത്തെ ധോണിയെയും കോഹ്ലിയെയും ചടങ്ങിലേക്കു ക്ഷണിച്ച വാർത്തകൾ പുറത്തുവന്നിരുന്നു. അയോധ്യയിലെ ക്ഷേത്രത്തിൽനിന്നുള്ള അക്ഷതം സ്വീകരിക്കുന്ന താരങ്ങളുടെ ചിത്രവും പുറത്തുവന്നിരുന്നു. വിരാട് കോഹ്ലിക്കൊപ്പം ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയും അക്ഷതവുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തു. എന്നാൽ, ഇവരാരും ചടങ്ങിനെത്തിയിരുന്നില്ല.

ജീവിതത്തിലെ തന്നെ ഏറ്റവും വിശേഷപ്പെട്ടൊരു അനുഭവമാണിതെന്നാണ് സച്ചിൻ അയോധ്യയിൽ ടൈംസ് നൗവിനോട് പറഞ്ഞത്. ജീവിതത്തിലെ തന്നെ അപൂർവനിമിഷമാണിത്. കോടിക്കണക്കിനു മനുഷ്യരുടെ സ്വപ്‌നസാക്ഷാത്ക്കാരം. എല്ലാവരും ഇവിടെ വന്ന് അനുഗ്രഹം സ്വീകരിക്കണമെന്നും സച്ചിൻ പറഞ്ഞു.

സച്ചിനു പുറമെ മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ, ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, സൈനാ നെഹ്‌വാൾ, പി.ടി ഉഷ, വെങ്കിടേഷ് പ്രസാദ്, മിഥാലി രാജ് തുടങ്ങി കായികരംഗത്തുനിന്നു നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചിരുന്നു.

Summary: ''Can celebrate Christmas but can’t go to Ram Mandir. Shame'': Fans criticize MS Dhoni for not attending the Ram Mandir consecration ceremony at Ayodhya

TAGS :

Next Story