Quantcast

'ഐ.പി.എല്ലിലൊക്കെ പത്തിലേറെ കാമറാ ആംഗിളുണ്ട്; ഐ.സി.സി ടൂര്‍ണമെന്‍റിലില്ല'; തോൽവിക്കു പിന്നാലെ രോഹിത് ശർമ

രണ്ട് ഫൈനലുകൾ കളിക്കാനായത് ടീം ഇന്ത്യയുടെ നേട്ടമാണെന്ന് രോഹിത് പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    11 Jun 2023 1:39 PM GMT

In IPL, there is more than 10 camera angles, but not in an ICC event-Rohit Sharma-Shubman Gill out controversy, Rohit Sharma about Shubman Gill dismissal controversy, Rohit Sharma, Shubman Gill dismissal controversy, 2023 WTC final, IND vs AUS
X

ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് തോൽവിക്കു പിന്നാലെ പ്രതികരിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. രണ്ട് ഫൈനലുകൾ കളിക്കാൻ കഴിഞ്ഞത് ടീമിന് വലിയ നേട്ടമാണെന്ന് താരം പറഞ്ഞു. ബാറ്റിങ്ങിന് അനുകൂലമായ പിച്ചായിട്ടും നല്ല രീതിയിൽ ബാറ്റ് ചെയ്യാനായില്ലെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു. ശുഭ്മൻ ഗില്ലിന്റെ വിവാദ ഔട്ടിനെക്കുറിച്ചും രോഹിത് പ്രതികരിച്ചു.

പരമ്പരകൾ വിജയിക്കുന്നതിനെക്കാളും പ്രധാനമാണ് ചാംപ്യൻഷിപ്പുകൾ ജയിക്കുന്നതെന്ന് രോഹിത് പറഞ്ഞു. അതുകൊണ്ട് ഈ തോൽവി എന്ന നിരാശപ്പെടുത്തുന്നു. രണ്ടു വർഷത്തെ കഠിനാധ്വാനത്തിനുശേഷം ഫൈനലിൽ മൂന്ന് മത്സരങ്ങളുണ്ടാകണമെന്നാണ് എന്റെ നിലപാട്. അടുത്ത തവണ ഫൈനൽ അങ്ങനെയാണെങ്കിൽ കൂടുതൽ ഉചിതമാകുമെന്നും താരം അഭിപ്രായപ്പെട്ടു.

ഗില്ലിന്റെ ഔട്ട് നിരാശപ്പെടുത്തിയെന്ന് രോഹിത് പറഞ്ഞു. 'തേഡ് അംപയർ വേഗത്തിൽ തീരുമാനമെടുത്തു. കൂടുതൽ റീപ്ലേ നോക്കേണ്ടിയിരുന്നു. പ്രത്യേകിച്ചും ഫൈനലുകളിൽ കൂടുതൽ കാമറാ ആംഗിളുകൾ വേണ്ടതായിരുന്നു. ഐ.പി.എല്ലിലൊക്കെ പത്തിലേറെ കാമറാ ആംഗിളുകളുണ്ട്. ഐ.സി.സി ടൂർണമെന്റിൽ അതില്ല.'-രോഹിത് കുറ്റപ്പെടുത്തി.

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന ഒരുപാട് താരങ്ങളുണ്ട്. അവരെ കണ്ടെത്തി കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്. കഴിഞ്ഞ എട്ടൊൻപത് വർഷമായി പ്രധാനപ്പെട്ട മത്സരങ്ങളിൽ നമുക്ക് ജയിക്കാനായിട്ടില്ല. അതേക്കുറിച്ച് ആലോചിക്കുന്നുണ്ട്. അടുത്ത ലോകകപ്പിന് എന്തെങ്കിലും വ്യത്യസ്തമായി ചെയ്യേണ്ടതുണ്ടെന്നും രോഹിത് ശർമ കൂട്ടിച്ചേർത്തു.

കെന്നിങ്ടൺ ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ 209 റൺസിനാണ് ഇന്ത്യ ആസ്‌ട്രേലിയയോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 469 റൺസ് നേടിയപ്പോൾ ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്‌സിൽ 296 റൺസ് മാത്രമാണ് നേടാനായത്. രണ്ടാം ഇന്നിങ്‌സിൽ എട്ടിന് 270 റൺസിന് ഡിക്ലയർ ചെയ്ത് ഇന്ത്യയ്ക്ക് മുന്നിൽ 444 റൺസ് വിജയലക്ഷ്യമാണ് കങ്കാരുക്കൾ ഉയർത്തിയത്. എന്നാൽ, രണ്ടാം ഇന്നിങ്‌സിൽ 234 റൺസിന് ഇന്ത്യൻ പോരാട്ടം അവസാനിക്കുകയായിരുന്നു.

Summary: 'In IPL, there is more than 10 camera angles, but not in an ICC event'; Rohit Sharma about Shubman Gill out controversy

TAGS :

Next Story