Quantcast

''എന്നോട് സംസാരിക്കാല്ലോ.. ലേ...''; എഴുതിത്തള്ളിയ മഞ്ജരേക്കറോട് 'ജഡേജയുടെ പ്രതികാരം'

2019 ലോകകപ്പ് സംഘത്തിൽ ജഡേജയെ ഉൾപ്പെടുത്തിയതിനെ ചോദ്യംചെയ്ത മഞ്ജരേക്കർ പിന്നീട് തൊട്ടതിനും പിടിച്ചതിനുമെല്ലാം താരത്തിനെതിരെ വിമർശനവുമായി രംഗത്തെത്താറുണ്ട്

MediaOne Logo

Web Desk

  • Published:

    29 Aug 2022 9:52 AM GMT

എന്നോട് സംസാരിക്കാല്ലോ.. ലേ...; എഴുതിത്തള്ളിയ മഞ്ജരേക്കറോട് ജഡേജയുടെ പ്രതികാരം
X

ദുബൈ: ഇന്ത്യയുടെ സൂപ്പർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയോട് മുൻ ദേശീയതാരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ക്കുള്ള കലിപ്പ് ക്രിക്കറ്റ് ലോകത്ത് ഏറെ പ്രശസ്തമാണ്. 2019 ലോകകപ്പ് സംഘത്തിൽ ജഡേജയുടെ സ്ഥാനം ചോദ്യംചെയ്ത മഞ്ജരേക്കറുടെ ട്വീറ്റായിരുന്നു എല്ലാത്തിനും തുടക്കം. പിന്നീട് തൊട്ടതിനും പിടിച്ചതിനുമെല്ലാം താരത്തിനെതിരെ വിമർശനവുമായി മഞ്ജരേക്കർ രംഗത്തെത്താറുണ്ട്. എന്നാൽ, ഇന്നലെ ദുബൈയിൽ പാകിസ്താനെതിരെ നടന്ന ഏഷ്യാ കപ്പ് പോരാട്ടത്തിനുശേഷം ഇരുവരും നേരിൽ കണ്ടു. പോസ്റ്റ് മാച്ച് പ്രസന്റേഷനിൽ ഇരുവരും തമ്മിൽ നടന്ന സംഭാഷണം ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

പ്രസന്റേഷനിൽ ജഡേജയുമായുള്ള സംഭാഷണം മഞ്ജരേക്കർ തുടങ്ങിയത് ഇങ്ങനെയായിരുന്നു; ''രവീന്ദ്ര ജഡേജയാണ് എനിക്കൊപ്പമുള്ളത്. ആദ്യം ചോദിക്കാനുള്ളത്, ജദ്ദൂ, എന്നോട് സംസാരിക്കാൻ ബുദ്ധിമുട്ടൊന്നുമില്ലല്ലോ?'' ചിരിച്ചുകൊണ്ടായിരുന്നു ജഡേജയുടെ മറുപടി: ''തീർച്ചയായും. എനിക്കൊരു പ്രശ്‌നവുമില്ല.'' തുടർന്ന് മത്സരത്തിൽ ജഡേജയുടെ നിർണായക ഇന്നിങ്‌സിനെ കുറിച്ചും ഇരുവരും സംസാരം തുടർന്നു.

''അവസാനവരെ കളിക്കാനായിരുന്നു തീരുമാനം. അവരുടേത് മികച്ച ബൗളിങ് ആക്രമണമായിരുന്നു. അവരുടെ ഫാസ്റ്റ് ബൗളർമാർ ഒന്നും വിട്ടുതന്നിരുന്നില്ല. എനിക്ക് കളി ജയിപ്പിക്കാമായിരുന്നു. എന്നാൽ, ഹർദിക് മനോഹരമായി കള ിച്ചു. എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് ഹർദിക്കിന് നല്ല ധാരണയുണ്ടായിരുന്നു. സ്വന്തം ഷോട്ടുകൾ കളിക്കാൻ പോകുന്ന കാര്യവും അദ്ദേഹം പറഞ്ഞു.''-ജഡേജ തുടർന്നു.

2019 ലോകകപ്പ് സംഘത്തിൽ ജഡേജ ഉൾപ്പെട്ടതിലായിരുന്നു മഞ്ജരക്കേർ ആദ്യമായി പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. ജഡേജ വെറും പൊട്ടും പൊടിയും മാത്രമാണെന്നും താരത്തെ ടീമിൽ ഉൾപ്പെടുത്തിയത് ശരിയായില്ലെന്നുമായിരുന്നു മഞ്ജരേക്കർ ട്വിറ്ററിൽ കുറിച്ചത്. ഇതിനോട് ജഡേജ തന്നെ നേരിട്ട് പ്രതികരിച്ചു. താങ്കൾ കളിച്ചതിന്റെ ഇരട്ടി മത്സരം താൻ കളിച്ചിട്ടുണ്ടെന്നും താനിപ്പോഴും കളി തുടരുകയാണെന്നുമായിരുന്നു ജഡേജയുടെ മറുപടി. നേട്ടങ്ങളുണ്ടാക്കിയ മനുഷ്യരെ ആദരിക്കാൻ പഠിക്കണമെന്നും താരം ഉപദേശിച്ചു. ഇതിനുശേഷവും ജഡേജയ്‌ക്കെതിരെ കമന്ററിയിലടക്കം മഞ്ജരേക്കർ വിമർശനങ്ങൾ നടത്താറുണ്ട്.

ഇന്നലെ പാകിസ്താൻ ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യയെ വിജയതീരത്തെത്തിച്ചതിൽ ജഡേജയുടെ ഇന്നിങ്‌സ് നിർണായകമായിരുന്നു. ഓപണർമാരായ കെ.എൽ രാഹുലും രോഹിത് ശർമയും വേഗത്തിൽ പുറത്തായപ്പോൾ സാധാരണ സ്ഥാനത്തുനിന്നു മാറി നാലാമനായാണ് ജഡേജ ഇറങ്ങിയത്. തുടർന്ന് മികച്ച ഫോമിൽ കളിച്ച വിരാട് കോഹ്ലിക്കൊപ്പം താരം ടീമിനെ വിജയതീരത്തേക്ക് നയിച്ചു. ഒടുവിൽ 29 പന്തിൽ 35 റൺസെടുത്ത് അവസാന ഓവറിലാണ് ജഡേജ പുറത്താകുന്നത്. മത്സരത്തിൽ കോഹ്ലിക്കൊപ്പം ഇന്ത്യയുടെ ടോപ്‌സ്‌കോററുമായി താരം.

Summary: "You are okay to talk to me right?": Sanjay Manjrekar to Ravindra Jadeja after India-Pakistan match in Asia Cup 2022

TAGS :

Next Story