Quantcast

ലാഥമിന് സെഞ്ച്വറി, അനായാസം കിവികൾ; ഇന്ത്യയ്ക്ക് തോൽവി

ഇടവേളയ്ക്കു ശേഷം ടീമിൽ ഇടംലഭിച്ച സഞ്ജു 38 പന്തിൽ നാല് ബൗണ്ടറി സഹിതം 36 റൺസെടുത്ത് പുറത്തായി

MediaOne Logo

Web Desk

  • Published:

    25 Nov 2022 10:43 AM GMT

ലാഥമിന് സെഞ്ച്വറി, അനായാസം കിവികൾ; ഇന്ത്യയ്ക്ക് തോൽവി
X

ഓക്ക്‌ലൻഡ്: ടി20 പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിൽ ഏകദിന പരമ്പരയ്ക്കിറങ്ങിയ ടീം ഇന്ത്യയ്ക്ക് ആദ്യ തിരിച്ചടി. ന്യൂസിലൻഡിനെതിരെ മുൻനിരക്കാരുടെ അർധസെഞ്ച്വറികളുടെ കരുത്തിൽ 306 എന്ന മികച്ച സ്‌കോർ ഉയർത്തിയിട്ടും ഇന്ത്യ രക്ഷപ്പെട്ടില്ല. സെഞ്ച്വറി സ്വന്തമാക്കിയ ടോം ലാഥമിന്റെയും അർധസെഞ്ച്വറി നേടിയ നായകൻ കെയിൻ വില്യംസിന്റെയും തോളിലേറി മൂന്ന് ഓവർ ബാക്കിനിൽക്കെ കിവികൾ അനായാസം ലക്ഷ്യം മറികടന്നു.

നേരത്തെ ടോസ് ലഭിച്ച കിവി നായകൻ ഇന്ത്യയെ ആദ്യം ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ടി20 പരമ്പരയിൽനിന്ന് നിരവധി മാറ്റങ്ങളോടെയാണ് ശിഖർ ധവാന്റെ നായകത്വത്തിൽ ഇന്ത്യ ഇന്ന് ഇറങ്ങിയത്. ടീം സെലക്ഷനെതിരായ കടുത്ത വിമർശനങ്ങൾക്കൊടുവിൽ മലയാളി താരം സഞ്ജു സാംസണിന് ടീമിൽ ഇടംലഭിച്ച മത്സരത്തിൽ ശുഭ്മൻ ഗിൽ, ശ്രേയസ് അയ്യർ, വാഷിങ്ടൺ സുന്ദർ, ഷർദുൽ താക്കൂർ, ഉമ്രാൻ മാലിക് എന്നിവരുമെത്തി. കിവിനിരയിലും ടി20 സംഘത്തിൽനിന്ന് ഏതാനും മാറ്റങ്ങളുണ്ടായിരുന്നു. പേസ് താരം മാത്യു ഹെൻറിയും വിക്കറ്റ് കീപ്പർ ടോം ലാഥവുമാണ് ഇടവേളയ്ക്കുശേഷം ടീമിൽ തിരിച്ചെത്തിയ താരങ്ങൾ.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ മുൻനിര ശക്തമായ അടിത്തറയാണ് ഒരുക്കിയത്. നായകൻ ശിഖർ ധവാനും ശുഭ്മൻ ഗില്ലും ചേർന്ന് ഓപണിങ് കൂട്ടുകെട്ടിൽ 124 റൺസാണ് കൂട്ടിച്ചേർത്തത്. ലോക്കി ഫെർഗൂസനാണ് കിവികൾക്ക് ആദ്യ ബ്രേക്ത്രൂ നൽകിയത്. ഫെർഗൂസന്റെ പന്തിൽ ഗില്ലിനെ ഡേവൻ കോൺവേ പിടികൂടി. 65 പന്തിൽ ഒരു ബൗണ്ടറിയും മൂന്ന് സിക്‌സറുമായി 50 റൺസെടുത്താണ് താരം മടങ്ങിയത്. തൊട്ടടുത്ത ഓവറിൽ ടിം സൗത്തി ഇന്ത്യൻ നായകനെയും തിരിച്ചയച്ചു. ഫിൻ അലൻ പിടിച്ചുപുറത്താകുമ്പോൾ 77 പന്തിൽ 13 ബൗണ്ടറി സഹിതം 72 റൺസായിരുന്നു ധവാന്റെ സമ്പാദ്യം.

മൂന്നാമനായെത്തിയ ശ്രേയസ് അയ്യർ സമീപകാലത്തെ ഫോം തുടരുന്ന കാഴ്ചയാണ് പിന്നീട് ഗ്രൗണ്ടിൽ കണ്ടത്. എന്നാൽ, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്(15) ഒരിക്കൽകൂടി നിരാശപ്പെടുത്തി. ഫെർഗൂസന്റെ മനോഹരമായൊരു പന്ത് പന്തിന്റെ കുറ്റി പിഴുതാണ് കടന്നുപോയത്. ഇതേ ഒാവറിൽ തന്നെ സൂപ്പർ താരം സൂര്യകുമാർ യാദവും(നാല്) മടങ്ങി. അലൻ പിടിച്ചാണ് സൂര്യ പുറത്തായത്.

അഞ്ചാം വിക്കറ്റിൽ സഞ്ജു സാംസണിനൊപ്പം അയ്യർ ടീമിനെ കരകയറ്റുകയായിരുന്നു പിന്നീട്. എന്നാൽ, മികച്ച ടച്ചിലുണ്ടായിരുന്ന സഞ്ജു അർധസെഞ്ച്വറിയിലേക്ക് കുതിക്കുന്നതിനിടെ വീണു. ആദം മിൽനെയുടെ പന്തിൽ ഡീപ് സ്‌ക്വയറിൽ മനോഹരമായൊരു ക്യാച്ചിലൂടെ സഞ്ജുവിനെ ഗ്ലെൻ ഫിലിപ്‌സ് പിടികൂടി. 38 പന്തിൽ നാല് ബൗണ്ടറി സഹിതം 36 റൺസുമായാണ് താരം പുറത്തായത്. അനായാസം സെഞ്ച്വറി അടിക്കുമെന്നു കരുതിയ ശ്രേയസ് അയ്യരെ ടിം സൗത്തി തിരിച്ചയച്ചു. കോൺവേയ്ക്കു ക്യാച്ച് നൽകി മടങ്ങുമ്പോൾ നാലുവീതം ബൗണ്ടറിയും സിക്‌സും അകമ്പടിയേകിയ ഇന്നിങ്‌സിൽ 76 പന്ത് നേരിട്ട് 80 റൺസാണ് അയ്യർ അടിച്ചെടുത്തത്.

അവസാന ഓവറുകളിൽ ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ നടത്തിയ 'ടി20' ബാറ്റിങ്ങാണ് ടീം സ്‌കോർ 300 കടത്തിയത്. കിവി ബൗളർമാരെ വിവേചനമില്ലാതെ ആക്രമിച്ച സുന്ദർ 16 പന്തിൽ 37 റൺസാണ് അടിച്ചുകൂട്ടിയത്. മൂന്നു വീതം ബൗണ്ടറിയും സിക്‌സറും ഇന്നിങ്‌സിനു കൊഴുപ്പേകി. കിവി ബൗളർമാരിൽ സൗത്തിയും ഫെർഗൂസനും മൂന്നുവീതം വിക്കറ്റ് കൊയ്തു. മിൽനെയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു.

മറുപടി ബാറ്റിങ്ങിൽ ഫിൻ അലൻ ടി20യുടെ ഓർമയിലായിരുന്നു കളി. സിക്‌സും ബൗണ്ടറികളുമായി തകർത്തുകളിച്ച അലനെ(22) ഷർദുൽ താക്കൂർ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു.

അന്താരാഷ്ട്ര ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച ഉമ്രാൻ മാലിക് കിവി ബാറ്റർമാരെ വേഗംകൊണ്ട് ഞെട്ടിച്ചു. 16-ാം ഓവറിൽ കോൺവേയെ(24) പുറത്താക്കി കരിയറിലെ ആദ്യ വിക്കറ്റും സ്വന്തമാക്കി. തുടർന്നെത്തിയ ഡാരിൽ മിച്ചലിനെയും കൂടാരം കയറ്റി ഉമ്രാന്റെ പ്രഹരം വീണ്ടും. എന്നാൽ, പിന്നീടങ്ങോട്ട് കിവി നായകൻ വില്യംസനും ടോം ലാഥവും ചേർന്ന് ഇന്ത്യൻ ബൗളിങ് പരീക്ഷണങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കളഞ്ഞു. ഒരുവശത്ത് വില്യംസൻ കരുതലോടെ തുടങ്ങി ഏകദിന വേഗത്തിൽ തുടർന്നപ്പോൾ മറുവശത്ത് ലാഥമിന്റെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു. 104 പന്തിൽ പുറത്താകാതെ 145 റൺസാണ് താരം അടിച്ചുകൂട്ടിയത്. 19 ബൗണ്ടറിയും അഞ്ച് സിക്‌സറും ഇന്നിങ്‌സിനു മിഴിവേകി. മറ്റൊരറ്റത്ത് പുറത്താകാതെ ടീമിനെ വിജയതീരത്തെത്തിച്ച വില്യംസൻ 98 പന്ത് നേരിട്ട് 94 റൺസും സ്വന്തമാക്കി. ഏഴു ബൗണ്ടറിയും ഒരു സിക്‌സുമാണ് താരം നേടിയത്.

ഇന്ത്യൻ ബൗളർമാർ തുടക്കത്തിൽ കാണിച്ച അച്ചടക്കം വില്യംസൻ-ലാഥം കൂട്ടുകെട്ടിൽ പാളുന്നതാണ് കണ്ടത്. രണ്ട് വിക്കറ്റ് നേടിയ ഉമ്രാനും റൺസ് വിട്ടുകൊടുക്കാൻ പിശുക്ക് കാട്ടിയ സുന്ദറും മാത്രമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് ആശ്വസിക്കാൻ ബാക്കിവച്ചത്. താക്കൂർ ഒരു വിക്കറ്റും നേടി.

Summary: India vs New Zealand, 1st ODI: Tom Latham, Kane Williamson shine as New Zealand thrash India by 7 wickets

TAGS :

Next Story