Quantcast

ഹൈദരാബാദി ബിരിയാണി, ഗ്രിൽഡ് ലാമ്പ്, മട്ടൻ കറി.. പാക് ക്രിക്കറ്റ് ടീമിന്റെ 'മെനു' പുറത്ത്

ഹൈപ്പിനോട് നീതി പുലർത്തിയെന്നാണ് ഹൈദരാബാദി ബിരിയാണിയുടെ ചിത്രം പങ്കുവച്ച് പാക് ക്രിക്കറ്റ് ബോർഡ് മീഡിയ മാനേജർ അഹ്‌സൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്

MediaOne Logo

Web Desk

  • Published:

    29 Sept 2023 6:32 PM IST

Lamb chops, mutton curry, Hyderabad biryani, Pakistan team
X

ഹൈദരാബാദ്: ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയിലെത്തിയ പാകിസ്താൻ ക്രിക്കറ്റ് ടീമിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ഹൈദരാബാദ് വിമാനത്തിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനുള്ള നന്ദി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം, ടീമിന്റെ ഹൈദരാബാദിലെ ഭക്ഷണമെനുവും പുറത്തുവന്നിട്ടുണ്ട്.

ഗ്രിൽഡ് ലാമ്പ് ചോപ്‌സ്, മട്ടൻ കറി, ബട്ടർ ചിക്കൻ, ഗ്രിൽഡ് ഫിഷ് തുടങ്ങിയവ ടീമിന്റെ ഡയറ്റ് പട്ടികയിലുണ്ടെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമത്തിന്റെ ഭാഗമായി ആവിയിൽ വേവിച്ച ബസുമതി അരിയും വെജിറ്റേറിയൻ പുലാവുമെല്ലാം കാറ്ററിങ് സംഘത്തോട് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്. അന്തരിച്ച ഓസീസ് ഇതിഹാസം ഷെയിൻ വോണിന്റെ പ്രിയപ്പെട്ട ഇനമായ സ്പഗെറ്റിയും കൂട്ടത്തിലുണ്ട്.

ഹൈദരാബാദിലായതുകൊണ്ട് ഹൈദരാബാദി ബിരിയാണി ഒരിക്കലും പാക് താരങ്ങൾ ഒഴിവാക്കില്ലെന്ന് ഉറപ്പാണ്. ടീം നഗരത്തിൽ കാലുകുത്തിയതിനുശേഷം ആദ്യം ആകാംക്ഷയോടെ കഴിച്ചതും ഹൈദരാബാദി ബിരിയാണിയാണെന്നാണു വിവരം. ഇക്കാര്യം പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മീഡിയ വിഭാഗം മാനേജർ അഹ്‌സൻ ഇഫ്തിഖാർ നാഗിയും വെളിപ്പെടുത്തി. 'ആദ്യം (ചെയ്യേണ്ടത്) ആദ്യം, ഹൈപ്പിനോട് നീതി പുലർത്തി' എന്ന അടിക്കുറിപ്പോടെയാണ് അഹ്‌സൻ ഹൈദരാബാദി ബിരിയാണിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

ഹൈദരാബാദിൽ ലഭിച്ച പിന്തുണയും സ്നേഹവും മനംനിറക്കുന്നതാണെന്ന് ബാബർ അസം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. വൻ വരവേൽപ്പാണ് ഇതുവരെ ലഭിച്ചതെന്ന് പാക് പേസർ ഷഹിൻഷാ അഫ്രീദിയും പങ്കുവച്ചു. പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും സ്വീകരണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യൻ തീരത്ത് കാലുകുത്തിയപ്പോൾ ഊഷ്മളമായ സ്വീകരണമാണ് ടീമിനു ലഭിച്ചതെന്ന് പാകിസ്താൻ ക്രിക്കറ്റ് ട്വീറ്റ് ചെയ്തു.

ഒക്ടോബർ ആറിന് നെതർലൻഡ്സിനെതിരെയാണ് ലോകകപ്പിൽ പാകിസ്താന്റെ ആദ്യ മത്സരം. 14ന് അഹ്മദാബാദിലാണ് ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം.

ന്യൂസിലൻഡിനെതിരെ പുരോഗമിക്കുന്ന സന്നാഹമത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 345 റൺസെടുത്തിട്ടുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ സെഞ്ച്വറി കുറിച്ചപ്പോൾ ബാബർ അസം(80), സൗദ് ഷക്കീൽ(75) എന്നിവർ അർധസെഞ്ച്വറികളുമായും ടീം ഇന്നിങ്സിനു കരുത്തായി.

Summary: 'Lamb chops, mutton curry, Hyderabad biryani,...': Pakistan team's food menu in Hyderabad revealed

TAGS :

Next Story