Quantcast

വാങ്കെഡെയിൽ ഇനി ധോണിക്കൊരു സീറ്റ്; ലോകകപ്പ് സിക്‌സറിന് മുംബൈയുടെ ആദരം

ഇന്ത്യയിൽ ഒരു സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിന് കായികതാരത്തിന്റെ പേരിടുന്നത് ഇതാദ്യമായാകും

MediaOne Logo

Web Desk

  • Published:

    4 April 2023 3:37 AM GMT

WankhedeseatnamedafterDhoni
X

മുംബൈ: 12 വർഷംമുൻപ് നൂറുകോടി ഇന്ത്യൻ ജനതയുടെ ഹൃദയത്തിലേക്ക് മഹേന്ദ്ര സിങ് ധോണി പായിച്ച ഹെലികോപ്ടർ ഷോട്ടിന് ആദരമൊരുക്കാൻ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ(എം.സി.എ). മൂന്ന് പതിറ്റാണ്ട് നീണ്ട കിരീടവരൾച്ചയ്ക്ക് അന്ത്യംകുറിച്ച് ഇന്ത്യയെ ലോകചാംപ്യന്മാരാക്കിയ ഇതിഹാസ നായകന്റെ സിക്‌സറിന് അതേ വേദിയിൽ തന്നെയാണ് ആദരമൊരുക്കുന്നത്. മുംബൈ വാങ്കഡെയിലെ ആ സിക്‌സർ പതിച്ച ഇരിപ്പിടത്തിന് ഇനി ധോണിയുടെ പേരുനൽകും.

2011 ഏപ്രിൽ രണ്ടിനായിരുന്നു വാങ്കഡെയിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയുടെ ചരിത്രവിജയം. സ്റ്റേഡിയത്തിലെ സീറ്റിന് ധോണിയുടെ പേരിടാൻ ഇന്നലെ ചേർന്ന എം.സി.എ യോഗം തീരുമാനിച്ചതായി അധ്യക്ഷൻ അമോൽ കാലെ അറിയിച്ചു. ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ച ധോണിയുടെ സിക്‌സർ പതിച്ച സീറ്റാണത്. ഇരിപ്പിടം ഉദ്ഘാടനം ചെയ്യാൻ ധോണിയെ ക്ഷണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് പ്രത്യേക മെമന്റോയും ചടങ്ങിൽ സമ്മാനിക്കും.

പോളി ഉംറിഗർ, വിനോ മങ്കാദ്, സച്ചിൻ ടെണ്ടുൽക്കർ, സുനിൽ ഗവാസ്‌കർ, വിജയ് മർച്ചന്റ് എന്നിവരുടെ പേരിൽ വാങ്കഡെയിൽ വിവിധ സ്റ്റാൻഡുകൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ, രാജ്യത്തുതന്നെ ഒരു സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിന് കായികതാരത്തിന്റെ പേരിടുന്നത് ഇതാദ്യമായാകും. ആസ്‌ട്രേലിയയിലും ന്യൂസിലൻഡിലും സ്റ്റേഡിയങ്ങളിലെ ഇരിപ്പിടങ്ങൾക്ക് ക്രിക്കറ്റ് താരങ്ങളുടെ പേരിട്ടിട്ടുണ്ട്. ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിൽ ഗ്രാൻഡ് എലിയട്ടിന്റെ പേരിലാണ് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ഒരു ഇരിപ്പിടം ഒരുക്കിയത്. 2015ൽ ദക്ഷിണാഫ്രിക്കയുടെ ഡെയ്ൽ സ്റ്റെയ്‌നിനെ സിക്‌സർ പറത്തി കിവികളെ കന്നി ലോകകപ്പ് കലാശപ്പോരിലേക്ക് നയിച്ചത് എലിയറ്റ് ആയിരുന്നു.

Summary: MS Dhoni to have a seat named after him at Wankhede stadium in memory of World Cup-winning six against sril lanka 12 years ago

TAGS :

Next Story