Quantcast

അർശ്-ആവേശ് അസോള്‍ട്ട്; ദക്ഷിണാഫ്രിക്ക 116ന് ഓൾഔട്ട്

അഞ്ചു വിക്കറ്റ് പിഴുത അർശ്ദീപ് സിങ്ങും നാലു വിക്കറ്റുമായി ആവേശ് ഖാനുമാണ് ദക്ഷിണാഫ്രിക്കയെ സ്വന്തം മണ്ണിലെ ഏറ്റവും ചെറിയ സ്‌കോറിലൊതുക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-12-17 10:50:18.0

Published:

17 Dec 2023 10:48 AM GMT

India vs South Africa Live Score Updates, IND vs SA 1st ODI, Arshdeep Singh, Avesh Khan
X

ജോഹന്നാസ്ബർഗ്: ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ച് ഇന്ത്യൻ പേസർമാർ. ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്‌സിൽ അഞ്ചു വിക്കറ്റ് പിഴുത് അർശ്ദീപ് സിങ്ങും നാലു വിക്കറ്റുമായി ആവേശ് ഖാനും നിറഞ്ഞാടിയ ദിനം 116 റൺസിനാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാരെല്ലാം കൂടാരം കയറിയത്.

ഇന്ത്യൻ യുവതാരങ്ങളുടെ പേസ് ആക്രമണത്തിൽ മുൻനിര ആയുധം വച്ച് കീഴടങ്ങിയപ്പോൾ വാലറ്റമാണു വമ്പൻ നാണക്കേടിൽനിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. സ്വന്തം മണ്ണിൽ പ്രോട്ടിയാസിന്റെ ഏറ്റവും ചെറിയ സ്‌കോറാണിത്. 2018ൽ സെഞ്ചൂറിയനിൽ ഇന്ത്യയ്‌ക്കെതിരെ 118 റൺസിന് ഓൾഔട്ടായതായിരുന്നു ഇതിനുമുൻപ് ഏറ്റവും ചെറിയ ടോട്ടൽ.

ആദ്യ ഓവർ തൊട്ട് മിന്നും ഫോമിലായിരുന്ന അർശ്ദീപ് ആണ് ദക്ഷിണാഫ്രിക്കൻ വധത്തിനു തുടക്കമിട്ടത്. മുൻനിരക്കാരെയെല്ലാം താരം തിരിച്ചയച്ച ശേഷമായിരുന്നു ആവേശ് ഖാന്റെ ഷോ. 10 ഓവറിൽ 37 റൺസ് മാത്രം വിട്ടുനൽകിയാണ് അർശ്ദീപിന്റെ അഞ്ചുവിക്കറ്റ് നേട്ടം. എട്ട് ഓവറിൽ 27 റൺസ് മാത്രം നൽകി ആവേശ് നാലും വിക്കറ്റ് കൊയ്തു.

രണ്ടാം ഓവറിൽ തന്നെ അർശ്ദീപ് വക ദക്ഷിണാഫ്രിക്കയ്ക്ക് ഇരട്ട പ്രഹരം. ഓപണർ റീസ ഹെൻഡ്രിക്‌സിന്റെ ബാറ്റിൽ എഡ്ജായ പന്ത് കുറ്റിയും പിഴുതാണു കടന്നുപോയത്. റീസ സംപൂജ്യനായി മടങ്ങുമ്പോൾ ദക്ഷിണാഫ്രിക്കയുടെ സ്‌കോർബോർഡിലുണ്ടായിരുന്നത് മൂന്ന് റൺസ് മാത്രം. തൊട്ടടുത്ത പന്തിൽ റസി വാൻഡെർ ഡസ്സനെ വിക്കറ്റിനു മുന്നിൽ കുരുക്കി വീണ്ടും ഞെട്ടിച്ചു അർശ്ദീപ്. ഗോൾഡൻ ഡക്ക്.

അരങ്ങേറ്റക്കാരൻ ടോണി ഡി സോർസിയായിരുന്നു അടുത്ത ഇര. ഏഴാം ഓവറിൽ അർശ്ദീപിന്റെ ഷോർട്ട് പിച്ച് പന്തിൽ പുൾഷോട്ടിനു ശ്രമിച്ച സോർസിക്കു പിഴച്ചു. ടോപ്പ് എഡ്ജായി വിക്കറ്റിനു പിന്നിൽ കെ.എൽ രാഹുലിന്റെ കൈയിൽ ഭദ്രം. 22 പന്തിൽ 28 റൺസുമായി മികച്ച തുടക്കത്തിനുശേഷമായിരുന്നു സോർസി വീണത്. രണ്ടുവീതം സിക്‌സറും ഫോറും പറത്തിയിരുന്നു താരം. തൊട്ടടുത്ത ഓവറിൽ ഹെൺറിച്ച് ക്ലാസനെ(ആറ്) ബൗൾഡാക്കി അർശ്ദീപ് നാലു വിക്കറ്റ് തികയ്ക്കുമ്പോൾ 52 റൺസായിരുന്നു പ്രോട്ടിയാസ് സ്‌കോർബോർഡിലുണ്ടായിരുന്നത്.

തൊട്ടടുത്ത ഓവറിൽ അടുത്തടുത്ത പന്തുകളിൽ രണ്ട് വിക്കറ്റ് പിഴുത് ആവേശ് ഖാനും പാർട്ടിയുടെ ഭാഗമായി. ക്യാപ്റ്റൻ മാർക്രാമിനെ(12) ബൗൾഡാക്കിയായിരുന്നു തുടക്കം. തൊട്ടടുത്ത പന്തിൽ ഓൾറൗണ്ടർ വിയാൻ മുൾഡർ ഗോൾഡൻ ഡക്കായും മടങ്ങി. ഡേവിഡ് മില്ലറെ(രണ്ട്) ആവേശ് രാഹുലിന്റെ കൈയിലെത്തിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു.

ഒടുവിൽ പേസർ ആൻഡിലെ ഫെഹ്ലൂക്വായോ ആണ് ദക്ഷിണാഫ്രിക്കയെ നാണക്കേടിൽനിന്നു രക്ഷിച്ചത്. അനായാസം സിക്‌സറുകളും ബൗണ്ടറികളും പറത്തി മുൻനിര ബാറ്റർമാരെ നാണംകെടുത്തുന്ന തരത്തിലായിരുന്നു വാലറ്റക്കാരന്റെ ബാറ്റിങ് പ്രകടനം. രണ്ടക്കത്തിലൊതുങ്ങേണ്ട ടീം ടോട്ടൽ 100 കടത്തിയാണ് അവസാനം ഫെഹ്ലൂക്വായോ കീഴടങ്ങിയത്. 49 പന്തു നേരിട്ട് രണ്ട് സിക്‌സറും മൂന്ന് ഫോറും സഹിതം 33 റൺസെടുത്താണ് അർശ്ദീപിന് അഞ്ചാം വിക്കറ്റ് സമ്മാനിച്ച് താരം മടങ്ങിയത്. നാൻഡ്രെ ബർഗറിനെ(32 പന്തിൽ ഏഴ്) ബൗൾഡാക്കി കുൽദീപ് യാദവ് പ്രോട്ടിയാസ് ശവപ്പെട്ടിയിൽ അവസാന ആണിയും അടിച്ചു.

നേരത്തെ, വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തിൽ ടോസ് ഭാഗ്യം തുണച്ച പ്രോട്ടിയാസ് നായകൻ ഐഡൻ മാർക്രാം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കെ.എൽ രാഹുൽ നായകനായെത്തിയ ഇന്ത്യൻ ഇലവനിൽ സഞ്ജു സാംസണും സായ് സുദർശനും ഇടംലഭിച്ചിട്ടുണ്ട്. സായ് സുദര്‍ശന് ഇന്ന് ദേശീയ കുപ്പായത്തില്‍ അരങ്ങേറ്റം കൂടിയാണ്. ടി20 പരമ്പരയിലെ ഇലവനിൽ ചെറിയ മാറ്റങ്ങളുമായാണ് ടീം ഇറങ്ങിയത്. മറുവശത്ത് ഒരുപിടി പുതുമുഖ താരങ്ങളെ കളത്തിലിറക്കിയിരിക്കുകയാണ് ദക്ഷിണാഫ്രിക്ക.

ഇന്ത്യൻ ഇലവൻ: കെ.എൽ രാഹുൽ(ക്യാപ്റ്റൻ), ഋതുരാജ് ഗെയ്ക്ക്‌വാദ്, സായ് സുദർശൻ, ശ്രേയസ് അയ്യർ, തിലക് വർമ, സഞ്ജു സാംസൺ, അക്‌സർ പട്ടേൽ, അർശ്ദീപ് സിങ്, ആവേശ് ഖാൻ, കുൽദീപ് യാദവ്, മുകേഷ് കുമാർ.

ദക്ഷിണാഫ്രിക്കൻ ഇലവൻ: റീസ ഹെൻഡ്രിക്‌സ്, ടോണി ഡി സോർസി, റസി വാൻഡേർ ഡസ്സൻ, ഐഡൻ മാർക്രാം(ക്യാപ്റ്റൻ), ഹെൺറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, വിയാൻ മുൾഡർ, ആൻഡിലെ ഫെഹ്ലൂക്വായോ, കേശവ് മഹാരാജ്, നാൻേ്രഡ ബർഗർ, തബ്രീസ് ഷംസി.

Summary: India vs South Africa Live Score Updates, 1st ODI

TAGS :

Next Story