Quantcast

വേദനയിൽ പുളഞ്ഞ് 18-ാം ഓവർ; എന്നിട്ടും ടീം രക്ഷപ്പെട്ടില്ല-ഗ്രൗണ്ടിൽനിന്ന് കരഞ്ഞു മടങ്ങി നസീം ഷാ

കെ.എൽ രാഹുൽ, സൂര്യകുമാർ യാദവ് എന്നിവരുടെ വിക്കറ്റ് പിഴുത് നസീം ഷാ അവിസ്മരണീയ അരങ്ങേറ്റമാണ് ടി20 ക്രിക്കറ്റിൽ കുറിച്ചത്

MediaOne Logo

Web Desk

  • Published:

    30 Aug 2022 5:53 AM GMT

വേദനയിൽ പുളഞ്ഞ് 18-ാം ഓവർ; എന്നിട്ടും ടീം രക്ഷപ്പെട്ടില്ല-ഗ്രൗണ്ടിൽനിന്ന് കരഞ്ഞു മടങ്ങി നസീം ഷാ
X

ദുബൈ: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് ത്രില്ലർ പോരാട്ടത്തിനൊടുവിൽ വേദനക്കാഴ്ചയായി അരങ്ങേറ്റക്കാരൻ നസീം ഷാ. ഷാഹിൻ ഷാ അഫ്രീദി പരിക്കേറ്റ് ടീമിനു പുറത്തായ ഒഴിവിൽ ടീമിൽ ഇടംപിടിച്ച നസീം കേളികേട്ട ഇന്ത്യൻ ബാറ്റിങ് നിരയെ ഞെട്ടിച്ചിരുന്നു. എന്നാൽ, കാലിൽ പേശിവലിവിന്റെ വേദന സഹിച്ചായിരുന്നു താരം നിർണായകമായ 18-ാം ഓവർ എറിഞ്ഞത്. പാകിസ്താന്റെ പരാജയത്തിനു പിന്നാലെ നസീം ഷാ കരഞ്ഞുകൊണ്ട് പവലിയനിലേക്കു തിരിച്ചുനടക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

19കാരനായ നസീം ഷാ പാകിസ്താനു വേണ്ടി ടി20യിൽ അരങ്ങേറ്റം കുറിച്ച മത്സരമായിരുന്നു ഇത്. പാകിസ്താൻ ഉയർത്തിയ 148 എന്ന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയെ നേരിടാൻ ആദ്യ ഓവർ തന്നെ പാക് നായകൻ ബാബർ അസം ഏൽപിച്ചത് നസീമിനെയായിരുന്നു. ആദ്യ പന്തിൽ തന്നെ ഇന്ത്യൻ ഓപണർ കെ.എൽ രാഹുലിന്റെ കുറ്റി പിഴുത് താരം ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചു. പവർപ്ലേയിൽ എറിഞ്ഞ രണ്ട് ഓവറിലും താരം രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും തലവേദന സൃഷ്ടിച്ചു.

എന്നാൽ, ആദ്യ സ്‌പെല്ലിനുശേഷം നസീമിന് കാര്യങ്ങൾ എളുപ്പമായിരുന്നില്ല. ദുബൈയിലെ ചൂടുള്ള കാലാവസ്ഥ തിരിച്ചടിയായി. മത്സരത്തിനിടയിൽ പേശീവലിവ് അനുഭവപ്പെട്ട താരത്തെ പാക് ഫിസിയോ പരിചരിക്കുന്നതിന്റെ ദൃശ്യങ്ങൾ ടി.വി ദൃശ്യങ്ങളിൽ കാണാമായിരുന്നു. 15-ാമത്തെ ഓവറിലാണ് നസീമിനെ ബാബർ തിരിച്ചുവിളിച്ചത്. ഓവറിൽ എട്ടു റൺ മാത്രമാണ് താരം വിട്ടുകൊടുത്തത്. ഇന്ത്യയുടെ സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവിനെ തിരിച്ചയക്കുകയും ചെയ്തു. മൂന്ന് ഓവറിൽ 32 റൺസ് വേണ്ട ഘട്ടത്തിൽ 18-ാമത്തെ നിർണായക ഓവർ എറിയാൻ ബാബർ വിശ്വസിച്ചേൽപിച്ചത് വീണ്ടും നസീമിനെത്തന്നെ.

മുടന്തിക്കൊണ്ടായിരുന്നു നസീം പന്തെറിയാൻ വന്നത്. ബൗൺസറിനു ശ്രമിച്ച ആദ്യ പന്തിൽ അംപയർ വൈഡ് വിളിച്ചു. വേദന കടിച്ചുപിടിച്ച് എറിഞ്ഞ അടുത്ത പന്ത് ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ എക്‌സ്ട്രാ കവറിലൂടെ ബൗണ്ടറി കടത്തി. എന്നാൽ, വേദനയ്ക്കിടയിലും ഫോമിലുള്ള ജഡേജയെ കുഴക്കി ലെങ്ത് ബൗളുകളുമായി നസീം വീണ്ടും വിസ്മയിപ്പിച്ചു. അടുത്ത മൂന്നു പന്തിലും ജഡേജയ്ക്ക് റണ്ണൊന്നും കണ്ടെത്താനായില്ല. എന്നാൽ, അഞ്ചാമത്തെ പന്തിൽ താരത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; അവസരം മുതലെടുത്ത് ജഡേജ പന്ത് ലോങ് ഓഫിലൂടെ ഗാലറിയിലേക്കും പറത്തി. ജഡേജയെ കബളിപ്പിച്ച ബൗൺസറിലൂടെ അവസാനപന്തിൽ നസീമിന്റെ തിരിച്ചുവരവും കണ്ടു. ഏറെ കഷ്ടപ്പെട്ട് എറിഞ്ഞ ആ ഓവറിൽ 11 റൺസ് മാത്രമാണ് താരം വഴങ്ങിയത്.

അവസാന ഓവറുകളിൽ ഹർദിക് പാണ്ഡ്യയുടെ ഹീറോയിസത്തിൽ ഇന്ത്യ വിജയം തട്ടിയെടുത്തപ്പോൾ കരഞ്ഞുകൊണ്ടാണ് ഗ്രൗണ്ടിൽനിന്ന് മടങ്ങിയത്. നാല് ഓവറിൽ വെറും 27 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് സുപ്രധാന ഇന്ത്യൻ വിക്കറ്റുകളും കീശയിലാക്കിയിരുന്നു താരം. ടെസ്റ്റ് അരങ്ങേറ്റത്തിതൽ ഹാട്രിക് നേട്ടമടക്കം അഞ്ചുവിക്കറ്റുമായി ചരിത്രമെഴുതിയിരുന്നു നസീം ഷാ.

Summary: Pakistan's young pacer Naseem Shah cries while walking back to dugout after India match

TAGS :

Next Story