Quantcast

വീരം, വിരാടം... ന്യൂസിലന്‍ഡിനെയും തോല്‍പിച്ച് ഇന്ത്യയുടെ വിജയക്കുതിപ്പ്

അഞ്ചു മത്സരവും ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് നീലപ്പട

MediaOne Logo

Web Desk

  • Updated:

    2023-10-22 17:34:38.0

Published:

22 Oct 2023 4:54 PM GMT

India vs New Zealand Live Score Updates, ICC ODI World Cup 2023, CWC23, Virat Kohli,
X

ധരംശാല: ലോകമാമാങ്കങ്ങളിൽ കിവികളോട് തോൽവി ഏറ്റുവാങ്ങുന്ന പഴിതീർത്ത് ടീം ഇന്ത്യ. വിരാട് കോഹ്ലി നയിച്ച മറ്റൊരു കിടിലൻ ചേസിങ്ങിൽ ന്യൂസിലൻഡിനെ നാലു വിക്കറ്റിനു തകർത്ത് ലോകകപ്പിൽ ഇന്ത്യയുടെ അപരാജിത കുതിപ്പ്. കളിച്ച അഞ്ചു മത്സരവും ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് നീലപ്പട. സെഞ്ച്വറിക്കു തൊട്ടരികെ വീണ വിരാട് കോഹ്ലി വീണ്ടും ഇന്ത്യയെ വിജയതീരത്തേക്കു മുന്നില്‍നിന്നു നയിക്കുന്ന മനോഹരകാഴ്ചയായിരുന്നു മഞ്ഞിലലിഞ്ഞ ധരംശാല രാത്രിയിൽ കണ്ടത്.

ഡാരിൽ മിച്ചലിന്റെ സെഞ്ച്വറിയുടെ കരുത്തിൽ ന്യൂസിലൻഡ് ഉയർത്തിയ 274 എന്ന വിജയലക്ഷ്യം 12 പന്ത് ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു. തകർപ്പനടികളുമായി നായകൻ രോഹിത് ശർമ നൽകിയ തുടക്കം കൃത്യമായി മുതലെടുത്ത് ടീം വിശ്വസിച്ചേല്‍പിച്ച ദൗത്യം ഒരിക്കൽകൂടി പൂർത്തിയാക്കി വിരാട് കോഹ്ലി. 104 പന്ത് നേരിട്ട് എട്ട് ബൗണ്ടറിയും രണ്ടു സിക്‌സറും സഹിതമാണ് കോഹ്ലി 95 റൺസെടുത്തു പുറത്തായത്.

മറുപടി ബാറ്റിങ്ങിൽ ഗില്ലിനെ കാഴ്ചക്കാരനാക്കി രോഹിത് അഴിഞ്ഞാടുകയായിരുന്നു ധരംശാലയിൽ. തുടരെ സിക്‌സറുകളും ബൗണ്ടറികളും പറത്തി കിവി പേസർമാരെ വശംകെടുത്തി ഇന്ത്യൻ നായകൻ. എന്നാൽ, അർധസെഞ്ച്വറിക്കു തൊട്ടരികെ രോഹിത് വീണു. ലോക്കി ഫെർഗൂസനാണ് ന്യൂസിലൻഡിന് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്. ക്ലീൻ ബൗൾഡായി മടങ്ങുമ്പോൾ 40 പന്തിൽ നാലു വീതം സിക്‌സും ഫോറും സഹിതം 46 റൺസെടുത്തിരുന്നു രോഹിത്. തൊട്ടടുത്ത ഓവറിൽ ശുഭ്മൻ ഗില്ലിനെ(26) കൂടി വീഴ്ത്തി ഫെർഗൂസൻ കിവികൾക്കു പ്രതീക്ഷ നൽകി.

എന്നാൽ, അവിടെനിന്നായിരുന്നു കിങ് കോഹ്ലിയുടെ തുടക്കം. ചേസിങ് എന്നു കേട്ടാൽ എല്ലാം മറന്നു പോരാടുന്ന വിരാടിന്റെ തനിരൂപം ഒരിക്കൽകൂടി ഈ ലോകകപ്പിൽ കണ്ടു. ബംഗ്ലാദേശിനെതിരെയും അഫ്ഗാനിസ്താനെതിരെയും കണ്ട അതേ ചേസിങ് പോരാട്ടവീര്യം ഒരിക്കൽകൂടി ഇന്ത്യയെ കരക്കടുപ്പിച്ചു. ഓപണർമാർ പോയ ശേഷം മറുവശത്ത് ശ്രേയസ് അയ്യരെയും(33) കെ.എൽ രാഹുലിനെയും(27) രവീന്ദ്ര ജഡേജയെയും(39) കൂട്ടുപിടിച്ചായിരുന്നു കോഹ്ലി ഇന്ത്യയെ ഇടറിവീഴാതെ മറ്റൊരു വിജയത്തിലേക്കു നയിച്ചത്.

ഒടുവിൽ സെഞ്ച്വറിക്ക് വെറും നാല് റൺസകലെ സിക്‌സർ പറത്തി ഫിനിഷ് ചെയ്യാനുള്ള ശ്രമം പാളി. മാറ്റ് ഹെൺറിയുടെ പന്തിൽ ഗ്ലെൻ ഫിലിപ്‌സ് പിടിച്ചുപുറത്താകുമ്പോൾ ജയിക്കാൻ വെറും അഞ്ചു റൺസായിരുന്ന ഇന്ത്യയ്ക്കു വേണ്ടിയിരുന്നത്.

മിച്ചലിന്‍റെ പാഴായ സെഞ്ച്വറി; രച്ചിന്‍റെ പോരാട്ടവീര്യം

നേരത്തെ, 48 വർഷത്തിനുശേഷം ഇന്ത്യയ്‍ക്കെതിരെ ലോകകപ്പ് സെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലൻഡ് താരമായിരുന്നു ഡാരിൽ മിച്ചൽ. മിച്ചലിന്‍രെ സെഞ്ച്വറിയാണ് ഭേദപ്പെട്ട സ്കോറിലേക്ക് ന്യൂസിലന്‍ഡിനെ എത്തിച്ചത്. ഒപ്പം കന്നി ലോകകപ്പിൽ മൂന്നാം അർധസെഞ്ച്വറിയുമായി ആഘോഷം തുടരുകയാണ് ഇന്ത്യൻ വംശജനായ കിവി യുവതാരം രച്ചിൻ. ഇത്തവണ ലോകകപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ മുഹമ്മദ് ഷമി നാലു വിക്കറ്റുമായി ധരംശാലയുടെ മനോഹരസായാഹ്നത്തിൽ നിറഞ്ഞാടി.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ന്യൂസിലൻഡിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. പവർപ്ലേയിൽ തന്നെ രണ്ട് ഓപണർമാരെയും മടക്കിയയച്ച് ഇന്ത്യൻ പേസർമാർ കിവികളെ വിറപ്പിച്ചു. ഡേവൻ കോൺവേയെ സംപൂജ്യനാക്കി മുഹമ്മദ് സിറാജ് ആണ് വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്. വിൽ യങ്ങിനെ(17) ക്ലീൻ ബൗൾഡാക്കി ഷമി തിരിച്ചുവരവ് ഗംഭീരമാക്കി.

തുടർന്നായിരുന്നു മൂന്നാം വിക്കറ്റിൽ രച്ചിനും മിച്ചലും ഒന്നിച്ചത്. നായകൻ കെയിൻ വില്യംസന്റെ അഭാവത്തിൽ ഒരിക്കൽകൂടി ലഭിച്ച മൂന്നാം നമ്പർ റോൾ ഇത്തവണ അൽപം ശ്രദ്ധയോടെയാണ് രച്ചിൻ നിർവഹിച്ചത്. മറുവശത്ത് മിച്ചലും സൂക്ഷിച്ചായിരുന്നു കളി. ഇന്ത്യയുടെ ബുംറ-സിറാജ്-ഷമി പേസ് ത്രയം കളംവാണപ്പോൾ പ്രതിരോധവുമായി കോട്ടകെട്ടിനിന്നു ഇരുവരും. മറുവശത്ത് സ്പിന്നർമാരെ കടന്നാക്രമിക്കുകയും ചെയ്തു. ഇത്തവണ കുൽദീപ് യാദവായിരുന്നു ഇര.

രച്ചിനെ ശുഭ്മൻ ഗില്ലിന്റെ കൈയിലെത്തിച്ച് ഒടുവിൽ മുഹമ്മദ് ഷമിയാണ് കൂട്ടുകെട്ട് പിരിച്ചത്. അപ്പോഴേക്കും മൂന്നാം വിക്കറ്റിൽ 152 പന്ത് നേരിട്ട് 159 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയിരുന്നു ഇരുവരും. 87 പന്തിൽ ഒരു സിക്സും ആറ് ഫോറും സഹിതം 75 റൺസെടുത്താണ് രച്ചിൻ മടങ്ങിയത്. ഗ്ലെൻ ഫിലിപ്സിന്റെ കാമിയോ(26 പന്തിൽ 23) ഒഴിച്ചുനിർത്തിയാൽ പിന്നീട് വന്നവർക്കൊന്നും കാര്യമായ സംഭാവനകളർപ്പിക്കാനായില്ല. ഒടുവിൽ അവസാന ഓവറിൽ മിച്ചലിനെ കോഹ്ലിയുടെ കൈയിലെത്തിച്ച് അഞ്ചു വിക്കറ്റ് കുറിച്ചു ഷമി. 127 പന്ത് നേരിട്ട് ഒൻപത് ബൗണ്ടറിയും അഞ്ച് സിക്സറും അടിച്ചുപറത്തിയാണ് മിച്ചൽ 130 റൺസെടുത്തത്.

ഇടവേളകളിൽ വിക്കറ്റ് കൊയ്ത് തിരിച്ചുവരവ് ഗംഭീരമാക്കുകയായിരുന്നു ഷമി ഇന്ന്. പത്ത് ഓവറിൽ 54 റൺസ് വിട്ടുനൽകിയായിരുന്നു ഷമിയുടെ നേട്ടം. കുൽദീപ് യാദവ് തല്ലുവാങ്ങിയെങ്കിലും രണ്ടു വിക്കറ്റ് നേടി. ബുംറയ്ക്കും സിറാജിനും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

Summary: India vs New Zealand Live Score Updates, ICC ODI World Cup 2023

TAGS :

Next Story