Quantcast

ചഹലിനെ ഉപയോഗിക്കാൻ അറിയാത്ത പന്ത് ഒരു ക്യാപ്റ്റനാണോ?- സഞ്ജുവിന്റെ ടാക്ടിക്‌സ് എടുത്തുകാട്ടി സോഷ്യല്‍ മീഡിയ, വിമര്‍ശനം

ഐ.പി.എല്ലിൽ ചഹലിനെ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ഉപയോഗിച്ച രീതി ചൂണ്ടിക്കാട്ടിയാണ് പന്തിന്റെ വിവേകശൂന്യമായ തീരുമാനത്തെ പലരും വിമർശിക്കുന്നത്. കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിൽ സഞ്ജു ചഹലിനെ ഡെത്ത് ഓവറിൽ പന്ത് ഏൽപിച്ച് മത്സരം പിടിച്ചെടുത്തതായിരുന്നു കൂട്ടത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട നീക്കം

MediaOne Logo

Web Desk

  • Updated:

    2022-06-10 07:06:39.0

Published:

10 Jun 2022 6:56 AM GMT

ചഹലിനെ ഉപയോഗിക്കാൻ അറിയാത്ത പന്ത് ഒരു ക്യാപ്റ്റനാണോ?- സഞ്ജുവിന്റെ ടാക്ടിക്‌സ് എടുത്തുകാട്ടി സോഷ്യല്‍ മീഡിയ, വിമര്‍ശനം
X

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ കൂറ്റൻ സ്‌കോർ സ്വന്തമാക്കിയിട്ടും ഏഴു വിക്കറ്റിന്റെ നാണംകെട്ട തോൽവിയാണ് ഇന്ത്യ നേരിട്ടത്. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ കുപ്പായത്തിൽ ഋഷഭ് പന്തിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇത്. വലിയ സ്‌കോറിന്റെ ആത്മവിശ്വാസമുണ്ടായിട്ടും ബൗളിങ് പിഴവിൽ ടീം മത്സരം കൈവിട്ടു.

മത്സരശേഷം ഋഷഭ് പന്തിന്റെ ക്യാപ്റ്റൻസിയെക്കുറിച്ച് വ്യാപകമായ വിമർശനം ഉയരുകയാണ്. ബൗളർമാരെ ഉപയോഗിച്ചതിലും ഫീൽഡ് പ്ലേസ്‌മെന്റിലുമടക്കം പന്ത് കാണിച്ച പക്വതക്കുറവാണ് ടീമിന്റെ പരാജയത്തിന്റെ പ്രധാന കാരണമെന്നാണ് മുൻ താരങ്ങളും ക്രിക്കറ്റ് ആരാധകരെല്ലാം പങ്കുവയ്ക്കുന്നത്. ട്വിറ്ററിൽ RishabhPant, Pant ഹാഷ്ടാഗുകളും ട്രെൻഡാണിപ്പോൾ.

ചഹലിനെ ഉപയോഗിക്കാൻ അറിയില്ലേ?

ഇന്ത്യയുടെ സ്പിൻ കുന്തമുനയും വിക്കറ്റ് വേട്ടക്കാരനുമായ യുസ്‌വീന്ദ്ര ചഹലിനെ ക്വാട്ട തീർക്കാൻ അനുവദിക്കാത്തതാണ് ഏറ്റവും വലിയ പിഴവായി എല്ലാവരും എടുത്തുകാണിക്കുന്നത്. റസി വാൻ ഡെർ ഡസ്സനും ഡേവിഡ് മില്ലറും ചേർന്ന് അനാസായം കൈപ്പിടിയിലൊതുക്കിയ മത്സരത്തിൽ ചഹലിന് രണ്ട് ഓവർ മാത്രമാണ് അവസാന ഓവർ വരെ പന്ത് നൽകിയത്. ഒടുവിൽ, 20-ാമത്തെ ഓവറിൽ നാലു റൺസ് മാത്രം വേണ്ടിയിരുന്ന ഘട്ടത്തിലാണ് ചഹലിനെ മൂന്നാമത്തെ ഓവർ എറിയാൻ പന്ത് ഏൽപിക്കുന്നത്.

മധ്യ ഓവറുകളിൽ റണ്ണൊഴുക്ക് തടയാനും ആവശ്യഘട്ടങ്ങളിൽ പാർട്ണർഷിപ്പ് തകർക്കാനുമെല്ലാം മുൻ നായകന്മാരായ എം.എസ് ധോണിയും വിരാട് കോഹ്ലിയും സ്ഥിരം ആശ്രയിക്കുന്ന താരമാണ് ചഹൽ. എന്നാൽ, ഡസ്സനും മില്ലറും തമ്മിലുള്ള കൂട്ടുകെട്ട് തകർക്കാൻ ഇന്ത്യ കഷ്ടപ്പെടുമ്പോഴൊന്നും ചഹലിനെ പന്ത് ബൗൾ ഏൽപിച്ചില്ല എന്നതാണ് കൗതുകകരം. പകരം, ഈ മത്സരത്തിൽ തന്നെ പൊതിരെ തല്ലുവാങ്ങിയ പാർട്ട് ടൈം സ്പിൻ ഓപ്ഷനായ അക്‌സർ പട്ടേലിന് നാല് ഓവറും നൽകുകയും ചെയ്തു. ലെഫ്റ്റ് ഹാൻഡറായ അക്‌സറിനെ ഇടങ്കയ്യൻ ബാറ്ററായ മില്ലർക്ക് മുന്നിലേക്ക് ഇട്ടുകൊടുക്കുകയായിരുന്നു പന്ത്.

ദിവസങ്ങൾക്കുമുൻപ് സമാപിച്ച ഐ.പി.എല്ലിൽ ചഹലിനെ രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ഉപയോഗിച്ച രീതി ചൂണ്ടിക്കാട്ടിയാണ് പന്തിന്റെ വിവേകശൂന്യമായ തീരുമാനത്തെ പലരും വിമർശിക്കുന്നത്. ഐ.പി.എല്ലിൽ കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിൽ സമാനമായൊരു സാഹചര്യത്തിൽ സഞ്ജു ചഹലിനെ ഡെത്ത് ഓവറിൽ പന്ത് ഏൽപിച്ചതായിരുന്നു കൂട്ടത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു നീക്കം. 18-ാം ഓവറിൽ ഹാട്രിക് വിക്കറ്റ് കൊയ്ത ചഹൽ കളിയുടെ ഗതി തന്നെ അപ്പാടെ മാറ്റിമറിച്ച് രാജസ്ഥാന്റെ നാടകീയ വിജയത്തിന്റെ ശിൽപിയായി മാറുകയും ചെയ്തു. ഈ മത്സരം സൂചിപ്പിച്ചാണ് ക്രിക്കറ്റ് നിരീക്ഷകനായ ജോയ് ഭട്ടാചാര്യ പന്തിന്റെ ക്യാപ്റ്റൻസിയെ വിമർശിച്ചത്.

അക്‌സർ പട്ടേൽ നാല് ഓവറിൽ ഒരു വിക്കറ്റ് മാത്രം നേടി 40 റൺസ് വിട്ടുകൊടുത്തിരുന്നു. ചഹൽ 2.1 ഓവറിൽ വഴങ്ങിയത് 26 റൺസും.

പന്തിന് എവിടെ പിഴച്ചു?

ഇത്തരമൊരു മത്സരത്തിൽ ചഹലിനെപ്പോലുള്ള ഒരു ബൗളർ രണ്ട് ഓവർ മാത്രം എറിഞ്ഞുവെന്നത് അതിശയിപ്പിക്കുന്നതാണെന്നാണ് മുൻ ഇന്ത്യൻ താരവും ഇത്തവണ ഐ.പി.എൽ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകനുമായ ആശിഷ് നെഹ്‌റ പറഞ്ഞത്. ''റണ്ണൊഴുകുന്നത് അറിയാം. എന്നാൽ, അക്‌സർ പട്ടേൽ ഇടങ്കയ്യനായ മില്ലർക്കെതിരെ ബൗൾ ചെയ്യുന്നത് കണ്ടു. റണ്ണൊഴുക്ക് തടയാനാകാം അക്‌സറിനെ ഏൽപിച്ചതെന്ന് മനസിലാക്കാം. എന്നാൽ, മില്ലർ എല്ലാ ഓവറിലും സിക്‌സ് പറത്താൻ തുടങ്ങിയാൽ ചഹലിനെ വിളിക്കുകയല്ലാതെ മാർഗമുണ്ടായിരുന്നില്ല.'' -ക്രിക്ക് ബസിലെ മത്സര അവലോകനത്തിൽ നെഹ്‌റ ചൂണ്ടിക്കാട്ടി.

ചഹലിന്റെ ക്വാട്ട തീർക്കാത്തത് തോൽവിയുടെ പ്രധാന കാരണമാണെന്ന് മുൻ ഇന്ത്യൻ താരം സഹീർ ഖാനും അഭിപ്രായപ്പെട്ടു. ''മോശം ദിവസത്തിൽ പോലും ചഹൽ തിരിച്ചുവന്ന് കളി മാറ്റുന്നത് നമ്മൾ കണ്ടതാണ്. ക്യാച്ച് വിട്ടത് ഒരു കുറ്റമായി പറയാൻ പറ്റില്ല. കളിയിൽ അതൊക്കെ സംഭവിക്കുന്നതാണ്. എന്നാൽ, ആര് ബൗൾ ചെയ്യണം, ആര് ചെയ്യേണ്ട എന്നൊക്കെ തീരുമാനിക്കാനുള്ള അധികാരം ക്യാപ്റ്റന്റെ കൈയിലാണ്. അടുത്ത ബാറ്ററെ ക്രീസിലെത്തിക്കണമായിരുന്നു ആ ഘട്ടത്തിൽ ഇന്ത്യയ്ക്ക് ജയിക്കാൻ.''- സഹീർ ചൂണ്ടിക്കാട്ടി.

പന്ത് മത്സരം വിലയിരുത്തി ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും മുൻ ഇന്ത്യൻ പേസർ അഭിപ്രായപ്പെട്ടു. വ്യത്യസ്തമായ കാര്യങ്ങൾ പരീക്ഷിക്കുന്നതൊക്കെ നല്ലതു തന്നെയാണ്. തൊട്ടുമുൻപത്തെ ഓവറിൽ ആ കോലത്തൽ റൺസ് വഴങ്ങിയ ശേഷം അക്‌സറിന് നാലാം ഓവർ നൽകിയത് കണ്ടു. എന്നാൽ, ചഹലിന്റെ കഴിവ് അതിനും മുകളിലാണ്. റസി വാൻഡസ്സനും മില്ലറും തകർത്തടിക്കുമ്പോൾ ചഹലിന് പന്ത് കൊടുത്തിരുന്നെങ്കിൽ അയാൾ അവസരം സൃഷ്ടിക്കുമായിരുന്നു. ചഹൽ റൺസ് കൊടുത്താലും വിക്കറ്റെടുക്കുന്നത് നമ്മൾ കണ്ടതാണെന്നും സഹീർ ഖാൻ കൂട്ടിച്ചേർത്തു.

ഡി.ആർ.എസിനിടെ ഡെവിഡ് മില്ലറെ പ്രകോപിപ്പിക്കാൻ പന്ത് ശ്രമിച്ചതിനെ അപക്വതയായാണ് ജോയ് ഭട്ടാചാര്യ ചൂണ്ടിക്കാട്ടിയത്. ഒരു അന്താരാഷ്ട്ര സീനിയർ താരമാണ് ഡെവിഡ് മില്ലർ. അദ്ദേഹം ഇത്തരം നടപടികളിലൊന്നും പ്രകോപിതനാകാൻ പോകുല്ലെന്ന് എല്ലാവർക്കും അറിയുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രായം കുറഞ്ഞ നായകൻ

ടി20യിൽ ഇന്ത്യയെ നയിക്കുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരമാണ് 24കാരനായ ഋഷഭ് പന്ത്. സുരേഷ് റൈനയാണ് ഏറ്റവും പ്രായം കുറഞ്ഞ താരം. ധോണിയുടെ അഭാവത്തിൽ 23-ാം വയസിലായിരുന്നു റൈന ഇന്ത്യയെ നയിച്ചത്.

ഇതോടൊപ്പം ടി20യിൽ ഇന്ത്യയെ സ്വന്തം നാട്ടിൽ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും പന്ത് സ്വന്തമാക്കി. ഏകദിനത്തിൽ സച്ചിൻ ടെണ്ടുൽക്കറും(23 വയസ്), ടെസ്റ്റിൽ മൻസൂർ അലിഖാൻ പട്ടോടിയും(23) ആണ് മറ്റ് ഫോർമാറ്റുകളിൽ ഇന്ത്യയെ സ്വന്തം നാട്ടിൽ നയിച്ച പ്രായം കുറഞ്ഞ നായകന്മാർ.

Summary: Is Rishabh Pant a captaincy stuff? Ex-players and Social media question after India's loss against South Africa in first T20 match

TAGS :

Next Story