Quantcast

'സൗഹൃദം ഗ്രൗണ്ടിൽ വേണ്ട'; പാക് ഡ്രെസിങ് റൂമിലെത്തിയ കോഹ്ലിയെ ലക്ഷ്യമിട്ട് ഗംഭീർ

''ബദ്ധവൈരികളായ ടീമുകളിലെ താരങ്ങൾ മത്സരത്തിനിടയിൽ പരസ്പരം കൈകൊടുത്ത് സൗഹൃദം പങ്കിടുന്നത് മുൻപൊന്നും കാണുമായിരുന്നില്ല. നിങ്ങൾ സൗഹൃദമത്സരമാണോ കളിക്കുന്നത്!''

MediaOne Logo

Web Desk

  • Published:

    3 Sep 2023 10:33 AM GMT

Gautam Gambhir against India-Pakistan players camaraderie, Gautam Gambhir on India-Pakistan friendship, Gautam Gambhir against Virat Kohli, Asia Cup 2023, India vs Pakistan
X

കാൻഡി: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-പാകിസ്താൻ മത്സരം മഴയിൽ മുങ്ങുകയാണുണ്ടായത്. ടോസ് ലഭിച്ച ഇന്ത്യ 50 ഓവർ പൂർണമായും ബാറ്റ് ചെയ്‌തെങ്കിലും മറുപടി ബാറ്റിങ്ങിന് അവസരമില്ലാതെ മഴ തകർക്കുകയായിരുന്നു ഇന്നലെ ശ്രീലങ്കയിലെ പല്ലെകെലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ. ഇതിനിടെ, സൂപ്പർ താരം വിരാട് കോഹ്ലി പാക് താരങ്ങൾക്ക് അരികിലെത്തി സൗഹൃദം പങ്കിടുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീർ.

മത്സരത്തിനിടെ നടന്ന 'സ്റ്റാർ സ്‌പോർട്‌സ്' ഷോയിലായിരുന്നു ഗംഭീറിന്റെ അഭിപ്രായപ്രകടനം. ദേശീയ ടീമിനു വേണ്ടി കളിക്കുമ്പോൾ സൗഹൃദം അതിർത്തിക്കു പുറത്തുനിർത്തണമെന്ന് ഗംഭീർ ആവശ്യപ്പെട്ടു. കളിയിൽ ശ്രദ്ധിക്കണം. സൗഹൃദം പുറത്തുനിർത്തണം. രണ്ടു ടീമിലെയും താരങ്ങളുടെ കണ്ണുകളിൽ ശൗര്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

''ക്രിക്കറ്റ് മത്സരത്തിനിടയിലെ ആ ആറോ ഏഴോ മണിക്കൂറിനു ശേഷം വേണമെങ്കിൽ സൗഹൃദമാകാം. ആ മണിക്കൂറുകൾ വളരെ പ്രധാനമാണ്. നിങ്ങൾ നിങ്ങളെ മാത്രമല്ല, നൂറുകോടിയിലേറെ ജനസംഖ്യയുള്ള ഒരു രാജ്യത്തെയാണ് നിങ്ങൾ പ്രതിനിധീകരിക്കുന്നത്. ബദ്ധവൈരികളായ ടീമുകളിലെ താരങ്ങൾ മത്സരത്തിനിടയിൽ പരസ്പരം കൈകൊടുത്ത് സൗഹൃദം പങ്കിടുന്നത് ഇപ്പോൾ കാണാം. മുൻപൊന്നും ഇങ്ങനെ കാണുമായിരുന്നില്ല. നിങ്ങൾ സൗഹൃദമത്സരമാണോ കളിക്കുന്നത്!''-ഗംഭീർ കുറ്റപ്പെടുത്തി.

മുൻ പാകിസ്താൻ താരം കമ്രാൻ അക്മലുമായുള്ള സൗഹൃദത്തെക്കുറിച്ചും ഷോയിൽ ഗംഭീർ വെളിപ്പെടുത്തി. തങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളാണെന്ന് അദ്ദേഹം പറഞ്ഞു. ''അങ്ങോട്ടും ഇങ്ങോട്ടും ബാറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. കമ്രാൻ തന്ന ബാറ്റുമായി ഒരു സീസൺ മുഴുവൻ ഞാൻ കളിച്ചിട്ടുണ്ട്. അടുത്ത് ഒരു മണിക്കൂറോളം ഞങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു.''-ഗംഭീർ ചൂണ്ടിക്കാട്ടി.

അതേസമയം, എതിർ ടീമിലെ താരങ്ങളെ സ്‌ളെഡ്ജ് ചെയ്യുന്നതൊക്കെ നല്ലതാണെന്നും എന്നാൽ, അതിനും ഒരു പരിധി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറ്റുള്ളവരുടെ കുടുംബാംഗങ്ങളെ അതിലേക്കു വലിച്ചിഴയ്ക്കരുത്. പരിഹാസം വ്യക്തിപരമാകുകയും അരുത്. ആസ്‌ട്രേലിയ, പാകിസ്താൻ തുടങ്ങി ടീമുകൾക്കെതിരായ മത്സരങ്ങളിൽ പരിഹാസങ്ങളൊക്കെ ഉണ്ടാകാറുണ്ടെന്നും ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.

നേരത്തെ, ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരം ഒഴിവാക്കണമെന്ന ആവശ്യവുമായി ഗംഭീർ രംഗത്തെത്തിയിരുന്നു. ഒരു പരിപാടിയും, ഒരു ക്രിക്കറ്റ് മത്സരം പോലും നമ്മുടെ സൈനികരുടെ ജീവിതത്തെക്കാൾ വിലയേറിയതല്ലെന്നായിരുന്നു ഗംഭീർ പറഞ്ഞത്. ക്രിക്കറ്റിനെ രാഷ്ട്രീയത്തിൽനിന്നു മാറ്റിനിർത്തുക സാധ്യമല്ല. പ്രത്യേകിച്ചും അത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരങ്ങളാകുമ്പോൾ. ഇരുരാജ്യങ്ങൾക്കും ശത്രുതയുടെ ഒരു നീണ്ടകാലത്തെ ചരിത്രം തന്നെയുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ മെച്ചപ്പെടുന്നതുവരെ പാകിസ്താനെതിരെ ഇന്ത്യ ഒരു അന്താരാഷ്ട്ര മത്സരവും കളിക്കരുതെന്നാണ് തന്റെ വിശ്വാസമെന്നും ഗംഭീർ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ, ഇന്നലെ നടന്ന മത്സരത്തിൽ കമന്റേറ്ററായി ഗംഭീർ എത്തുകയും ചെയ്തു. വസീം അക്രമിനൊപ്പം ഗംഭീർ കമന്ററി പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ വലിയ പൊങ്കാലയും ഗംഭീറിനെതിരെ നടന്നു.

Summary: ''Must leave the friendship outside the boundary ropes'': Gautam Gambhir against India-Pakistan players' camaraderie

TAGS :

Next Story