Quantcast

ഒറ്റ പേസർ, മൂന്ന് സ്‌പെഷലിസ്റ്റ് സ്പിന്നർമാർ! രണ്ടും കൽപിച്ച് ആസ്‌ട്രേലിയ

നൂറാം ടെസ്റ്റിനിറങ്ങുന്ന ചേതേശ്വർ പുജാരയ്‍ക്ക് മത്സരത്തിനു മുൻപ് പ്രത്യേക ആദരമൊരുക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    17 Feb 2023 5:46 AM GMT

INDvsAUS2ndTest, BorderGavaskarTrophy2023, MatthewKuhnemann
X

ന്യൂഡൽഹി: നാഗ്പൂരിലെ ആദ്യ ടെസ്റ്റിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ ശേഷം അപ്രതീക്ഷിത നീക്കവുമായി ആസ്‌ട്രേലിയ. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിച്ച രണ്ടാം ടെസ്റ്റിന് ഒരേയൊരു പേസറുമായാണ് സന്ദർശകർ ഇറങ്ങിയിരിക്കുന്നത്. മൂന്ന് സ്‌പെഷലിസ്റ്റ് സ്പിന്നർമാരെ ഇറക്കിയാണ് ഇന്ത്യൻ പിച്ചിലെ കുരുക്കഴിക്കാൻ ഓസീസ് തീരുമാനിച്ചിരിക്കുന്നത്.

ആദ്യമണിക്കൂറിലെ അപകടം അതിജീവിച്ച ആസ്‌ട്രേലിയ ഒന്നിന് 88 എന്ന നിലയിലാണ്. അക്കൗണ്ട് തുറക്കാൻ ഏറെ വിഷമിച്ച ഡേവിഡ് വാർണറാണ് പുറത്തായത്. മുഹമ്മദ് ഷമിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ശ്രീകാർ ഭരത് പിടിച്ചാണ് താരം പുറത്തായത്. 47 റൺസുമായി ഉസ്മാൻ ഖവാജ ഫോമിലേക്ക് തിരിച്ചെത്തിയപ്പോള്‍ 16 റൺസുമായി മാർനസ് ലബുഷൈനാണ് ഒപ്പം ക്രീസിലുള്ളത്.

നൂറാം ടെസ്റ്റിന് പുജാര; ഏക പേസറായി കമ്മിന്‍സ്

ടോസ് നേടിയ ആസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ആസ്‌ട്രേലിയ ബാറ്റിങ്ങിനിറങ്ങിയത്. ആദ്യ ടെസ്റ്റിൽ പുറത്തിരുത്തിയതിന് ഏറെ പഴികേട്ട ശേഷം ട്രാവിസ് ഹെഡിനെ തിരിച്ചുവിളിച്ചു. മാറ്റ് റെൻഷോയ്ക്ക് പകരമാണ് താരം എത്തിയത്. പേസർ സ്‌കോട്ട് ബൊലാൻഡിനു പകരം ദിവസങ്ങൾക്കുമുൻപ് ടീമിലെടുത്ത മാത്യു കൂനെമാനിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.

മൂന്ന് സ്പിന്നര്‍രെ ഉള്‍പ്പെടുത്തിയുള്ള നായകന്‍ കമ്മിന്‍സിന്‍റെ നീക്കം ക്രിക്കറ്റ് നിരീക്ഷകര്‍ കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്. കമ്മിന്‍സ് മാത്രമാണ് ടീമിലെ ഒരേയൊരു പേസര്‍. നാഗ്പൂരിലെ തോല്‍വിക്കു പിന്നാലെ ക്യൂനെമാനിനെ ടീമിലേക്ക് വിളിച്ചത് ഏറെ വാര്‍ത്തയായിരുന്നു. എന്നാല്‍, ടീമിലെത്തിയ ആദ്യ മത്സരത്തില്‍ തന്നെ കന്നിയങ്കം കുറിക്കുകയാണ് താരം. ടെസ്റ്റ് സ്പെഷലിസ്റ്റ് നഥാന്‍ ലയോണിനും ആദ്യ ടെസ്റ്റിലെ അരങ്ങേറ്റത്തില്‍ തന്നെ ഏഴ് വിക്കറ്റ് കൊയ്ത ടോഡ് മര്‍ഫിക്കുമൊപ്പമാണ് മൂന്നാമനായി ക്യൂനെമാനും ഇടംനേടിയത്.

ഇന്ത്യൻ സംഘത്തിൽ ഏക മാറ്റമാണുള്ളത്. സൂര്യകുമാർ യാദവിനു പകരം പരിക്കിൽനിന്ന് മുക്തനായി തിരിച്ചെത്തിയ ശ്രേയർ അയ്യരാണ് കളിക്കുന്നത്. മോശം പ്രകടനം തുടരുന്ന കെ.എൽ രാഹുലിനെ പുറത്തിരുത്തി മികച്ച ഫോമിലുള്ള ശുഭ്മൻ ഗില്ലിനെ തിരിച്ചുവിളിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. രാഹുലിന് ഒരു അവസരംകൂടി ടീം നൽകി. ടെസ്റ്റ് സ്‌പെഷലിസ്റ്റ് ചേതേശ്വർ പുജാര നൂറാം ടെസ്റ്റ് മത്സരത്തിനാണ് ഇന്ന് ഇറങ്ങിയത്. മത്സരത്തിനു മുൻപ് താരത്തിനായി പ്രത്യേക ആദരമൊരുക്കിയിരുന്നു.

ഇന്ത്യൻ ഇലവൻ: രോഹിത് ശർമ, കെ.എൽ രാഹുൽ, ചേതേശ്വർ പുജാര, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, രവീന്ദ്ര ജഡേജ, ശ്രീകാർ ഭരത്, അക്‌സർ പട്ടേൽ, ആർ. അശ്വിൻ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ആസ്‌ട്രേലിയ ഇലവൻ: ഡേവിഡ് വാർണർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷൈൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, പീറ്റർ ഹാൻഡ്‌സ്‌കോമ്പ്, അലെക്‌സ് ക്യാരി, പാറ്റ് കമ്മിൻസ്, ടോഡ് മർഫി, നഥാൻ ലയോൺ, മാത്യു കൂനെമാൻ.

Summary: IND vs AUS 2nd Test Day 1 Live Updates

TAGS :

Next Story